Friday
22 Feb 2019

മോഡിയുടെ ഇന്ത്യ ഇപ്പോള്‍ ‘തിളങ്ങി’ തുടങ്ങിയതിനുള്ള കാരണങ്ങള്‍

By: Web Desk | Monday 5 February 2018 10:21 PM IST

അബ്ദുള്‍ ഗഫൂര്‍

രാജ്യം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും സാമൂഹ്യ ദുരന്തങ്ങളും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അടുത്തനാള്‍വരെ. പ്രധാനമന്ത്രി നരേന്ദ്രമോഡി മഹാമൗനം പാലിച്ചുവെങ്കിലും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ധനകാര്യ വകുപ്പ് വിദഗ്ധരുമെല്ലാം അക്കാര്യം ഒടുവിലെങ്കിലും സമ്മതിക്കുകയും ചെയ്തിരുന്നു. ബിജെപി ഉള്‍പ്പെടെ സംഘപരിവാറിനകത്തുനിന്നും എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്നും നേതാക്കളും പാര്‍ട്ടികളും ഇക്കാര്യം പരസ്യമായി തന്നെ പറയുകയും ചെയ്തിരുന്നു. സമീപകാലത്തുവന്ന ഭൂരിപക്ഷം റിപ്പോര്‍ട്ടുകളിലും സൂചികകളിലും ഇന്ത്യ പിറകിലാണെന്നും ഇന്ത്യ തളരുകയാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. നോട്ടുനിരോധനവും ജിഎസ്ടിയും വര്‍ഗീയ സംഘര്‍ഷങ്ങളും സാമുദായിക കലാപങ്ങളും ലോകത്തിനുമുന്നില്‍ പോലും വിവിധ സൂചികകളില്‍ ഇന്ത്യയെ പിറകില്‍ നിന്ന് പിറകിലേയ്ക്ക് നീക്കി. അതിനിടയില്‍ വ്യാജമായ സ്ഥിതിവിവരങ്ങളുമായി ഈസ് ഓഫ് ഡൂയിങ് ബിസിനസ് (വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അനുയോജ്യമായ പ്രദേശം) സൂചികയിലെ മുന്നേറ്റമാണ് മോഡിക്ക് കൊട്ടിഘോഷിക്കാനുണ്ടായിരുന്നത്.
എന്നാല്‍ വളരെ പെട്ടെന്ന് ഇന്ത്യ തിളങ്ങി തുടങ്ങിയിരിക്കുന്നു. ഇന്ത്യ കുതിക്കുന്നുവെന്നും വളരുന്നുവെന്നും ലോകം ആകാംക്ഷയോടെ രാജ്യത്തെ നോക്കുന്നുവെന്നുമൊക്കെയുള്ള പ്രചരണങ്ങള്‍ പെട്ടെന്ന് പൊട്ടിമുളച്ചിരിക്കുന്നു. ലോക്‌സഭയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗം, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്, ഒടുവില്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എന്നിവയും അതുവച്ച്‌കൊണ്ട് ബിജെപി നേതാക്കളും ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച് വാചാലരായി തുടങ്ങിയിരിക്കുന്നു.
ഇന്ത്യയില്‍ ബിജെപി നേതൃത്വത്തിലുണ്ടായ രണ്ട് എന്‍ഡിഎ സര്‍ക്കാരുകളുടെയും സാമ്പത്തിക നയങ്ങള്‍ക്ക് പ്രകടമായ സമാനതകളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവ രണ്ടും കാര്‍ഷിക മേഖലയുടെയും ഗ്രാമീണ മേഖലയുടെയും തകര്‍ച്ചയെ അവഗണിച്ചുവെന്നതാണ്. ഫെബ്രുവരി ഒന്നിനാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. അതില്‍ കാര്‍ഷിക – ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ നിന്നുതന്നെ രാജ്യത്തിന്റെ കാര്‍ഷിക ഗ്രാമീണ മേഖലയുടെ സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട്, ഇനിയൊരു സമ്പൂര്‍ണ ബജറ്റിന് അവസരമില്ലെന്ന് മനസിലാക്കി തെരഞ്ഞെടുപ്പ് പ്രസംഗത്തിന് സമാനമായ ബജറ്റ് പ്രസംഗമാണ് അദ്ദേഹം നടത്തിയത്. നാലുവര്‍ഷം കൊണ്ടുണ്ടാക്കിയെന്ന് പറയപ്പെടുന്ന നേട്ടങ്ങളും കുതിപ്പുകളും വിശദീകരിക്കാനും തുക വകയിരുത്താതെ വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാനുമാണ് ജെയ്റ്റ്‌ലി തയ്യാറായത്.
ബജറ്റിന് മുന്നോടിയായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തപ്പോള്‍ സര്‍ക്കാരിന്റെ വ്യത്യസ്ത നയങ്ങളുടെ കണക്കെടുപ്പിലാണ് ഊന്നിയത്. ജെയ്റ്റ്‌ലി നടത്തിയ ബജറ്റ് പ്രസംഗവും രാഷ്ട്രപതിയുടെ പ്രസംഗവും നരേന്ദ്രമോഡി സര്‍ക്കാര്‍ ഈ കാലയളവിലെ അതിന്റെ അവസാന വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ഇന്ത്യ തിളങ്ങുന്നുവെന്ന കപടധാരണ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സാമ്പത്തിക ജനാധിപത്യത്തിലൂടെ എല്ലാവരുടെയും വികസനത്തിന് വഴിയൊരുക്കിയെന്ന സന്ദേശമാണ് രാഷ്ട്രപതി കൈമാറാന്‍ ശ്രമിച്ചത്. പ്രത്യേകിച്ച് രാജ്യത്ത് അസമത്വം കുറച്ചുകൊണ്ടുവരുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചുവെന്ന് പറഞ്ഞുവയ്ക്കാനും അദ്ദേഹം തുനിഞ്ഞു. സമീപദിവസങ്ങളില്‍ പുറത്തുവന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ആഗോളതലത്തില്‍ അതിസമ്പന്നരുടെ ആസ്തി അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നായിരുന്നു ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2017 ലെ കണക്കുകളനുസരിച്ച് ഇന്ത്യയിലെ 73 ശതമാനം ആസ്തികളും ഒരു ശതമാനത്തിന്റെ കൈവശമാണെന്ന് പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 59, 66 ശതമാനമായിരുന്നുവെന്നോര്‍ക്കണം. അവിടെ നിന്നാണ് മോഡി സര്‍ക്കാരിന്റെ നാലാം വര്‍ഷം ഒരു ശതമാനത്തിന്റെ കയ്യിലുള്ള സമ്പത്തില്‍ വീണ്ടും ഏഴ് ശതമാനത്തിന്റെ വര്‍ധനയുണ്ടായത്. മൂന്ന് വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ വര്‍ധന 14 ശതമാനമാണ്. ഇതേ കാലയളവില്‍ രാജ്യത്തെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ആസ്തിയില്‍ എത്ര വര്‍ധനയുണ്ടായെന്നത് രാംനാഥ് കോവിന്ദ് തന്റെ പ്രസംഗത്തില്‍ ഒഴിവാക്കിയത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ.
രാജ്യത്തെ അസമത്വം കുറഞ്ഞുവെന്നതിന് രാഷ്ട്രപതി ഉദാഹരിച്ചത് മോഡി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തെയാണ്. ആവിഷ്‌കരിച്ച് മൂന്ന് വര്‍ഷമാകുമ്പോഴേയ്ക്കും 31 കോടി പുതിയ അക്കൗണ്ടുകള്‍ തുടങ്ങിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അത് വാസ്തവവുമായിരിക്കും. എന്നാല്‍ പ്രസ്തുത അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട തുകയും അക്കൗണ്ടുകളുടെ എണ്ണവും തമ്മിലുള്ള താരതമ്യം നടത്തുമ്പോഴാണ് സാധാരണക്കാരുടെ സാമ്പത്തിക നില ഉയര്‍ന്നുവെന്ന അവകാശവാദത്തിന്റെ വൈരുദ്ധ്യവും പൊള്ളത്തരവും ബോധ്യമാകുക. 31 കോടി അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടത് 65,000 കോടി രൂപയാണ്. അതിനര്‍ഥം ഒരു അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട ശരാശരി തുക രണ്ടായിരത്തി ഒരുനൂറോളം രൂപ മാത്രമാണെന്നാണ്. സാധാരണക്കാരന്റെ നിക്ഷേപം കേവലം 2100 രൂപയില്‍ നില്‍ക്കുകയും അതിസമ്പന്നരുടെ ആസ്തി മൂന്ന് വര്‍ഷം കൊണ്ട് 14 ശതമാനം (അത് ബഹുകോടികളിലെ വര്‍ധനയാണെന്നോര്‍ക്കണം) വര്‍ധിക്കുകയും ചെയ്തതിനെ താരതമ്യം ചെയ്തുകൊണ്ട് ഇന്ത്യയുടെ അസമത്വം കുറയ്ക്കാനായെന്ന് സ്ഥാപിക്കാന്‍ രാഷ്ട്രപതി ശ്രമിച്ചത് സത്യസന്ധമാണോയെന്നാണ് ചിന്തിക്കേണ്ടത്.
രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിന് ശേഷമാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടത്. അസമത്വം ഇല്ലാതായെന്ന രാഷ്ട്രപതിയുടെ പരാമര്‍ശവുമായി യോജിക്കാത്ത കണക്കുകളാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കാര്‍ഷിക മേഖല സ്തംഭിച്ചുവെന്നും കര്‍ഷകരുടെ വരുമാനം ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്. എന്നുമാതമല്ല ആഭ്യന്തര വളര്‍ച്ച ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അടുത്തവര്‍ഷം വളര്‍ച്ച മുന്നേറുമെന്ന പ്രതീക്ഷ മുന്നോട്ടുവയ്ക്കുകയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ഷിക മേഖല സ്തംഭിച്ചുവെന്നതും വരുമാനം ഇടിഞ്ഞുവെന്നതും സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായി എന്നതിന്റെ തെളിവാണ്. ഈയൊരു പശ്ചാത്തലത്തില്‍ എങ്ങനെയാണ് അസമത്വം ഇല്ലാതായെന്ന രാഷ്ട്രപതിയുടെ പ്രസംഗം വസ്തുതാപരമാകുന്നതെന്ന ചോദ്യമുദിക്കുന്നു. ഗ്രാമീണ വരുമാനത്തില്‍ വിപരീതവളര്‍ച്ചയാണുണ്ടായതെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രാമീണ വരുമാനത്തിലും കാര്‍ഷിക വരുമാനത്തിലും ഭീമമായ ഇടിവുണ്ടാകുകയും വളര്‍ച്ച കുറയുകയും ചെയ്യുമ്പോള്‍ അസമത്വം എങ്ങനെയാണ് കുറയുന്നതെന്ന് വിശദീകരിക്കാന്‍ പുതിയ സാമ്പത്തിക സൂത്രവാക്യങ്ങള്‍ കണ്ടെത്തേണ്ടിവരും.
തൊഴിലില്ലായ്മയെ സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വലുതാണ്. ഏഴ് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ ഒരു കണക്കുമായും പൊരുത്തപ്പെടുന്നതല്ല ഇത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിനു ശേഷം ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ എണ്ണം (കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലായി) ഒക്‌ടോബര്‍ വരെയുള്ള കണക്കനുസരിച്ച് കേവലം മൂന്നര ലക്ഷം മാത്രമാണ്. 2017 മാര്‍ച്ച് അവസാനം വരെ ആകെ പദ്ധതിയില്‍ ചേര്‍ന്നവരുടെ എണ്ണമാകട്ടെ 51.21 ലക്ഷവും. ഇഎസ്‌ഐയില്‍ പുതിയതായി ചേര്‍ന്നവരുടെ എണ്ണം പരിശോധിച്ചാലും പുതിയതായി തൊഴില്‍ ലഭിച്ചവരുടെ എണ്ണത്തിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ല. 18 മുതല്‍ 22 വരെ പ്രായമുള്ള 6,12,342 പേര്‍ 2016 ലും 4,38,934 പേര്‍ 2017 സെപ്റ്റംബര്‍ വരെയും ഇഎസ്‌ഐയില്‍ ചേര്‍ന്നിട്ടുണ്ട്. ഇക്കാലയളവില്‍ ഇഎസ്‌ഐയില്‍ ചേര്‍ന്ന 22 നും 28 നുമിടയില്‍ പ്രായമുള്ളവരുടെ എണ്ണം രണ്ടു വര്‍ഷങ്ങളിലുമായി 24,56,225 മാത്രമാണ്. പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ ചേര്‍ന്നവരുടെ കണക്കുകള്‍ ചേര്‍ത്താലും സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ അടുത്തെങ്ങുമെത്തുന്നില്ല. 18 നും 25 നും ഇടയില്‍ പ്രായമുള്ള 41.6 ലക്ഷം പേരാണ് 2016-17 ല്‍ പദ്ധതിയില്‍ ചേര്‍ന്നതെങ്കില്‍ 2017-18 ല്‍ ഇതുവരെയായി അത് 33.8 ലക്ഷം മാത്രമാണ്. പദ്ധതിക്കു പുറത്തുള്ള 3.8 ലക്ഷം, 3 ലക്ഷം പേരെക്കൂടി ഉള്‍പ്പെടുത്തിയാലും ഏഴ് കോടി പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിച്ചുവെന്ന കണക്കുമായി പൊരുത്തപ്പെടുന്നില്ല. അസംഘടിത മേഖലയിലാകട്ടെ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്നാണ് കണക്ക്. നോട്ടുനിരോധനമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിലവിലുണ്ടായിരുന്നവര്‍ പോലും തൊഴില്‍ രഹിതരാവുകയാണുണ്ടായത്.
ഈ കണക്കുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലയളവും അവസാനവര്‍ഷവുമായുള്ള താരതമ്യത്തെ അനിവാര്യമാക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം ആരംഭിക്കുമ്പോള്‍ 1999-2000 കാലത്തുണ്ടായിരുന്ന രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് എട്ടു ശതമാനമായിരുന്നു. ആ സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ വളര്‍ച്ച ഇടിയുന്ന സ്ഥിതിവിശേഷമാണുണ്ടായത്. 2002-03 സാമ്പത്തികവര്‍ഷമാകുമ്പോഴേയ്ക്കും വളര്‍ച്ച നിരക്ക് കൂപ്പുകുത്തി അഞ്ചു ശതമാനത്തിലേയ്ക്ക് എത്തി. കാര്‍ഷിക വളര്‍ച്ചയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. പൂജ്യത്തിലെത്തുന്ന സ്ഥിതിയുണ്ടായി. അവസാനവര്‍ഷം ഇപ്പോഴത്തേതുപോലെ വളര്‍ച്ച പെട്ടെന്നുയര്‍ന്നുവെന്ന കുപ്രചരണം നടത്തുകയും അതുവഴിയുണ്ടാക്കിയ പൊള്ളയായ കണക്കുകളും വസ്തുതയുമായി ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയുമായിരുന്നു അന്ന് ബിജെപിയും എന്‍ഡിഎയും ചെയ്തത്.
പാളിപ്പോയിരുന്നതാണെങ്കിലും സമാനമായ അവസ്ഥതന്നെ ഇത്തവണയും പരീക്ഷിക്കുന്നതിനാണ് മോഡി സര്‍ക്കാരും എന്‍ഡിഎ- ബിജെപി നേതാക്കളും ശ്രമിക്കുന്നതെന്നാണ് രാഷ്ട്രപതിയുടെ പ്രസംഗവും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ബജറ്റും വ്യക്തമാക്കുന്നത്. ഇടിഞ്ഞ് താഴേയ്‌ക്കെത്തിയ വളര്‍ച്ച നിരക്ക് പെട്ടെന്ന് കുതിച്ചുയരുന്നുവെന്ന പ്രചരണം സൃഷ്ടിക്കുന്നതും കാര്‍ഷിക വരുമാനം ഇടിയുന്നതിന്റെ ഉത്തരവാദിത്തം കാലാവസ്ഥാ വ്യതിയാനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതും അതിന്റെ തെളിവാണ്. എന്നുമാത്രമല്ല ഇല്ലാത്ത തൊഴിലില്ലായ്മയുടെ വളര്‍ച്ച കണക്കുകളും അതാണ് സൂചിപ്പിക്കുന്നത്.
ഒന്നാം എന്‍ഡിഎ ഭരണത്തിന്റെ അവസാനം എല്‍ കെ അദ്വാനിയും പ്രമോദ് മഹാജനും പോലുള്ളവരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ച ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചരണ തന്ത്രം തന്നെ മോഡിയും അമിത് ഷായും പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ആ തന്ത്രം പാളിപ്പോയതാണെന്നതും അന്നുണ്ടായ വിധിയെന്തായിരുന്നുവെന്നതും ചരിത്രത്തിന്റെ തിരുശേഷിപ്പാണ്.