21 April 2024, Sunday

തത്വമസി — പക്ഷേ അതു നീയല്ല

രമേശ് ബാബു
മാറ്റൊലി
August 12, 2021 5:20 am

‘ഉയർന്ന വിദ്യാഭ്യാസം നേടിയ ഗോത്രവർഗം മാത്രമാണ് ആധുനിക ഇന്ത്യക്കാർ. അവർ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. വിവാഹം ഇവിടെ സ്ത്രീധനം വാങ്ങി സ്ത്രീകളെ അടുക്കള പണിക്കാരിയോ വീട്ടുവേലക്കാരിയോ ആക്കിമാറ്റുന്ന ഏർപ്പാടാണ്. കൈക്കൂലി, അഴിമതി ഒക്കെ ഇന്ത്യൻ സമൂഹത്തിന്റെ മുഖമുദ്രകളാണ്. വ്യക്തിസ്വാതന്ത്ര്യം എന്തെന്നുപോലും ഭരണകൂടത്തിന് അറിയില്ല. ഗോത്രങ്ങൾ ഇവിടെ ജാതി എന്ന പേരിൽ അറിയപ്പെടുന്നു…’

അയ്യായിരം വർഷങ്ങൾക്ക് മുന്നേ വേദങ്ങൾ എഴുതപ്പെട്ട, ബുദ്ധനും ചാർവാകനും ശങ്കരാചാര്യർക്കുമൊക്കെ ജൻമം നൽകിയ തത്വജ്ഞാനികളുടെ നാടായ ഭാരതത്തിന്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ച് ജർമ്മൻ യൂണിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനായ ഗ്രീക്ക് വംശജൻ പ്രൊഫ. വൈറോൺ കൊളിൻ നടത്തിയിട്ടുള്ള പ്രസ്താവങ്ങളാണ് മേലുദ്ധരിച്ചത്. കേരളം ഭേദമായിരിക്കുമെന്നാണ് താൻ കരുതിയിരുന്നതെങ്കിലും വിദ്യാഭ്യാസവും വിജ്ഞാനവുമുള്ള ഗോത്രവർഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളമെന്നും അദ്ദേഹം പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രൊഫ. കോളിന്റെ നിരീക്ഷണങ്ങളെ പൂർണമായി ഒരിക്കലും അംഗീകരിക്കാനാകില്ല, കാരണം ഗോത്രവർഗങ്ങളിൽ നിന്ന് ഇതിഹാസങ്ങളോ, സ്മൃതികളോ ഒന്നും ഉണ്ടായ ചരിത്രമില്ല. എന്നാൽ അദ്ദേഹത്തിന്റെ വാദങ്ങളെ ഭാഗികമായെങ്കിലും സമർത്ഥിക്കാൻ പോന്നതാണ് കേരള ജനത ഈ കാലഘട്ടത്തിലും തുടർന്നുപോകുന്ന മാനസികാവസ്ഥകളും ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന ജാതീയ വിവാദങ്ങളും.

നവോത്ഥാന നായകന്മാരുടെയും പരിഷ്കർത്താക്കളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും അക്ഷീണ പ്രയത്നങ്ങളുടെ ഫലമായി ജാതീയമായ അധീശത്വത്തെ തകർത്ത് കേരളം ജനാധിപത്യ സംവിധാനത്തിലേക്കെത്തുന്നത് ത്യാഗങ്ങൾക്കും ബലികൾക്കും ശേഷമാണ്. പരിഷ്കൃതിയുടെ ആശയങ്ങൾ പ്രചരിക്കാൻ തുടങ്ങിയപ്പോൾ സവർണ മൂല്യവ്യവസ്ഥ രൂപപ്പെടുത്തിയ ജന്മസിദ്ധമായ വിശുദ്ധി — അശുദ്ധി സങ്കല്പങ്ങൾ പിന്നാക്കം പോയെന്ന ധാരണയായിരുന്നു പുരോഗമനേച്ഛുക്കൾക്ക്. എന്നാൽ ജാതീയമായ ശ്രേണിക്രമങ്ങളും അതുണ്ടാക്കിയ അധീശത്വവ്യവസ്ഥയും ശക്തമായി തന്നെ തുടരുകയാണ് സമകാലിക കേരളീയ സമൂഹത്തിൽ.

ജാതിയുമായി ബന്ധപ്പെട്ട് വ്യക്തികൾ അനുഭവിച്ചു വന്ന പരിഗണനകൾ ആചാരത്തിന്റെയോ മാമൂലുകളുടെയോ പേരിൽ തുടർന്നും അനുഭവിക്കാനും ഗുണഭോക്താവാകാനും ഉള്ള അഭിവാഞ്ഛയിൽ നിന്നാണ് ഈ ഉത്തരാധുനികാനന്തര സമൂഹത്തിലും ജാതിപ്പേരുകൾ കൂട്ടിക്കെട്ടി ചെറുബാല്യക്കാരെ തിമിരം ബാധിച്ച രക്ഷിതാക്കൾ വിദ്യാലയങ്ങളിലേക്കുപോലും ആനയിക്കുന്നത്. ഈ തിമിരം ഭരണസ്ഥാപനങ്ങളിൽ ഭാരവാഹിത്വം ഉള്ളവരെയും ബാധിച്ചിരിക്കുന്നുവെന്നതിന് തെളിവാണ് 2021 സീസണിലേക്കുള്ള ശബരിമല മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ജൂൺ ഒന്നിന് പ്രസിദ്ധീകരിച്ച പരസ്യവും തുടർവിവാദങ്ങളും സൂചിപ്പിക്കുന്നത്. ശബരിമല/മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നാണ് ദേവസ്വം വെബ്സൈറ്റ് പറയുന്നത്.

തത്വമസി — അതായത് നീ തേടുന്നതെന്താണോ അത് നീതന്നെയെന്ന ഉപനിഷത്ത് സന്ദേശമാണ് അയ്യപ്പക്ഷേത്രം പ്രതിധ്വനിപ്പിക്കുന്നത്. കലിയുഗവരദനായ ശബരീശന് മുന്നിൽ മനുഷ്യനും ദൈവവും ഒന്നാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അയ്യപ്പക്ഷേത്രം ജാതിമത ഭേദങ്ങൾക്ക് അതീതമാണ്. സർവ മതവിശ്വാസികളെയും ഒരു പോലെ സ്വാഗതം ചെയ്യുന്ന ശബരിമല പോലെ മറ്റൊരു ആരാധനാലയം ഇന്ത്യയിൽ വേറെ ഇല്ലെന്നു തന്നെ പറയാം. വാവരുസ്വാമി എന്ന മുസ്‌ലിം ദിവ്യൻ വരെ ശബരിമലയിൽ ആരാധനാമൂർത്തിയാണ്. കാനന പശ്ചാത്തലത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ 41 നാൾ വ്രതംനോറ്റാണ് ദർശനം അനുഷ്ഠിക്കപ്പെടുന്നത്. ഇത് ശാരീരികവും ആന്തരികവുമായ ശുദ്ധീകരണമാണ് അനുഷ്ഠാക്കളിൽ സാധ്യമാക്കുന്നത്. ഭേദചിന്തകളില്ലാത്ത ഈ ക്ഷേത്രത്തിൽ ഏതു മതക്കാരൻ ശാന്തിയായാലും അത് തത്വമസി എന്ന പൊരുളിന്റെ സാക്ഷാത്കാരം മാത്രമായിരിക്കും.

കേരളം മാവേലിമന്നനെക്കുറിച്ച് പുലർത്തുന്ന മൗലിക സങ്കല്പം പോലെ അയ്യപ്പനും തനി കേരളീയനായ ഒരു മൂർത്തി മാത്രമാണ്. ഒരു ഭാരതീയ പുരാണങ്ങളിലും അയ്യപ്പൻ എന്നൊരു ദൈവമില്ല. ശ്രീബുദ്ധനെ അയ്യപ്പനാക്കി ചിത്രീകരിച്ചതാണെന്നും അയ്യപ്പൻ ആദിവാസികളുടെ ദൈവമാണെന്നും വാദങ്ങളുണ്ട്. ചേർത്തലയിലെ ചീരപ്പൻചിറയിൽ നിന്ന് പന്തളം രാജാവ് കണ്ടെടുത്ത വില്ലാളിവീരനായ ഈഴവ യുവാവാണ് അയ്യപ്പനെന്നും ചരിത്ര കഥനങ്ങളുണ്ട്. പറഞ്ഞുവന്നാൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ പൂർവികനായിട്ടുവരും അയ്യപ്പൻ. ഇത്തരം പശ്ചാത്തലമുള്ള അയ്യപ്പനെ പൂജിക്കാൻ മലയാള ബ്രാഹ്മണൻ മാത്രംമതി എന്നാണ് പറയുന്നത്. മലയാള ബ്രാഹ്മണൻ എന്നൊരു ജാതിയോ വർഗമോ കേരളത്തിൽ നിലവിലില്ല എന്നത് മറ്റൊരു വൈരുദ്ധ്യമാണ്.

ശബരിമല മേൽശാന്തി തസ്തികയിലേക്ക് സിജിത്ത് ടി എൽ, വിജീഷ് പി ആർ, സി വി വിഷ്ണുനാരായണൻ തുടങ്ങി അവർണ വിഭാഗങ്ങളിൽ നിന്നുള്ള ശാന്തിക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ദേവസ്വം വിജ്ഞാപനം അനുസരിച്ച് ഇവർ ഈ തസ്തികയ്ക്ക് യോഗ്യരല്ല. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും താന്ത്രികവിദ്യകളും പൂജാവിധികളുമൊക്കെ അഭ്യസിച്ചിട്ടുള്ള ഇവർ നീതിക്കായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ശാന്തി നിയമനത്തിൽ ജാതീയ വിവേചനം പാടില്ലെന്ന് എൻ ആദിത്യൻ VS തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിൽ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വിധിച്ചിട്ടുണ്ട്. ജാതികളുടെ ആചാരങ്ങളെ മതാചാരമായി പരിഗണിക്കുക സാധ്യമല്ലെന്നും മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ ഒരു മതാവകാശവും ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും എൻ ആദിത്യൻ VS തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിൽ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഭരണഘടനയുടെ പ്രധാന ആപ്തഗീതങ്ങളിലൊന്ന് ജാതീയതയുടെ പഴയകാലം തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തലാണെന്നും ജാതി എന്നത് ഭാവിയിൽ സാമൂഹ്യശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഫോസിൽ മാത്രമായി തീരണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞിരുന്നു.

1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ രാജ്യത്തിനുതന്നെ മാതൃകയായിരുന്നു കേരളം. ജനാധിപത്യഭരണം നിലവിൽ വന്നശേഷം 1969 ൽ ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ വിവേചനം നടത്താതെ താല്പര്യമുള്ള എല്ലാവരെയും തന്ത്രവിദ്യ അഭ്യസിപ്പിച്ച് ശാന്തിക്കാരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കി അംഗീകാരം നല്കിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവല്ലയിൽ ശ്രീരാമകൃഷ്ണ മഠത്തിന് കീഴിൽ തന്ത്രവിദ്യാ പാഠശാലയും ആരംഭിച്ചിരുന്നു. ഇവിടെ നിന്നും പഠിച്ചിറങ്ങിയ പരമുശർമയാണ് ദേവസ്വം ബോർഡിന് കീഴിൽ ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ ദളിതൻ. സി അച്യുതമേനോൻ മുഖ്യമന്ത്രിയും പ്രാക്കുളം ഭാസി ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന കാലത്താണ് ദേവസ്വത്തിൽ ആദ്യമായി അവർണ വിഭാഗക്കാർ ശാന്തിക്കാരായി നിയമിതരാകുന്നത്. പൂജാരി ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് നിയമനങ്ങളിൽ ജാതി പരിഗണന പാടില്ലെന്ന് 03.10. 2012 ലെ ഒരു ജാതീയ കേസിൽ അസന്ദിഗ്ധമായി സുപ്രീം കോടതി പ്രസ്താവിച്ചിട്ടുള്ളതാണ്.

കർണാടകയിൽ സ്ത്രീകളെ ക്ഷേത്രപൂജാരികളാക്കിയിട്ട് വർഷങ്ങളായി. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ സ്ത്രീകളെ സർക്കാർ ശാന്തികളായി നിയമിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. കേരളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണൻ കോവിലിൽ മേൽശാന്തിയായി നിയമിതനായ ഉണ്ണി പൊന്നപ്പൻ എന്ന യുവാവ് 2021 ഓഗസ്റ്റ് ഒന്നിന് ജാതി അധിക്ഷേപം നേരിട്ടിരിക്കുകയാണ്!

തത്വമസിയുടെ അർത്ഥം എന്നാണ് നമ്മൾ തിരിച്ചറിയുക?

മാറ്റൊലി

എന്തിനു ഭാരതധരേ കരയുന്നു

പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണുതായേ!

- കുമാരനാശാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.