കെ കെ ജയേഷ്

കോഴിക്കോട്

June 14, 2021, 9:23 pm

സ‍ഞ്ചാരി വിജയ്: സിനിമയും നാടകവും ജീവവായുവായ അഭിനേതാവ്

Janayugom Online

നാടകവേദിയിൽ വെച്ചാണ് വിജയകുമാർ ബി എന്ന സഞ്ചാരി വിജയ്‌യെ ബി എസ് ലിംഗ ദേവരു എന്ന സംവിധായകൻ ആദ്യമായി കാണുന്നത്. ട്രാൻസ്ജെന്‍ഡറുകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നടിയും സംവിധായികയുമായ ലിവിങ്ങ് സ്മൈൽ വിദ്യയുടെ ആത്മകഥയായ ഐ ആം വിദ്യ എന്ന പുസ്തകത്തെ ആസ്പദമാക്കി സിനിമയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിംഗ ദേവരു. നാടകത്തിലെ സ്ത്രീ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടനെ സംവിധായകൻ തന്റെ സിനിമയിലേക്ക് ക്ഷണിച്ചു. അതായിരുന്നു സഞ്ചാരി വിജയ് എന്ന നടന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

നേരത്തെ രാമ രാമ രഘുരാമ ഉൾപ്പെടെ ചില ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ലിംഗ ദേവരുവിന്റെ നാനു അവനല്ല അവളു എന്ന ചിത്രമാണ് സഞ്ചാരി വിജയിയെ കന്നഡ സിനിമാ ലോകത്ത് അടയാളപ്പെടുത്തുന്നത്. വിദ്യയായി മാറുന്ന മാതേശയെ അതിഗംഭീരമായി പകർന്നാടിയ സഞ്ചാരി വിജയിയെ കന്നഡ സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റി. തട്ടുപൊളിപ്പൻ ചിത്രങ്ങളും അതിമാനുഷരായ കഥാപാത്രങ്ങളും നിറഞ്ഞ കന്നഡ സിനിമയിൽ വേറിട്ട കാഴ്ചയായിരുന്നു നാനു അവനല്ല അവളു. ട്രാൻസ്ജെന്‍ഡേഴ്സിന്റെ ജീവിതവും അവർ നേരിടുന്ന വെല്ലുവിളികളുമെല്ലാം ചിത്രം സത്യസന്ധമായി പകർത്തി. നൂറ്റി അമ്പതോളം ട്രാൻസ്ജെന്‍ഡറുകള്‍ അഭിനയിച്ച ചിത്രത്തിൽ പതിവ് വേഷം കെട്ടലുകൾക്കപ്പുറത്ത് ട്രാൻസ്ജെന്‍ഡറായി സഞ്ചാരി വിജയ് ജീവിക്കുക തന്നെയായിരുന്നു. ഈ ചിത്രത്തിലൂടെ തന്റെ ഇരുപത്തേഴാം വയസിൽ സഞ്ചാരി വിജയ് ദേശീയ പുരസ്ക്കാരവും സ്വന്തമാക്കി.

ബംഗളുരുവിലെ പ്രധാന നാടക സംഘമായ സഞ്ചാരി തിയേറ്റേഴ്സിന്റെ പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ദേശീയ പുരസ്കാരം നേടിയെങ്കിലും കച്ചവട സിനിമകളുടെ കേന്ദ്രമായ കന്നഡ സിനിമാ ലോകത്ത് അദ്ദേഹം തിരക്കുള്ള നടനായി മാറിയില്ല. കന്നഡയിൽ വേണ്ടത്ര പരിഗണന കിട്ടാത്തത് അദ്ദേഹത്തെ വല്ലാതെ നിരാശനാക്കിയിരുന്നു. വീരപ്പന്റെ ജീവിതത്തെ ആസ്പദമാക്കി രാം ഗോപാൽ വർമ്മ ഒരുക്കിയ കില്ലിങ്ങ് വീരപ്പൻ, ശിപായി, വർത്തമാന, കൃഷ്ണ തുളസി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയെ വല്ലാതെ സ്നേഹിക്കുകയും മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കുകയും ചെയ്ത നടനായിരുന്നു സഞ്ചാരി വിജയ്. വാണിജ്യ സിനിമകൾക്കൊപ്പം കലാമൂല്യമുള്ള സിനിമകളും പുറത്തിറങ്ങുന്നത് മലയാളത്തിലാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

Sum­ma­ry: An arti­cle about Actor San­chari Vijay
You May like this video also