January 28, 2023 Saturday

ഒഴിയാബാധയും യാഥാസ്ഥിതിക പൂജയും

അമ്പഴയ്ക്കാട്ട് ശങ്കരൻ
November 16, 2020 3:53 am

അമ്പഴയ്ക്കാട്ട് ശങ്കരൻ

രിക്കൽ അബദ്ധം പറ്റിയാൽ അത് ക്ഷമിക്കാവുന്നതും ആവർത്തിക്കുമ്പോൾ അത് ശിക്ഷാർഹവും ആകും. ഭാഗ്യവശാൽ അമേരിക്കൻ ജനതയ്ക്ക് രണ്ടാം വട്ടവും അബദ്ധം പിണഞ്ഞില്ല. 2000ലേയും 2016ലേയും പരാജയങ്ങൾക്ക് ഡെമോക്രാറ്റുകൾ മധുരമായി പ്രതികാരം തീർക്കുകയും ചെയ്തു. അങ്ങനെ ജെറാൾഡ് ഫോഡിന്റെയും ജിമ്മി കാർട്ടറിന്റെയും ജോർജ്ജ് ബുഷ് സീനിയറിന്റെയും കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെടാത്ത അമേരിക്കൻ പ്രസിഡന്റുമാരുടെ ഗ്രൂപ്പിലേക്ക് ട്രംപ് കൂടി ആനയിക്കപ്പെട്ടു. വരുംനാളുകളിൽ ട്രംപ് വെറുതെയിരിക്കുമെന്ന് കരുതുക വയ്യ. ട്രംപിന്റെ പ്രതികാരനാളുകൾ വരാനിരിക്കുന്നതേയുള്ളു. ബൈഡന്റെ സത്യപ്രതിജ്ഞാദിനമായ ജനുവരി 20 വരെയും പിന്നീടും യാഥാസ്ഥിക റിപ്പബ്ലിക്കന്മാരുടെ പിന്തുണയോടെ ട്രംപിന്റെ കളികൾ പൂർവാധികം ശക്തിയോടെ തുടരുമെന്ന കാര്യത്തിൽ സംശയിക്കേണ്ട ഒരു സാഹചര്യവും നമ്മുടെ മുന്നിലില്ല.

ശക്തി ക്ഷയിക്കാത്ത യാഥാസ്ഥിതിക പക്ഷം

2000ന് മുമ്പ് അമേരിക്കയിലെ വോട്ടിങ് ശതമാനം എല്ലായ്പ്പോഴും 50 ശതമാനത്തിൽ താഴെയാണ്. അത് തന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പുള്ള വർഷങ്ങളിൽ മാത്രം. മറ്റ് ഇടക്കാല തെരഞ്ഞെടുപ്പുകളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും സ്ഥിതി തുലോം മോശമായിരുന്നു. 2000ലെ ഗോർ‑ബുഷ് പോരാട്ടത്തിനുശേഷം ക്രമേണയായി അമേരിക്കയിൽ വോട്ടിങ് ശതമാനം കൂടി വരുന്നുണ്ട്. വോട്ടവകാശമുള്ളവരുടെ എണ്ണം ഏകദേശം 25 കോടിയോളം വരും. ഇത്തവണ 15 കോടിയോളം പേർ വോട്ട് ചെയ്തു. അറുപത് ശതമാനത്തോടടുത്തെത്തിയ വോട്ട് രേഖപ്പെടുത്തൽ സർവകാല റെക്കോഡാണ്. അതിൽ പകുതിക്ക് തൊട്ടുതാഴെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്. വിവിധ സർവേകൾ പ്രവചിച്ചതുപോലെ യാഥാസ്ഥിതികർക്ക് കോട്ടം സംഭവിച്ചില്ലെന്ന് മാത്രമല്ല ജനപ്രതിനിധി സഭയിലും സംസ്ഥാന നിയമസഭകളിലും ഗവർണർ തെരഞ്ഞെടുപ്പിലും നേരിയതാണെങ്കിലും അവർ നേട്ടമുണ്ടാക്കുകയും ചെയ്തു. ട്രംപ് തോറ്റതല്ലാതെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു ക്ഷീണവും തട്ടിയിട്ടില്ലെന്നത് ബൈഡൻ‑ഹാരിസ് പ്രതികാര നടപടികൾക്ക് ആക്കം കൂട്ടുമെന്ന് അവരുടെ പ്രസ്താവനകൾ വായിച്ചാൽ മനസിലാകും. 2008ൽ ഒബാമ ജയിച്ച ഉടനെ യാഥാസ്ഥിതിക കോക്കസ് (സമ്മർദ്ദ ഗ്രൂപ്പ്) കൂടിചേർന്ന് രണ്ടാം വട്ടം ഒബാമയെ ജയിപ്പിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു എന്നത് മറന്നുകൂടാ. ഇപ്പോഴാണെങ്കിൽ മുറിവേറ്റ ട്രംപ് കൂടി കൂടെയുണ്ടെന്നുള്ളത് ഡെമോക്രാറ്റുകളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.

നൂറ്റൊന്ന് ആവർത്തിക്കുന്ന നുണകളുടെ ഗീബത്സൻ തന്ത്രം

സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുകയും, മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരേയും ഒന്നാകെ ആക്ഷേപിക്കുകയും ചെയ്യുക എന്ന ശീലം രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ ട്രംപ് തുടങ്ങിയതാണ്. എല്ലാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും വിശുദ്ധരാണെന്ന് ഒരു വിവക്ഷയും ആർക്കുമില്ല. എന്നാലും തെരഞ്ഞെടുത്ത് മാധ്യമ പ്രവർത്തകരെ തേജോവധം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റിനെ കഴിഞ്ഞ നാല് വർഷത്തിനിടയിൽ പല തവണ ലോകം കണ്ടു. ഒബാമ അമേരിക്കൻ പൗരനല്ല എന്ന നുണപ്രചരണം ആരംഭിച്ച ട്രംപ് ഒരിക്കൽ പോലും അത് പിൻവലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണത്തിന്റെ അസത്യ കണക്കുകൾ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. അസത്യമോ, അർധസത്യമോ, വഴിതെറ്റിക്കുന്നതോ ആയ ഇരുപതിനായിരത്തില്പരം പ്രസ്താവനകൾ പ്രസിഡന്റായിരിക്കെ അദ്ദേഹം ഇറക്കിയെന്ന് കാര്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്ന വിശ്വാസ്യതയുള്ള ഏജൻസികൾ കണ്ടെത്തി. അടുത്ത കാലത്ത് ട്രംപിന്റെ ട്വീറ്റുകൾക്ക് ട്വിറ്റർ അടിക്കുറിപ്പും മുന്നറിയിപ്പും കൊടുത്തു തുടങ്ങി. ട്രംപ് പറയുന്ന കാര്യങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന 30 ശതമാനത്തോളം ജനങ്ങൾ അമേരിക്കയിൽ ഉണ്ടെന്നുള്ളത് കാര്യത്തിന്റെ ഗൗരവസ്വഭാവം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ട്രംപിന് വോട്ട് ചെയ്ത ജനവിഭാഗത്തെ അവഗണിച്ചുകൊണ്ടോ, അവമതിച്ചുകൊണ്ടോ ഡെമോക്രാറ്റുകൾക്ക് മുന്നേറാൻ കഴിയില്ലെന്നുള്ളത് യാഥാർത്ഥ്യമാണ്.

വോട്ടവകാശത്തിനെതിരായ നീക്കങ്ങൾ

അമേരിക്കൻ മുതലാളിത്ത ജനാധിപത്യ ചരിത്രം ആദ്യ കാലങ്ങളിൽ തന്നെ ഏറെ മുന്നേറിയിരുന്നുവെങ്കിലും ദരിദ്രന്യൂനപക്ഷ സ്ത്രീ വിഭാഗങ്ങൾക്ക് അവരുടെ വോട്ടവകാശങ്ങൾ സാർത്ഥകമാകുന്നത് ഏറെ വൈകിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ ആരംഭിച്ച നിരവധി പോരാട്ടങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് (പത്തൊമ്പതാം ഭരണഘടനാ ഭേദഗതി, 1919) സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത്. പിന്നിട് ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവന്നു സംസ്ഥാനങ്ങൾ അത് അംഗീകരിക്കാൻ. 1965ൽ പാസ്സായ വോട്ടവകാശ നിയമം അമേരിക്കയിലെ കറുത്ത വംശജർക്ക് സംസ്ഥാന നിലവാരത്തിൽ വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനും വോട്ട് ചെയ്യുന്നതിനും വിപുലമായ കളമൊരുക്കി. കറുത്ത വംശജർ വോട്ട് ചെയ്യുന്നതിന് എതിരെ ഉണ്ടായിരുന്ന അനവധി സാമുഹ്യ സാഹചര്യങ്ങൾ അതോടെ കുറെയൊക്കെ ഒഴിവായി. അമേരിക്കയിലെ ഉല്‍പതിഷ്ണുക്കളും പുരോഗമനവാദികളും നീണ്ട സമരങ്ങളിലൂടെ നേടിയെടുത്ത വോട്ടവകാശം യാഥാസ്ഥിതികരെ ഒട്ടൊന്നുമല്ല അക്കാലത്ത് പ്രകോപിപ്പിച്ചിട്ടുള്ളത്. അന്നത്തെ മുന്നേറ്റങ്ങളിൽ ജോൺ എഫ് കെന്നഡിയും മാർട്ടിൻ ലൂഥർ കിങ്ങും രക്തസാക്ഷികളായി. മാർട്ടിൻ ലൂഥർ കിങ്ങിന്റെ സമര നേതൃത്വവും ഡെമോക്രാറ്റുകളായ കെന്നഡിയുടേയും ലിൻഡൻ ബി ജോൺസൺന്റെ പിന്തുണയും കറുത്തവർഗക്കാർ ഇന്നു അഭിമാനത്തോടെ സ്മരിക്കുന്നുണ്ട്. അതുകൊണ്ടാണ് കറുത്ത വർഗ്ഗക്കാരിൽ 90 ശതമാനവും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നത്. അടിമത്തം നിർത്തലാക്കിയത് റിപ്പബ്ലിക്കൻ പ്രസിഡന്റായ എബ്രഹാം ലിങ്കണായിരുന്നു എന്നുള്ളതും അദ്ദേഹവും രക്തസാക്ഷിയായി എന്നുള്ളതും ചരിത്രത്തിന്റെ വിധി വൈപരീത്യം. ഇത്രയും പറഞ്ഞത് എല്ലാ കാലത്തും യാഥാസ്ഥിതികർ ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും വോട്ട് ചെയ്യുന്നതിന് തടസം നിന്നിരുന്നു എന്ന് പറയാനാണ്. ഇന്നത്തെ റിപ്പബ്ലിക്കൻ നേതാക്കളും ട്രംപും അതിൽ നിന്നും ഭിന്നമല്ല. വർഷങ്ങളായി അവർ നേരത്തെ പറഞ്ഞ വിഭാഗങ്ങൾ വോട്ട് ചെയ്യാതിരിക്കാൻ അവരാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. പോസ്റ്റല്‍ വോട്ടിനെ എതിർക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ഇലക്ഷൻ പ്രചരണഘട്ടത്തിൽ തന്നെ ട്രംപ്, രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും ബാലറ്റ് അയച്ചു കൊടുക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ കാലിഫോർണിയയും കേളറാഡോയും ന്യൂ ജേഴ്സിയും അടക്കം പത്തോളം സംസ്ഥാനങ്ങൾ എല്ലാവർക്കും ബാലറ്റ് അയക്കുക എന്ന നിലപാടെടുത്തു. ഈ കോവിഡ് കാലത്ത് ഭയമില്ലാതെ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് കിട്ടിയ ഈ അവസരത്തിനെ സ്വാഗതം ചെയ്യുന്നതിനു പകരം എതിർത്ത് നിലപാടെടുത്ത ട്രംപ് തന്റെ തനിനിറം വെളിവാക്കി.

സോഷ്യലിസമെന്ന “ഭൂതം”

അമേരിക്കയിൽ അധികാര ശ്രേണിയിൽ മുൻപന്തിയിൽ സെനറ്റ് തന്നെയാണ് നിലകൊള്ളുന്നത്. ഇതുവരെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് 100ൽ 50 റിപ്പബ്ലിക്കൻ പക്ഷത്തും രണ്ട് സ്വതന്ത്രരടക്കം 48 പേർ ഡെമോക്രാറ്റ് പക്ഷത്തും ആണ്. രണ്ടെണ്ണം ജോർജിയ സംസ്ഥാനത്ത് നിന്ന് ജനുവരിയിലെ റൺ ഓഫ് അഥവാ 50 ശതമാനം വോട്ട് കിട്ടാനുള്ള തെരഞ്ഞെടുപ്പിൽ നിശ്ചയിക്കപ്പെടും. 30 ലക്ഷത്തോളം പേർ വോട്ട് ചെയ്ത ജോർജിയയിൽ പതിനായിരത്തോളം വോട്ട് മാത്രമാണ് ബൈഡന് ഭൂരിപക്ഷം. അതും രണ്ടും ഡെമോക്രാറ്റുകൾക്ക് കിട്ടിയാൽ അമേരിക്കയിൽ സോഷ്യലിസം വരുമെന്നായിരിക്കും റിപ്പബ്ലിക്കന്മാരുടെയും പ്രചരണം. തലയ്ക്ക് വെളിവുള്ളവർക്ക് ചിരിവരുന്ന ഈ അസംബന്ധം ഒബാമ മത്സരിച്ച 2008 മുതൽ യാഥാസ്ഥിതികർ തുടങ്ങിയതാണ്. സോഷ്യലിസം എന്തെന്ന് മുതലാളിത്തം പറഞ്ഞ അറിവേ ഭൂരിപക്ഷം അമേരിക്കൻ ജനതക്കുമുള്ളു. എല്ലാ സ്വകാര്യ സ്വത്തുക്കളും ഗവണ്‍മെന്റ് പിടിച്ചെടുക്കുമെന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. “സോഷ്യലിസപ്പേടി” വളരെ ഫലപ്രദമായി ഫ്ലോറിഡ സംസ്ഥാനത്ത് പ്രയോഗിക്കാൻ കഴിഞ്ഞതുകൊണ്ട് എളുപ്പത്തിൽ അവിടെ ജയിക്കാൻ ട്രംപിന് സാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ജനാധിപത്യസോഷ്യലിസ്റ്റായ ബേണി സാൻഡേർസിന്റെ സ്വാധീനം വിപുലമായതുകൊണ്ട് ഇത്തരം ജാടകൾ വിലപ്പോയതുമില്ല.

2024ൽ റിപ്പബ്ലിക്കൻ പാർട്ടിയെ രക്ഷിക്കാൻ ട്രംപ് തന്നെ മത്സരിക്കുമെന്നുള്ള വിലയിരുത്തൽ കടുത്ത ട്രംപ് വാദികൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. “സർവെ മങ്കി”കളെ ആകെ ഞെട്ടിച്ചുകൊണ്ട് ബൈഡന് തൊട്ട് താഴെ ട്രംപിന് വോട്ടുകൾ ലഭിച്ചതുകൊണ്ടായിരിക്കണം ഇത്തരം അഭ്യൂഹങ്ങൾ ശക്തമാകുന്നത്. വരും നാളുകളിൽ സോഷ്യലിസത്തിന്റെ ഭൂതവും, മുസ്‌ലിം പേടിയും, കുടിയേറ്റ ഭീതിയും, മതവും വർണ്ണവും സമാസമം പകർന്ന് വിദ്വേഷത്തിന്റെ ഇന്തുപ്പ് ചേർത്ത് ഗുളിക രൂപത്തിൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇതൊന്നും ട്രംപ് ഇനി അധികാരത്തിൽ വരുന്നതിന് സഹായിക്കുമെന്ന് കരുതുക വയ്യ. തെരഞ്ഞെടുപ്പ് നിയമത്തിനും ഫലത്തിനുമെതിരായ നിയമ നടപടികൾ ഈ തെരഞ്ഞെടുപ്പിൽ രാഷ്ടീയ വിദ്യാർത്ഥികളിൽ കൗതുകമുണർത്തുന്ന നിരവധി വിഷയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിലൊന്ന് പോസ്റ്റൽ വോട്ടിങ്ങിൽ ഡെമോക്രാറ്റുകളുടെ മുന്നൊരുക്കവും മുന്നേറ്റവും, നേരിട്ടെത്തിയുള്ള വോട്ടിൽ റിപ്പബ്ലിക്കന്മാരുടെ ആധിപത്യവുമാണ്. സാർവത്രിക പോസ്റ്റൽ വോട്ടിങ് നിയമവിരുദ്ധമാണെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മതിയായ തെളിവുകളില്ലാതെ പോസ്റ്റൽ വോട്ടിങ് കള്ള വോട്ടിങ്ങിന് കളമൊരുക്കുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. പെൻസിൽവാനിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ദിവസത്തിന് ശേഷം വരുന്ന ബാലറ്റുകൾ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാൽ അത് കോടതി അംഗീകരിക്കാതെ മൂന്ന് ദിവസം വരെ ബാലറ്റുകൾ സ്വീകരിക്കാമെന്ന് ഉത്തരവിട്ടു.

രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് കൗതുകമുണർത്താവുന്ന മറ്റൊരു വിഷയം വ്യക്തിഗതരാഷ്ട്രീയ മൂല്യങ്ങൾക്ക് വില കല്പിക്കാത്ത ഒരു വ്യക്തി വലിയ പാരമ്പര്യങ്ങൾ അവകാശപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ പകുതിയോളം വരുന്ന ജനതയെ എങ്ങനെ കൈയ്യിലെടുത്തു എന്നുള്ളതാണ്. അധികാരം നഷ്ടപ്പെടുന്നതോടെ പാർട്ടിയിൽ നിന്നും ഓരോരുത്തരായി ട്രംപിനെ കൈവിടുമെന്ന് പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റിയത് മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം താൻ ജയിച്ചുവെന്ന് ഉറച്ച് പ്രസ്താവിച്ചതും ഇലക്ഷനിൽ കൃത്രിമം നടന്നുവെന്ന തെളിവൊന്നുമില്ലാത്ത പ്രസ്താവനകൾക്കുമെതിരായ അപൂർവം ചിലരടക്കം തന്നെ ആരും ഒരു ചെറുവിരൽ പോലും ഉയർത്തിയില്ല എന്നുള്ളതും അതിശയിപ്പിക്കുന്ന വിഷയങ്ങളാണ്. ഒരു രാഷ്ട്രത്തിന്റെ ഉണങ്ങി വരുന്ന മുറിവുകൾ ഉണർത്തിയെടുത്ത് ആഘോഷിച്ചതിന്റെ ആഘാതം ദീർഘകാലം നിലനില്ക്കുമെന്ന് നിസ്സംശയം പറയാം. നിയമകുരുക്കിൽപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ട്രംപും മഹാഭുരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ട മിഷിഗൻ അടക്കം നാലു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കേസുകൾ ഫയൽ ചെയ്തു കഴിഞ്ഞു. സുപ്രീം കോടതി വരെ എത്തിയാൽ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ധൃതിപിടിച്ച് സെനറ്റിനെകൊണ്ട് അംഗീകരിപ്പിച്ച് ജസ്റ്റിസാക്കിയ ഏമി കോണി ബാരറ്റിലാണ് ട്രംപിന്റെ പ്രതീക്ഷ മുഴുവനും. ബുഷ് നാമ നിർദ്ദേശം ചെയ്ത ജസ്റ്റിസ് ജോൺ റോബർട്ടസ്, ട്രംപിന്റെ താളത്തിനൊത്ത് തുള്ളുന്ന വ്യക്തിയല്ലെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. ജനാധിപത്യ രാജ്യങ്ങളിൽ അധികാരം ഉറപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് കോടതികളെ തന്റെ പക്ഷത്ത് ഉറപ്പിക്കുക എന്നുള്ളതാണെന്ന് ട്രംപിന് നല്ലവണ്ണം അറിയാം.

അധികാര കൈമാറ്റത്തിന് തടസം സൃഷ്ടിക്കുന്ന നിലപാടുകൾ

തെരഞ്ഞെടുപ്പ് ഫലം വന്നാൽ അധികാര കൈമാറ്റം എങ്ങനെചെയ്യണമെന്ന് നിയതമായ നിയമങ്ങളൊന്നും അമേരിക്കയിൽ ഇല്ല. ഇത്രയും കാലം പിന്തുടർന്ന് വന്ന കീഴ്‌വഴക്കങ്ങളാണ് എല്ലാത്തിനും ആധാരം. നിലവിലുള്ള പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന പതിവുണ്ട്. കേസുകൾ കോടതികളിൽ ഇരിക്കുന്നതുകൊണ്ട് അതുടനെയെങ്ങും സംഭവിക്കുമെന്ന് കരുതുക വയ്യ. ട്രംപാണെങ്കിൽ ഒരു ഒഴിയാബാധയായി തുടരുമെന്ന് ബൈഡന് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതിരുന്ന ട്രംപിന് മറുപടിയായി പട്ടാള അകമ്പടിയോടെ ട്രംപിന് വൈറ്റ് ഹൗസ് വിടേണ്ടി വരുമെന്ന് ബൈഡൻ പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം എതിർ പാർട്ടി അധികാരത്തിൽ വരുന്ന സമയത്ത് അധികാര കൈമാറ്റത്തിനു മുമ്പ് അധികാര ശ്രേണിയിൽ താഴെക്കിടയിലുള്ളവർ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണ്. ഫോൺ ലൈനുകൾ തകരാറിലാക്കുക, ഫർണിച്ചറുകൾ നശിപ്പിക്കുക തുടങ്ങിയ ചില്ലറ വികൃതികൾ സാധാരണമാണ്. എന്നാൽ ഇത്തവണ പ്രസിഡന്റ് തന്നെ അതിന് നേതൃത്വം നല്കുമെന്ന് പ്രതീക്ഷിക്കാം. “ട്രംപിന്റെ പ്രതികാരം” ഏതു തലം വരെ എത്തുമെന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.