October 2, 2022 Sunday

കരയാനിനിയില്ല, പൊരുതുകയാണ് പെണ്‍ശക്തി

പി വസന്തം
കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി
March 8, 2021 6:57 am

മാര്‍ച്ച് എട്ട് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ വനിതാദിനമായി ആചരിക്കുകയാണ്. വര്‍ഗസമരത്തിന്റെ ഭാഗമായി സ്ത്രീസമൂഹം മുന്നേറാനും പോരാടാനും തയ്യാറായ ചരിത്രദിനങ്ങളുടെ ഓര്‍മ്മയുമായാണ് മാര്‍ച്ച് എട്ട് നിലനില്ക്കുന്നത്. 1908ല്‍ അമേരിക്കയിലെ സ്ഥിതിസമത്വവാദികളായ തയ്യല്‍സൂചി നിര്‍മ്മാണത്തൊഴിലാളികളായ സ്ത്രീകള്‍ ന്യൂയോര്‍ക്ക് നഗരത്തിലൂടെ കുറഞ്ഞ മണിക്കൂര്‍ ജോലിക്കും മെച്ചപ്പെട്ട വേതനത്തിനും വേണ്ടി നടത്തിയ സമരമാണ് വനിതാദിനത്തിന്റെ അടിസ്ഥാനം. ബ്രഡ് ആന്റ് റോസസ് (അപ്പവും പനിനീര്‍പ്പൂവും) എന്ന മുദ്രാവാക്യമായിരുന്നു, അന്നവര്‍ ഉയര്‍ത്തിയത്. ബ്രഡ് സാമ്പത്തിക സുരക്ഷയുടെ പ്രതീകവും റോസാപ്പൂവ് അന്തസുറ്റ ജീവിതത്തിന്റെ പ്രതീകവുമായിരുന്നു. പിറ്റേവര്‍ഷവും മുപ്പതിനായിരത്തിലധികം വസ്ത്രനിര്‍മ്മാണരംഗത്തെ സ്ത്രീ തൊഴിലാളികള്‍ പതിമൂന്നാഴ്ച കൊടുംതണുപ്പില്‍ മെച്ചപ്പെട്ട വേതനത്തിനും ജോലി വ്യവസ്ഥയ്ക്കും വേണ്ടി പണിമുടക്കി. 1910ല്‍ ക്ലാരസേല്‍ഗിന്റെ അധ്യക്ഷതയില്‍ കോപ്പന്‍ഹേഗില്‍ ചേര്‍ന്ന വനിതകളുടെ രണ്ടാം ഇന്റര്‍നാഷണല്‍ സമ്മേളനത്തിലാണ് സ്ത്രീതൊഴിലാളികളുടെ ചരിത്രവും പാരമ്പര്യവും നിലനിര്‍ത്തുന്നതിന് മാര്‍ച്ച് എട്ട് വനിതാദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്.

രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ഇന്ത്യന്‍ സ്ത്രീകള്‍ സാര്‍വദേശീയ വനിതാദിനമാചരിക്കുമ്പോള്‍ സന്തുഷ്ടമായ ഒരു രാഷ്ട്രീയ സാഹചര്യമല്ല ഇന്ത്യയില്‍ നിലനില്ക്കുന്നത്. സ്ത്രീയുടെ രക്ഷാകവചമായി വര്‍ത്തിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാന്‍, ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും മതനിരപേക്ഷതയെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഭരണാധികാരികളുടെ തന്നെ നേതൃത്വത്തില്‍ നടക്കുകയാണ്. ജനാധിപത്യത്തെ നിശബ്ദമാക്കിക്കൊണ്ട് പാവപ്പെട്ട ജനവിഭാഗങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയെല്ലാം ഒന്നൊ­ന്നായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രത്തെയും ജനാധിപത്യത്തെയും ഭരണഘടനയെ­യും സംരക്ഷിക്കുക എന്നത് സ്ത്രീകളുടെയും ഉ­ത്തരവാദിത്വമാണ്. ആ ഉത്തരവാദിത്ത ബോധമുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ദേശീയ മഹിളാ ഫെ­ഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു) ജനാധിപത്യ­വിരുദ്ധ, കര്‍ഷകവിരുദ്ധമായ ‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, ജീവന്‍, ജീവനോപാധികള്‍ സംരക്ഷിക്കുക’ എന്ന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദേശവ്യാപകമായി ഇത്തവണ വനിതാദിനം ആചരിക്കുന്നത്.

പാര്‍ലമെന്റ് പാസാക്കിയ മൂന്ന് നിയമങ്ങള്‍ ‘ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ആന്റ് കൊമേഴ്സ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് 2020, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ആക്ട് 2020, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമന്‍മെന്റ് ആക്ട് 2020) എന്നീ നിയമങ്ങള്‍ ആണ്. ഈ നിയമങ്ങള്‍ പാര്‍ലമെന്റ് കൊണ്ടുവന്ന സമയം കോവിഡ് സാഹചര്യത്തില്‍ വളരെ നിയന്ത്രണത്തോടെ പാര്‍ലമെന്റില്‍ സമ്മേളനം നടക്കുന്ന സമയമായിരുന്നു. പാര്‍ലമെന്റില്‍ അംഗങ്ങള്‍‌ക്ക് ചര്‍ച്ചയ്ക്ക് അവസരം ലഭിക്കുന്ന ‘സീറോ അവര്‍’ അവര്‍ റദ്ദാക്കി- കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നിയമങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ട് ശബ്ദവോട്ടോടെ പാസാക്കിയെടുത്തു. ഇടതുപക്ഷത്തിന്റെ പ്രതികരണങ്ങളെ, പ്രതിഷേധങ്ങളെ വില­കല്പിച്ചില്ല. ബില്ലുകള്‍ വോട്ടിനിടാനുള്ള ആവശ്യത്തെ അവഗണിച്ചു-തികച്ചും ജനാധിപത്യത്തിന്റെ നിരാകരണം.

ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷ്യഭദ്രതയ്ക്ക് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ പൊതുമേഖലയിലെ ധാന്യസംഭരണ കേന്ദ്രമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ‑ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതും പൊതുവിതരണ ശൃംഘലയിലൂടെ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്കുന്നതും സര്‍ക്കാരിന്റെ ഇത്തരം നോഡല്‍ ഏജന്‍സിയിലൂടെയാണ്. ഇന്ത്യയിലാണെങ്കില്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 അനുസരിച്ച് ഭക്ഷണം ജനങ്ങളുടെ അവകാശമാണ്- എന്നാല്‍ പ്രമുഖ സാമ്പത്തിക വിദഗ്ധരായ ജോണ്‍ ഡ്രീസിന്റെയും റീത്തഖേരയും പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്പോഴും ഇന്ത്യയില്‍ എണ്‍പത്തിയൊന്ന് കോടി ജനങ്ങള്‍ മാത്രമാണ് റേഷന്‍ സംവിധാനത്തിലുള്ളത്. ഇപ്പോഴും ബാക്കിവരുന്ന പത്ത് കോടിയിലധികം ആളുകള്‍ റേഷന്‍ സംവിധാനത്തിന് പുറത്താണ്. 107 രാജ്യങ്ങളുടെ ലോക വിശപ്പ് സൂചികയില്‍ 2020ലെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 94 ആണ്. ഇന്ത്യ പട്ടിണിയില്‍ എന്നും മുന്നോട്ടുപോവുന്ന രാജ്യമാണ്. ലോകത്തെ പട്ടിണിക്കാരില്‍ നാലിലൊന്നും ഇന്ത്യയില്‍ത്തന്നെയാണ്. വിശപ്പുകൊണ്ട് വളര്‍ച്ച മുരടിച്ച കുഞ്ഞുങ്ങളുടെ എണ്ണം അഞ്ചു കോടി മുപ്പത്തിമൂന്ന് ലക്ഷമാണ്. കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ലോകത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. സ്ത്രീകളും പട്ടിണിയില്‍ മുന്നിലാണ്. ഒരു നേരം വയറുനിറയെ ഭക്ഷണം കഴിക്കാനില്ലാത്ത, ആരോഗ്യമുള്ള ശിശുക്കളെ പ്രസവിക്കാന്‍ കഴിയാത്ത കോടിക്കണക്കിന് അമ്മമാരുള്ള രാജ്യമാണിന്ത്യ. കോ­വിഡ് കാലത്തെ അടച്ചുപൂട്ടലും തൊഴില്‍ നഷ്ടവും ദാരിദ്ര്യവും പട്ടിണിയും സ്ത്രീകളുടെ ക്ലേശങ്ങള്‍ വര്‍ധിപ്പിക്കുകയാണുണ്ടായത്.

2020ലെ യൂനിസെഫ് കണക്കനുസരിച്ച് 8.8 മില്യന്‍ കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവ്കൊണ്ട് മരണപ്പെട്ടു- ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രീഷ്യന്‍ ഇന്‍ ദ വേള്‍ഡ് 2020ലെ സൂചികയനുസരിച്ച് 200 മില്യന്‍ മനുഷ്യര്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവുകൊണ്ട് ബുദ്ധിമുട്ടുന്നു. ഭക്ഷണം യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശവും മൗലികാവകാശവുമാണ്. ഇന്ത്യയില്‍ നവലിബറലിസത്തിന്റെ രഥയോട്ടത്തിനിടയിലും പൊതുവിതരണ സംവിധാനം പിടിച്ചുനിന്നിരുന്നു. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നതോടെ നമ്മുടെ ഭക്ഷ്യഭദ്രത തകരാന്‍ തുടങ്ങുകയാണ്. പൊതുസംഭരണത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നതോടെ കോര്‍പ്പറേറ്റ് ഭീമന്മാരാണ് ഭക്ഷ്യസംഭരണ രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തിന്റെ ധാന്യ ഉല്പാദന കേന്ദ്രങ്ങളിലൊക്കെ അമ്പാനിയും അഡാനിയുമുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ ഭക്ഷ്യധാന്യ സംഭരണശാലകള്‍ നിര്‍മ്മിച്ചുതുടങ്ങി. ഇവര്‍ ധാന്യശേഖരണമാരംഭിക്കുന്നതോടെ പൊതുസംഭരണശാലകള്‍ ഇല്ലാതാവുകയും ജനങ്ങള്‍ക്ക് ഭക്ഷണത്തിനായി കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ടിവരികയും ചെ­യ്യുന്നു. ഇന്ത്യയിലെ 138 കോടി ജനങ്ങളില്‍ (ഇ­പ്പോള്‍ 81 കോടി) 118 കോടി പാവപ്പെട്ട ജനങ്ങളുടെയും ആശ്രയ കേന്ദ്രമായ പൊതുവിതരണ സംവിധാനം ഇല്ലാതാവുന്നു.

ഈ തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ സ്ത്രീകളുള്‍പ്പെടെയുള്ള കര്‍ഷകര്‍ സമരപോരാട്ട ചരിത്രത്തിലിടം നേടിക്കൊണ്ട് നൂറ് ദിവസത്തിലധികമായി സമാനതകളില്ലാത്ത രീതിയില്‍ സമരവുമായി വിജയകരമായി മുന്നോട്ടുപോവുന്നത് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മഹത്യയല്ല മറിച്ച് അതിജീവനപോരാട്ടമാണ് ആവശ്യമെന്ന് കര്‍ഷകര്‍ക്ക് മനസിലായി-ആയിരക്കണക്കിന് സ്ത്രീകള്‍-അവര്‍ ദരിദ്ര ഇടത്തരം കര്‍ഷകരിലും കര്‍ഷകത്തൊഴിലാളികളായും സമരഭൂമിയിലുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും കോര്‍പ്പറേറ്റുകള്‍ രക്ഷാപുരുഷന്മാരുമായി വന്നാല്‍ അത് തങ്ങളെ എവിടെയെത്തിക്കുമെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു.

കൊറോണാ വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് സ്ത്രീകള്‍ക്ക് വലിയ പ്രതിസന്ധികളാണ് വളര്‍ന്നുവന്നത്. നേരാംവണ്ണം കെെകാര്യം ചെയ്തില്ലെങ്കില്‍ രാജ്യം വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ ഇത്രമാത്രം സങ്കീര്‍ണമായ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടായിരുന്നില്ല. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ എംപ്ലോയ്മെന്റ് നടത്തിയ പഠനത്തില്‍ എണ്‍പത്തിരണ്ട് ശതമാനം താല്ക്കാലിക വനിതാ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സ്ഥിര വേതനത്തില്‍ ജോലി ചെയ്ത 76 ശതമാനം വനിതകള്‍ക്കും സ്വയം തൊഴില്‍ ചെയ്ത 89 ശതമാനം പേര്‍ക്കും ജോലി നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളില്‍ ഒരു കോടി 70 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പ്രധാനമന്ത്രി ഇടയ്ക്കിടെ സ്ത്രീകളെ കബളിപ്പിക്കാന്‍ വാഗ്ദാനങ്ങള്‍ പാക്കേജിലൂടെ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ ഒരു ഗഡു പോലും ലഭിക്കുന്നില്ല.

ഗ്രാമീണ മേഖലയിലെ തൊഴില്‍രഹിതര്‍ക്ക് 100 ദിനം തൊഴില്‍ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിപോലും അട്ടിമറിക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ എന്ന പേരില്‍ പദ്ധതി കൊണ്ടവരുന്നു. സ്ത്രീകള്‍ക്കുമേല്‍ അനുദിനം കൂടുതല്‍ കൂടുതല്‍ ഭാരം അടിച്ചേല്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോക്ഡൗണ്‍ ഏല്പിച്ച ആ­ഘാതത്തില്‍നിന്നും ഇതുവരെ കരകയറിയിട്ടില്ല. പാചക വാതകത്തിന്റെയും ഡീസല്‍, പെട്രോളിന്റെയും വില അടിക്കടി വര്‍ധിപ്പിക്കുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടി. അവശ്യസാധനവില നിയന്ത്രണ നിയമം ഭേദഗതി ചെയ്തതോടെ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതായി. 35 ശതമാനത്തിലധികം പാചകവാതക വില വര്‍ധിപ്പിച്ച് സ്ത്രീകള്‍ക്ക് ഇരുട്ടടി നല്കിക്കഴിഞ്ഞു. സബ്സിഡി നിര്‍ത്താ­ക്കി സര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തുകയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് സര്‍ക്കാരിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നത്. ദേശീയ വനിതാ കമ്മിഷന്‍ പുറത്തുവിട്ട ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 3784 ആണ്. നാഷണല്‍ ക്രെെം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ഷംതോറും എഴുപത് ശതമാനത്തിന്റെ വര്‍ധനവാണെന്നാണ്. ബിജെപി ഭരിക്കന്ന സംസ്ഥാനങ്ങളില്‍ എന്തു കുറ്റകൃത്യം സ്ത്രീകള്‍ക്കെതിരെ നടത്തിയാലും ശിക്ഷിക്കപ്പെടില്ല എന്ന പൊതുബോധം വളര്‍ന്നുവരുന്നു. ഇതിനുദാഹരണമാണ് ആദിത്യനാഥിന്റെ യുപി. സംഘപരിവാറിന്റെ സഹായത്തോടെ ബിജെപി ഭരണാധികാരികള്‍ സ്ത്രീവിരുദ്ധ അജണ്ടകള്‍ സാമൂഹ്യ സാംസ്കാരിക ജീവിതത്തില്‍ ബോധപൂര്‍വം സന്നിവേശിപ്പിക്കുന്നു. നവോത്ഥാന കാലഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ ശക്തിയോടെ പ്രചരിപ്പിക്കപ്പെടുന്നു. ഭരണഘടനയെക്കാളും നിയമത്തെക്കാളും വലുത് ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണെന്ന് വരുത്തിതീര്‍ക്കുന്നു.

എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്ത്രീപക്ഷ, സ്വജനപക്ഷ സമീപനങ്ങളുമായി മുന്നോട്ടുപോയ സര്‍ക്കാരാണ്. വികസന മുന്നേറ്റത്തിനും സാമൂഹ്യനീതിക്കുമായി നിലകൊണ്ട സ്ത്രീപരിപ്രേഷ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും ബ­ദ­ല്‍ രാഷ്ട്രീയം ശക്തിപ്പെടുത്തി. ജാതിമത വര്‍ഗീയ ലിംഗ ചേരിതിരുവുകള്‍ ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനാണ് സ്ത്രീകള്‍ മുന്നോട്ടുവരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ത്രീകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗങ്ങളോടുള്ള വര്‍ഗപരമായ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. എന്നാല്‍ എന്‍എഫ്ഐഡബ്ല്യു ഉള്‍പ്പെടെ ഇടതുപക്ഷ മഹിളാസംഘടനകള്‍ കേന്ദ്ര ഭരണാധികാരികള്‍ കര്‍ഷക ദ്രോഹ നിയമം ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കികൊണ്ട് പാസാക്കിയതില്‍ പ്രതിഷേധത്തിലാണ്, പ്രക്ഷോഭരംഗത്താണ്. ഇതിനൊപ്പം സ്ത്രീകളെ സാമൂഹികമായും, സാമ്പത്തികമായും ലിംഗപരമായും അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രത്യയശാസ്ത്രത്തിനെതിരെയും സന്ധിയില്ലാ പോരാട്ടത്തിലുമാണ്. നിലവിലുള്ള ഭരണഘടന അവകാശങ്ങളില്‍ പോലും കേന്ദ്രഭരണാധികാരികളും പ്രതിലോമശക്തികളും കടന്നുകയറ്റം നടത്തുന്ന സാഹചര്യത്തില്‍ അതിനെതിരെ തങ്ങളുടെ സാംസ്കാരികവും, സാമൂഹികവും സാമ്പത്തികവുമായ അസ്തിത്വം നിലനിര്‍ത്തുന്നതിനുവേണ്ടി, മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനുവേണ്ടി സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നടത്തുകയാണ്. സ്ത്രീസമൂഹം ദീര്‍ഘകാലമായി പോരാടി നേടിയെടുത്ത എല്ലാ അവകാശങ്ങളെയും നശിപ്പിച്ചുകളയുന്ന സംഹാരശക്തിയായി ഫാസിസം വളരുമ്പോള്‍ അതിനെ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുത്താന്‍ സ്ത്രീകളെ സജ്ജരാക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ നമുക്ക് കരുത്താര്‍ജിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.