ദിമിത്രി ഇവാനോവിച്ച് മെന്ഡലെയ്ഫ്

1834 ഫെബ്രുവരി 8-ാം തീയതിയാണ് മെന്ഡലെയ്ഫ് ജനിച്ചത്. മൂലകങ്ങളെ ക്രമീകരിച്ച് ആവര്‍ത്തന പട്ടികയാക്കിയതാണ് അദ്ദേഹം നല്കിയ നിസ്തുലമായ സംഭാവന. മാതാപിതാക്കളുടെ പതിനാലോ പതിനാറോ മക്കളില്‍ (ഇപ്പോഴും വ്യക്തമല്ല) ഏറ്റവും ഇളയവനായിരുന്നു മെന്ഡലെയ്ഫ്. അച്ഛന് അന്ധത പിടിപെട്ട് അധ്യാപക ജോലി നഷ്ടപ്പെട്ടത് കുടുംബത്തില്‍ കടുത്ത സാമ്പത്തിക പരാധീനതയ്ക്ക് കാരണമായി. തുടര്‍ന്ന് അമ്മ ഉപേക്ഷിച്ചിട്ടിരുന്ന ഗ്ലാസ് ഫാക്ടറി വീണ്ടും തുടങ്ങി. മെഡലെയ്ഫിന് പതിമൂന്ന് വയസുള്ളപ്പോള്‍ അച്ഛന് മരിച്ചു. അമ്മയുടെ ഗ്ലാസ് ഫാക്ടറിയും കത്തിനശിച്ചു. 1849ല്‍ ഉന്നത പഠനത്തിനായി സൈബീരിയയില്‍ നിന്നും അമ്മ മെന്ഡലെയ്ഫിനെ മോസ്കോയിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. പക്ഷേ മോസ്ക്കോ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹത്തിന് പ്രവേശനം ലഭിച്ചില്ല. പിന്നീട് സെയന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് ചേര്‍ന്നു. ബിരുദം നേടിയ ശേഷം അദ്ദേഹത്തിന് ക്ഷയരോഗം പിടിപെട്ടു. പിന്നീടദ്ദേഹം മറ്റൊരു സ്ഥലത്തുള്ള സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1857ല്‍ ആരോഗ്യം വീണ്ടെടുത്ത് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗില്‍ തിരിച്ചെത്തി. 1861ല്‍ അദ്ദേഹം ‘ഓര്‍ഗാനിക് കെമിസ്ട്രി’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1862ല്‍ നികിത്യ്നാ ലെഷ്യവയെ വിവാഹം കഴിച്ചു. 1865ല്‍ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി. 1865ല്‍ പിഎച്ച്ഡി ബിരുദം നേടി. 1881ല്‍ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി അന്നാ ഇവനോവാ പൊപ്പോവയെ വിവാഹം കഴിച്ചു. 1890 ഓഗസ്റ്റ് 17ന് അദ്ദേഹം സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും രാജിവച്ചു.
1869 മാര്‍ച്ച് 6ന് മൂലകങ്ങളുടെ ആവര്‍ത്തനപട്ടിക അദ്ദേഹം അവതരിപ്പിച്ചു. അന്നറിയപ്പെട്ടിരുന്ന 65 മൂലകങ്ങളെ പട്ടികയിലദ്ദേഹം ക്രമീകരിച്ചു. പിന്നീട് കണ്ടുപിടിക്കാനുള്ള മൂലകങ്ങളുടെ കോളങ്ങള്‍ അദ്ദേഹം ഒഴിച്ചിട്ടു. പുതിയ മൂലകങ്ങള്‍ കണ്ടുപിടിക്കാനതു സഹായകരമായി. 1966ലെ രസതന്ത്ര നൊബെല്‍ സമ്മാന കമ്മിറ്റി അദ്ദേഹത്തിന്റെ പേര് പരിഗണിച്ചെങ്കിലും അഭിപ്രായ വ്യത്യാസം മൂലം നൊബേല്‍ സമ്മാനം ലഭിക്കാതെ പോയി. 1907 ജനുവരി 2ന് മെന്ഡലെയ്ഫ് അന്തരിച്ചു.
2019ന് മെന്ഡലെയ്ഫ് ആവര്‍ത്തനപട്ടിക കണ്ടുപിടിച്ചതിന്റെ 150-ാം വര്‍ഷമാണ്. ആ വര്‍ഷം അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിട്ടുണ്ട്. സ്കൂളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ഇപ്പോഴേ അധ്യാപകരോടും കൂട്ടുകാരോടും ആലോചിക്കൂ.
കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം
1961ലെ ഭൗതിക നൊബേല്‍ സമ്മാനം റോബര്‍ട്ട് ഹോഫ്സ്റ്റാഡ്റ്ററുമായാണ് മോസ്ബര്‍
പങ്കിട്ടത്.
ഈ ലക്കത്തിലെ ചോദ്യം
1906ലെ രസതന്ത്ര നൊബേല്‍ സമ്മാനം
ലഭിച്ചതാര്‍ക്കാണ്?