മനുഷ്യജീവിതത്തിലെ സമസ്ത രംഗത്തും അവിഭാജ്യ ഘടകമായി നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് മാറുമ്പോൾ നാളെ അതിന്റെ പരിണത ഫലം എന്തായിരിക്കുമെന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ശാസ്ത്ര ലോകത്തിനുള്ളത്. എഐ എന്ന് വിളിപ്പേരുള്ള ഈ സാങ്കേതിക വിദ്യയെ അറിഞ്ഞോ അറിയാതെയോ നമ്മൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഫോൺ, സിസിടിവി തുടങ്ങിയവയിലൂടെ നിർമ്മിത ബുദ്ധിയെ നമുക്ക് അടുത്തറിയാനാകും. പാട്ട് പാടുവാനും ചിത്രം വരയ്ക്കുവാനും ലേഖനം എഴുതുവാനുമെല്ലാം ഇന്ന് നിർമ്മിത ബുദ്ധിയുടെ സഹായം തേടുമ്പോൾ നാളെ ഇതിന്റെ സാധ്യതകൾ എന്തെന്ന ചർച്ച ലോകത്ത് സജീവമാണ്.
1956ൽ നിർമ്മിത ബുദ്ധിയെ കുറിച്ച് അമേരിക്കൻ ശാസ്‌ത്രജ്ഞനായ ജോൺ മക്കാര്‍ത്തി ആരംഭിച്ച പഠനങ്ങൾ ഇന്ന് ലോകമെമ്പാടും ഏറ്റുപിടിക്കുന്നുണ്ട്. ചിന്തിക്കാനും പഠിക്കുവാനും തീരുമാനമെടുക്കാനുമുള്ള കഴിവാണ് മനുഷ്യരെ യന്ത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഇത്തരം കഴിവുകൾ മനുഷ്യനെക്കാൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ പ്രാപ്തരായ യന്ത്രങ്ങൾ ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കുക? ആധുനിക സാങ്കേതികവിദ്യയിൽ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി അഥവാ കൃത്രിമ ബുദ്ധി മനുഷ്യന്റെ ജീവിതത്തിൽ ഏതെല്ലാം മേഖലകളിലായിരിക്കും പ്രതിഫലിക്കുക എന്നത് ശാസ്ത്ര ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത് .
ഭൗതിക ശാസ്ത്രത്തിനുള്ള 2024ലെ നൊബേൽ സമ്മാനം പുതിയൊരു ചർച്ചയ്ക്ക് കൂടി വഴിയൊരുക്കി. അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ജോൺ ജെ ഹോപ്‌ഫീൽഡും ബ്രിട്ടീഷ് – കനേഡിയൻ കമ്പ്യൂട്ടര്‍ സയന്റിസ്റ്റ് ജെഫ്രി ഹിന്റണും പുരസ്കാരം പങ്കിട്ടു. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കായിരുന്നു പുരസ്കാരം. നിർമ്മിത ബുദ്ധി ഭൗതിക ശാസ്ത്രമാണോ എന്നതായിരുന്നു വിവാദത്തിന്റെ താത്വികതലം. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലേക്ക് ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് പുരസ്കാരം വഴിതുറന്നത്.
മനുഷ്യന്റെ തലച്ചോറ് പോലെ കമ്പ്യൂട്ടറിന് ഓർമ്മിച്ചുവയ്ക്കാൻ പറ്റുന്ന മെമ്മറി വികസിപ്പിച്ചെടുത്തത് ജോൺ ഹോപ്‌ഫീൽഡ് ആയിരുന്നു. അസോസിയേറ്റഡ് മെമ്മറി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചിത്രങ്ങളിലെ തിരിച്ചറിയാവുന്ന വസ്തുക്കൾ ഡേറ്റയായി ഓർമ്മിച്ചുവയ്ക്കാൻ കമ്പ്യൂട്ടറിനെ സഹായിക്കുന്ന മാതൃകകൾ നിർമ്മിച്ചത് ജെഫ്രി ഹിന്റനായിരുന്നു. നിർമ്മിത ബുദ്ധിയുടെ തലതൊട്ടപ്പൻ എന്നാണ് പ്രൊഫ. ഹിന്റനെ വിശേഷിപ്പിക്കുന്നത്. നിർമ്മിത ബുദ്ധി അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്നും അപകടസാധ്യതയുണ്ടെന്നും മുന്നറിപ്പു നൽകിയ ആളാണ് 2023ൽ ഗൂഗിളിൽനിന്ന് രാജിവച്ചിറങ്ങിപ്പോയ ഹിന്റണ്‍.
നിർമ്മിത ബുദ്ധിയുടെ അടിസ്ഥാന ശിലയാണ് ഡാറ്റ. 95 കോടിയോളം ഇന്റർനെറ്റ് വരിക്കാരും 117 കോടിയോളം ഫോൺ ഉപയോക്താക്കളുമുള്ള രാജ്യമാണ് ഇന്ത്യ. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ സമ്പന്ന വിഭാഗങ്ങൾക്ക് മാത്രമായിരുന്നു സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ സാധാരണക്കാർക്കും എളുപ്പത്തിൽ അത് അനുഭവവേദ്യമാകുന്നു. ലോകത്തെ പ്രമുഖ ഇന്റർനെറ്റ് കമ്പനിയുടെ ഉപഭോക്താക്കളുടെ വലിയ പങ്കും ഇന്ത്യയിലാണ്. ഏറ്റവും ചെലവ് കുറഞ്ഞ ഇന്റർനെറ്റ് സംവിധാനങ്ങളും ഇന്ത്യയിൽ ലഭ്യമാണ്. ഇതിലൂടെ ആഗോളതലത്തിൽ വിവര സാങ്കേതിക മേഖലയിൽ കഴിവുറ്റ മാനവശേഷിയുടെ ലഭ്യത ഉറപ്പാക്കുവാനും കഴിയുന്നു.
നിർമ്മിത ബുദ്ധിയുടെ ഗുണഫലങ്ങൾ പരമാവധി പരീക്ഷിക്കുകയാണ് ലോകം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍, റീട്ടെയിൽ, ഓട്ടോമൊബൈൽ തുടങ്ങി ബഹിരാകാശ ഗവേഷണം വരെ നീണ്ടുനിൽക്കുന്നതാണ് ഇതിന്റെ സാധ്യതകൾ. ഇന്ത്യയിൽ 63.61 ശതമാനം അധ്യാപകർ നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സ്മാർട്ട് ഫോണിനെക്കാൾ ശക്തമായ സ്വാധീനം വിദ്യാർത്ഥികൾക്കിടയിൽ ചെലുത്തുവാനും ഇവയ്ക്ക് കഴിയുന്നുണ്ട് . ഇന്നിപ്പോൾ നിർമ്മിത ബുദ്ധിയില്ലാത്ത ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലായെന്ന് തന്നെ പറയാം. ഊബറും ഗൂഗിൾ മാപ്പും ടെലിവിഷനും ജി മെയിലും ഫേസ്ബുക്കും അലക്സയും ചാറ്റ് ജിപിടിയുമെല്ലാം നിർമ്മിത ബുദ്ധിമയം.
സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും നിർമ്മിത ബുദ്ധി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് തങ്ങളുടെ നേട്ടത്തിനായി ദുരുപയോഗം ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു വശം. സൈബര്‍ ക്രിമിനലുകള്‍ക്ക് ഉപയോഗിക്കാവുന്ന ശക്തമായ ടൂളുകള്‍ നല്‍കുന്നതിനാല്‍, ഡിജിറ്റല്‍ സുരക്ഷാ മേഖലയില്‍ ഒരു പ്രധാന ഘടകമായി മാറാന്‍ നിർമ്മിത ബുദ്ധിക്ക് സാധിക്കും. ലോകത്ത് ഇന്നേവരെ നടന്ന പഠനങ്ങളെല്ലാം വെളിപ്പെടുത്തുന്നത് നിർമ്മിത ബുദ്ധി വിവിധ മേഖലകളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ്. ഇതിന്റെ സഹായത്താൽ ജീനുകളിൽ മാറ്റം വരുത്തി രോഗ പ്രതിരോധശേഷിയുള്ള അത്യുല്പാദനം നൽകുന്ന വിത്തിനങ്ങൾ ഉണ്ടാക്കാമെന്നാണ് വിവിധ ഗവേഷക റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ എക്സ്റേ, സ്കാനിങ് എന്നിവ നടത്താതെ രോഗങ്ങള്‍ മുൻകൂട്ടി അറിഞ്ഞ് നിർണയിക്കുവാന്‍ കഴിയുമെന്നും പറയുന്നു.
നല്ലവശങ്ങൾ നൂറാണെങ്കിലും ദൂഷ്യവശങ്ങള്‍ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മെക്കൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം ഈ സംവിധാനം വൻകിട വ്യവസായ സ്ഥാപനങ്ങളിൽ ജോലിക്കാർക്കിടയിൽ വലിയ വേർതിരിവ് സൃഷ്ടിക്കും. കൂടാതെ നിർമ്മിത ബുദ്ധിയുടെ കുതിച്ചുചാട്ടം തൊഴിൽ മേഖലയ്ക്ക് ഭീഷണി ഉയർത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. മനുഷ്യശേഷിക്ക് പകരമായി നിർമ്മിത ബുദ്ധി മാറ്റി പ്രതിഷ്ഠിക്കപ്പെടുമ്പോൾ പല തൊഴിലുകളും ഇല്ലാതാകാം. കൂടുതൽ ലാഭം നേടാൻ ആഗോള കുത്തക സ്ഥാപനങ്ങൾ നിർമ്മിത ബുദ്ധിയെ ഉപയോഗിക്കുന്ന കാലവും വിദൂരമല്ല.
സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിൽ മൂലധന കേന്ദ്രീകരണത്തിന്റെ വ്യാപനം ലോകത്ത് ഒട്ടേറെ വിപത്തുകൾക്കാണ് കാരണമായത്. നല്ല ഭക്ഷണത്തിനായുള്ള ഹോട്ടലുകള്‍ക്കും മറ്റാവശ്യങ്ങൾക്കായും ഗൂഗിളിൽ നമ്മൾ റിവ്യൂ വീഡിയോകൾ തിരയുമ്പോഴുള്ള അപകടം മറക്കരുത്. നമ്മൾ ചെയ്യുന്നതെല്ലാം ഒരാൾ ഒളിച്ചിരുന്നു കാണുന്നുണ്ട്. അത് നിര്‍മ്മിത ബുദ്ധിയാണ്. നമ്മള്‍ അയയ്ക്കുന്ന ഇ‑മെയിലും ഫോണ്‍ ആശയവിനിമയവും സംഭാഷണവും തിരിച്ചറിയാനും സ്വാഭാവിക ഭാഷ മനസിലാക്കാനും നിര്‍മ്മിത ബുദ്ധിക്ക് സാധിക്കും. ഇതോടെ നമുക്ക് ആവശ്യമുള്ള, അല്ലെങ്കില്‍ നമ്മള്‍ ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ നമ്മുടെ ഫോണിലെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വരുന്നു. അതിപ്പോള്‍ ഹോട്ടലുകളുടെയോ നമ്മള്‍ തിരഞ്ഞ സാധനങ്ങളുടെയോ പരസ്യങ്ങളുമാകാം.
വ്യക്തിഗത വിവര വിശകലനത്തിന്റെ വേഗതയും ശേഷിയും വര്‍ധിപ്പിച്ച് സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ഇവയെ ഉപയോഗിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന അപകടവും നിർമ്മിത ബുദ്ധിയുടെ സവിശേഷതയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസ് ബൗളറായ മുഹമ്മദ് ഷമിയും ടെന്നീസ് ഇതിഹാസമായ സാനിയ മിർസയും വിവാഹിതരായ ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ ജീവിതത്തിൽ ഇതുവരെ സാനിയ ഷമിയെ നേരിട്ട് കണ്ടിട്ട് പോലുമില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഇവിടെയാണ് നിർമ്മിത ബുദ്ധിയിലൂടെ ഒളിഞ്ഞിരിക്കുന്ന ഡീപ് ഫേക്ക് എന്ന ടെക്‌നോളജിയുടെ അപകടം തിരിച്ചറിയേണ്ടത്.
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി നിർമ്മിക്കുന്ന ചിത്രങ്ങളും വീഡിയോകളും യാഥാർത്ഥ്യത്തെ പോലും വെല്ലുന്നതാണ്. വ്യാജ വീഡിയോകള്‍ നിർമ്മിക്കാൻ സഹായിക്കുന്ന ചില ആപ്പുകളും സോഫ്റ്റ്‌വേറുകളുമുണ്ട്. ഇവയെല്ലാം ഉപയോഗിച്ചാണ് പുതിയ തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ ശബ്ദം മാറ്റാന്‍ കഴിയും എന്നതും തട്ടിപ്പിന്റെ വ്യാപ്തി കൂട്ടുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഒരു പ്രസംഗം വൈറലായിരുന്നു. വിദഗ്ധനല്ലാത്ത ഒരാള്‍ക്ക് വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു നിർമ്മിത ബുദ്ധിയിലൂടെ വ്യാജ വീഡിയോ നിർമ്മിച്ചത്. ഇങ്ങനെ ഭാവിയിലെ തെരഞ്ഞെടുപ്പുകളെയും നീതിന്യായ വ്യവസ്ഥകളെയും അട്ടിമറിക്കാൻ പോലും കഴിയുമെന്നത് ലോകത്തിന് നൽകുന്ന സന്ദേശം ചെറുതല്ല.
ഡീപ്‌ഫേക്ക് എന്ന ടെക്നോളജിയിലൂടെ വ്യാജ വീഡിയോ കോള്‍ വഴി പണം തട്ടിയ സംഭവങ്ങൾ കേരളത്തിൽ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡീപ്‌ഫേക്ക് ടെക്‌നോളജി ഉപയോഗിച്ച് സുഹൃത്തിന്റെ മുഖവും ശബ്ദവും ഒക്കെ വ്യാജമായി നിർമ്മിച്ച് വീഡിയോ കോള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.