26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 23, 2025
March 20, 2025
March 19, 2025
March 19, 2025
March 19, 2025
March 12, 2025
March 11, 2025
March 8, 2025
March 4, 2025

ലേഖനം എഴുതിയത് ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് അടിസ്ഥാനമാക്കി; വായിച്ചിട്ടേ അഭിപ്രായം പറയാവുവെന്നും ശശി തരൂർ

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
February 16, 2025 12:05 pm

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ വ്യാവസായിക രംഗത്ത് കേരളം നേടിയ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ചതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂര്‍ എംപി. വികസനത്തിന് ആര് മുന്‍കയ്യെടുത്താലും അതിനുവേണ്ടി കയ്യടിക്കണമെന്ന് തരൂര്‍ പറഞ്ഞു.
ജനങ്ങളുടെ താല്പര്യം വികസനമാണ്. നമ്മുടെ മക്കള്‍ ഇവിടെത്തന്നെ നില്‍ക്കുന്നതിനായി തൊഴിലവസരങ്ങള്‍ ഉണ്ടാകണം. അതിനായി പുതിയ സ്ഥാപനങ്ങളും നിക്ഷേപങ്ങളും വരണം. അതാണ് താന്‍ ഉദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് വരാന്‍ 15 മാസമുണ്ടെന്നും ഇനിയും പല വിഷയങ്ങളെക്കുറിച്ച് തനിക്ക് എഴുതാനും പറയാനുമുണ്ടെന്നും തരൂര്‍ തുറന്നടിച്ചു. 

രാഷ്ട്രീയത്തിനതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായത് ദേശീയ റാങ്കിങ് ആണെന്നും ലേഖനത്തെ അനുകൂലിച്ച് കോൺഗ്രസിൽ നിന്ന് ചിലർ വിളിച്ചിരുന്നുവെന്നും തരൂർ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനുള്‍പ്പെടെയുള്ള നേതാക്കളുടെ രൂക്ഷവിമര്‍ശനങ്ങള്‍ അവഗണിച്ചാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. പറഞ്ഞതില്‍ എന്താണ് തെറ്റെന്നും തെറ്റാണെങ്കില്‍ കണക്ക് തരണമെന്നും തരൂര്‍ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതിന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറണമെന്ന എം എം ഹസന്റെ അഭിപ്രായത്തിന്, അതും ചര്‍ച്ച ചെയ്യാമെന്നും തരൂര്‍ മറുപടി നല്‍കി.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറുമടക്കം പാർട്ടിനേതാക്കൾ തള്ളിപ്പറഞ്ഞിട്ടും തരൂര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതേസമയം തരൂരിനെതിരെ മൃദുനിലപാടാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്വീകരിച്ചത്. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. വ്യവസായാന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ വളർച്ച സ്വാഗതാർഹമായ മാറ്റമാണെന്നും സംസ്ഥാനത്തെ മുരടിപ്പിൽ നിന്ന് പുറത്തുകൊണ്ടുവരാനുള്ള സാമ്പത്തിക മാറ്റത്തെ എല്ലാ പാർട്ടികളും പിന്തുണയ്ക്കുമെന്ന് ആശിക്കുന്നതായും ലേഖനത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.