ഡി രാജ

July 10, 2021, 4:56 am

ഭരണകൂട അതിക്രമങ്ങൾക്കെതിരെ പോരാടുക

Janayugom Online

ഫാദർ സ്റ്റാൻ സ്വാമിയെന്ന എൺപത്തിനാലുകാരനായ ജെസ്യൂട്ട് പുരോഹിതൻ ഭരണകൂട ഭീകരതയുടെ ഇരയായി നമ്മെ വിട്ടുപിരിഞ്ഞു. നമ്മുടെ രാജ്യത്ത് നിലനില്ക്കുന്ന കോർപ്പറേറ്റ് — ഫാസിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ അനന്തരഫലമായിരുന്നു അദ്ദേഹത്തിന്റെ മരണം. രാജ്യത്ത്, പ്രത്യേകിച്ച് ഝാർഖണ്ഡിൽ ആദിവാസികളുടെ മൗലികാവകാശങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവച്ച ഫാദർ സ്റ്റാൻ സ്വാമിയെ ദേശവിരുദ്ധനെന്ന് മുദ്രകുത്തിയാണ് ഏട്ടുമാസക്കാലം വിചാരണ പോലുമില്ലാതെ തടവിലാക്കിയത്. സർക്കാരുകളും കോർപ്പറേറ്റുകളും ചേർന്ന് ഭൂമിയും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്നതിനെതിരെ ഉച്ചത്തിൽ ശബ്ദിച്ച പോരാളിയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് ജനിച്ചതെങ്കിലും ഝാർഖണ്ഡിനെയാണ് അദ്ദേഹം ഭവനമായി തിര‍ഞ്ഞെടുത്തത്. ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിനും അന്തസിനും വേണ്ടി നിലകൊണ്ട അദ്ദേഹത്തിന്റെ ആ സമൂഹവുമായുള്ള ബന്ധം സത്യസന്ധതയും അർപ്പണമനോഭാവവും കൊണ്ടാണ് അടയാളപ്പെടുത്തിയത്.

‘ഇത് സാധാരണ മരണമല്ല, സൗമ്യനായൊരു മനുഷ്യന്റെ ഭരണകൂടകൊലപാതകമാണ്. മനുഷ്യത്വ രഹിതമായ ഭരണകൂടമാണ് ഇത് ചെയ്തത്. ജീവിതം മുഴുവൻ ഝാർഖണ്ഡിലെ ആദിവാസികൾക്കും അവരുടെ ജീവിതത്തിനും വേണ്ടി ചെലവഴിച്ച സ്റ്റാൻസ്വാമിയുടെ മരണം ഈ നിലയിൽ ആകേണ്ടതായിരുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ പ്രസ്താവനയിൽ പറയുന്നത്.

ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണാന്ത്യം രാജ്യമാകെയും ലോകവ്യാപകമായും ദുഃഖവും രോഷവും സൃഷ്ടിച്ചു. ഭരണകൂട കൊലപാതകങ്ങളെയും കസ്റ്റഡി മരണങ്ങളെയും സംബന്ധിച്ച ചർച്ചകൾക്ക് അത് വീണ്ടും വഴിയൊരുക്കുകയും ചെയ്തു.

1945 ൽ 50 രാഷ്ട്ര ഭരണകൂടങ്ങൾ കൂടുതൽ സമാധാനപരവും ഉൾച്ചേർക്കപ്പെടുന്നതും സമത്വപൂർണവുമായ ലോകക്രമം കെട്ടിപ്പടുക്കുമെന്ന ഐക്യരാഷ്ട്രസഭാപ്രമാണത്തിൽ ഒപ്പുവച്ചിരുന്നു. ഏഴു പതിറ്റാണ്ടിനിപ്പുറം ഒരു ജനാധിപത്യ ലോകക്രമത്തെ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും ചൂഷണമോ വിവേചനമോ ഇല്ലാതെ വ്യക്തികൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് ഉയരാൻ സാധിക്കുന്നൊരു ലോകക്രമം സൃഷ്ടിക്കുകയെന്നത് ഇപ്പോഴും വിദൂരത്താണ്.

ഒരു വ്യക്തിയിൽ ബോധപൂർവം, മാനസികമോ ശാരീരികമോ ആയ വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന ഏത് പ്രവൃത്തിയും പീഡനമാണെന്ന് ഐക്യരാഷ്ട്രസഭാ പ്രമാണത്തിൽ പറയുന്നുണ്ട്. അതിനായി അവനിൽ നിന്നോ മറ്റൊരു വ്യക്തിയിൽ നിന്നോ വിവരങ്ങളായോ കുറ്റസമ്മതമായോ നേടുക, അവനോ മറ്റൊരാളോ ചെയ്തതോ ചെയ്തുവെന്ന് സംശയിക്കുന്നതോ ആയ പ്രവൃത്തിക്ക് ശിക്ഷിക്കുകയോ അവനെ അല്ലെങ്കിൽ മറ്റൊരു വ്യക്തിയെ ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള വിവേചനത്തിന്റെ അടിസ്ഥാനത്തിലോ ഇത്തരത്തിൽ വേദനയോ കഷ്ടപ്പാടോ ഉണ്ടാകുന്നതിന് ഒരു ഉദ്യോഗസ്ഥനോ ഔദ്യോഗിക പദവി ഉപയോഗിക്കുന്ന ഒരാളോ ശ്രമിക്കുന്നതും പീഡനത്തിന്റെ ഗണത്തിൽപ്പെടുമെന്ന് പ്രസ്തുത പ്രമാണത്തിൽ വ്യക്തമാക്കുന്നുണ്ട്. നിയമപരമായ ഉപരോധങ്ങളുടെ ഫലമായി സ്വാഭാവികമായോ യാദൃച്ഛികമായോ ഉണ്ടാകുന്നവ ഇതിൽ ഉൾപ്പെടില്ലെന്നും പറയുന്നു. കൂടുതൽ വിപുലീകരണം ആവശ്യമുള്ളതും മറ്റ് രീതിയിലുള്ള ദ്രോഹപ്രവൃത്തികളെ കണക്കിലെടുക്കേണ്ടതും ഭരണകൂട പിന്തുണയോടെ നടക്കുന്ന പീഡനങ്ങൾ പൂർണമായി അവസാനിപ്പിക്കണമെന്ന ആവശ്യം വ്യക്തമാക്കുന്ന അടിസ്ഥാനപരമായ നിർചവനം മാത്രമാണിത്. 1987 ജൂൺ 26 ലെ ജനറൽ അസംബ്ലി അംഗീകരിച്ച 1984 ഡിസംബർ പത്തിന്റെ ഐക്യരാഷ്ട്രസഭ പ്രമേയം സ്ഥിരീകരിക്കാതെ വീഴ്ച വരുത്തുന്നത് ഇന്ത്യ തുടരുകയാണ്. ഇന്ത്യ ഒപ്പിട്ടുവെങ്കിലും ആഭ്യന്തര നിയമമായ ഇന്ത്യൻ ശിക്ഷാനിയമം പ്രയോഗിച്ചുള്ള പീഡനങ്ങൾക്ക് അവസാനമുണ്ടാക്കുന്നിലെന്ന് മാത്രമല്ല ദേശദ്രോഹക്കുറ്റം പ്രയോഗിക്കുകയും ചെയ്യുന്നു. പീഡനമെന്നത് മനുഷ്യവംശത്തിന്റെ മഹാവിപത്താണ്. ഇത് ഒരു സമൂഹമെന്ന അവസ്ഥയെ തരംതാഴ്ത്തുകയും സാംസ്കാരികമായ നേട്ടങ്ങൾക്ക് നാണക്കേടുണ്ടാക്കുകയും ചെയ്യുന്നു.

ചില പ്രദേശങ്ങളിൽ അടിസ്ഥാന മര്യാദകളും സഹജീവികളോടുള്ള സ്നേഹ ബഹുമാനങ്ങളും അഗാധമാണെങ്കിലും ലോകമെമ്പാടും മനുഷ്യാവകാശ നിഷേധം നടക്കുന്നുണ്ട്. നമ്മുടെ റിപ്പബ്ലിക്കിന് അതിൽനിന്നൊക്കെ കൂടുതൽ മനസിലാക്കുവാനും തിരുത്താനുമുണ്ട്. വിവരങ്ങൾ നേടാനോ കുറ്റസമ്മതം നടത്തിക്കുന്നതിനോ ആയാണ് പീഡനമാർഗങ്ങൾ ഉപയോഗിക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങളെ കുറിച്ച് ധാരണയുള്ളവരായിരിക്കണമെങ്കിലും നമ്മുടെ പൊലീസ് സംവിധാനങ്ങൾ അങ്ങനെയല്ല പലപ്പോഴും പ്രവർത്തിക്കുന്നത്. സഹജീവികളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും കൂടുതൽ ഉത്തരവാദിത്തമുണ്ടാവുകയും അധികാരത്തിന്റെ അമിത പ്രയോഗത്തെകുറിച്ച് പരിശോധന നടത്തുകയും ചെയ്യുന്നത് നമ്മുടെ നിയമ — നീതിപാലന സംവിധാനങ്ങളെ കൂടുതൽ സുതാര്യമാക്കും.

അതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച ഇന്ത്യയുടെ കണക്കുകൾ മതിപ്പുളവാക്കുന്നവയല്ല. പീഡനത്തിനെതിരായ ദേശീയ ക്യാമ്പയിന്റെ 2019ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഓരോ ദിവസവും അതിക്രമങ്ങളെ തുടർന്ന് അഞ്ചുപേർ — അവരിൽ ചിലരെങ്കിലും പൊലീസ് കസ്റ്റഡിയിൽ — മരിക്കുന്നു. ആ വർഷം 1606 കസ്റ്റഡി മരണങ്ങൾ ഉണ്ടായതിൽ 117 പൊലീസ് കസ്റ്റഡിയിലായിരുന്നു. 2005 മുതൽ 2018 വരെയുള്ള കാലയളവിൽ 500 കസ്റ്റഡി മരണങ്ങൾ നടന്നിട്ടും അതിന്റെ പേരിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല. 2019ൽ ദേശീയ മനുഷ്യാവകാശകമ്മിഷന്റെ കണക്കുപ്രകാരം 1,723 കസ്റ്റഡി മരണങ്ങൾ നടന്നുവെന്ന് പ്രസ്തുത റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലെ മരണങ്ങളിൽ കൂടുതലും പ്രാഥമികമായി പീഡനത്തെതുടർന്നാണ് സംഭവിക്കുന്നതെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. പ്രാകൃതമായ രീതികളാണ് പീഡിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. അടിക്കുക, ബൂട്ടുകൊണ്ട്ചവിട്ടുക, പ്രാകൃതമായ രീതിയിൽ ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ ക്ഷതമേല്പിക്കുക, ബലാത്ക്കാരം ചെയ്യുക എന്നിവ പോലുമുണ്ടാകുന്നു. ഈ കണക്കുകളിലെ ഇരകളിൽ കൂടുതലും ദരിദ്ര പാശ്ചാത്തലത്തിൽനിന്ന് വരുന്നവരോ പിന്നാക്ക — ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവരോ ആണെന്നുള്ളത് ഇന്ത്യൻ സമൂഹത്തിൽ നിലനില്ക്കുന്ന അസമത്വത്തിന്റെ പ്രകടമായ തെളിവ് കൂടിയാകുന്നുണ്ട്.

ഇത്തരം പീഡനങ്ങൾ ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും അപഹസിക്കുകയും നീതിപാലനം വിദൂരസാധ്യതയാക്കുകയും ചെയ്യുന്നു. രാജ്യത്ത് ബിജെപി — ആർഎസ്എസ് കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ വലതുപക്ഷ — ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഭീമകൊറെഗാവ് ഗൂഢാലോചന കേസിൽ തടവിലാക്കപ്പെട്ടവരും യുഎപിഎ, രാജ്യദ്രോഹ നിയമങ്ങൾ എന്നിവ പതിവായി പ്രയോഗിക്കുന്നതും വിചാരണ തടവുകാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കലും അധികാരത്തിലുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമൊക്കെ പൊരുതി നേടിയ നമ്മുടെ ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന ശക്തമായ ഓർമ്മപ്പെടുത്തലുകളാണ്. തടവുകാരോട് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനയും മോശം പെരുമാറ്റവും പീഡനത്തിൽകുറഞ്ഞ ഒന്നുമല്ല, അതിനെ നാം ഒറ്റക്കെട്ടായി എതിർക്കുകയും വേണം. പീഡനം, രാജ്യദ്രോഹം, മുദ്രകുത്തൽ തുടങ്ങിയ രീതികൾ ജനാധിപത്യത്തിന് യോജിച്ചതല്ല. അപരിഷ്കൃതമായ ഇത്തരം രീതികൾക്കെതിരെ പ്രചരണം നടത്തുകയും ഇല്ലാതാക്കുന്നതിന് ആകാവുന്ന എല്ലാ ശ്രമങ്ങളും ഉണ്ടാവണം.

പീഡനത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ ജമ്മു കശ്മീരിൽ ഉണ്ടായതുപോലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് രാജ്യത്തെ പൗരന്മാരെന്ന നിലയിൽ അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതുപോലുള്ള ആസൂത്രിതമായ നിർദേശങ്ങളും പീഡനങ്ങളായിതന്നെ പരിഗണിക്കണം. അതുപോലെ, പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ, ന്യൂനപക്ഷങ്ങൾ, ഗോത്രവർഗക്കാർ, സ്ത്രീകൾ എന്നിവരും പൗരോഹിത്യ ഘടന നിലനില്ക്കുന്ന നമ്മുടെ സമൂഹത്തിൽ വിവിധ രൂപത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. നിയമപരമായ നിർവചനത്തിന് അതീതമായി കാണപ്പെടുന്ന ഇത്തരം പീഡനരീതികൾക്കെതിരെയും നാം ശബ്ദമുയർത്തണം. പൊലീസ്, ജയിൽ, നീതിന്യായ രംഗങ്ങളിലെ പരിഷ്കാരങ്ങൾക്കായുള്ള ക്യാമ്പയിനുകൾ ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ജുഡീഷ്യറിയില്‍ മതിയായ സാമൂഹ്യ പങ്കാളിത്തവും അധികാരത്തിലിരിക്കുന്നവരുടെ സമ്മർദങ്ങൾക്ക് വഴങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം.