വിത്ത് ഔട്ട് മാത്തമാറ്റിക്‌സ്, ഭൂമി വെറുമൊരു വട്ടപൂജ്യം; കണക്ക് പരീക്ഷയില്‍ ഗൂഗിള്‍ എട്ടുനിലയില്‍ പൊട്ടി

Web Desk
Posted on May 16, 2019, 10:12 am

ഗൂഗിളിന്‍റെ പല കണ്ടുപിടുത്തങ്ങളും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി പ്രോഗ്രാമുകളുടെ കാര്യ‍ത്തില്‍ കൃത്യമായ മുന്നേറ്റവും ഇവര്‍  നടത്തിവരുകയാണ്.  എന്നാല്‍ ഇത്തവണ പണിയൊന്ന് പാളി. മറ്റൊന്നുമല്ല ഗൂഗിളിന്റെ നിര്‍മ്മിതബുദ്ധി പ്രോഗ്രാമായ ‘ഡീപ് മൈന്‍ഡ്’ കണക്ക് പരീക്ഷയില്‍ പരാജയപ്പെട്ടു.

അതിശയിക്കേണ്ട, ബ്രിട്ടനില്‍ 16 വയസ്സുളള കുട്ടികള്‍ക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിള്‍ എഐ തോറ്റത്. പരീക്ഷയെ നേരിടാന്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും അധികൃതര്‍ നല്‍കിയെങ്കിലും പരീക്ഷയില്‍ ഈ നിര്‍മ്മിതബുദ്ധി എട്ടു നിലയില്‍ പൊട്ടി.

ആകെ ചോദ്യങ്ങള്‍ 40, എന്നാല്‍ ശരിയാക്കിയ ഉത്തരങ്ങളുടെ എണ്ണമാകട്ടെ വെറും 14 എണ്ണം മാത്രം. മറ്റ് കുട്ടികള്‍ ഈ പരീക്ഷയില്‍ ജയിച്ചപ്പോള്‍ ഡീപ് മൈന്‍ഡ് മാത്രം പൊട്ടി പാളീസായി എന്ന് പറയാം.

പരീക്ഷയില്‍ തോറ്റതിന് പിന്നാലെ ചോദ്യങ്ങളും ഉയര്‍ന്നു. മനുഷ്യര്‍ ചെയ്യുന്ന എല്ലാ ജോലികളും  ചെയ്യിപ്പിക്കാനാകുന്ന നിര്‍മ്മിതബുദ്ധിക്ക് എന്ത് പറ്റിയെന്നാണ് പ്രധാന ചോദ്യം. എന്നാല്‍ ഇതിനും കൃത്യമായ വിശദീകരണമുണ്ട്. പരീക്ഷയെ നേരിടാന്‍ ഡീപ് മൈന്‍ഡിനു ആവശ്യമായ അല്‍ഗോരിതം തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യങ്ങളിലെ ചില ചിഹ്നങ്ങള്‍, വാക്കുകള്‍, സംഖ്യകള്‍ എന്നിവ മനസ്സിലാക്കാന്‍ ഡീപ് മൈന്‍ഡിനു സാധിച്ചില്ല. ചില കണക്കുകള്‍ യന്ത്രങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്നും അതു മനസ്സിലാക്കി ചെയ്യാന്‍ മനുഷ്യര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നാണ് ഇവരുടെ വാദം.

You May Also Like This…