Friday
19 Jul 2019

ഉണക്കതേങ്ങ കൊണ്ട് കുസൃതികുട്ടന്മാരെ നിര്‍മ്മിച്ച് ഒരു കലാകാരന്‍

By: Web Desk | Friday 7 June 2019 7:25 PM IST


നെടുങ്കണ്ടം: ഉണക്കതേങ്ങയില്‍ നിന്നും കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് നെടുങ്കണ്ടം സ്വദേശി ശ്രദ്ധയാകര്‍ഷിക്കുന്നു. നെടുങ്കണ്ടം ആശാരികണ്ടം പൊയ്കയില്‍ വീട്ടില്‍ മോഹന്‍ദാസ് ഒരുക്കുന്ന കരകൗശല വസ്തുക്കള്‍ വാങ്ങുവാന്‍ വിദേശത്ത് നിന്ന് വരെ ആവശ്യക്കാര്‍. ഉപയോഗശൂന്യമായി പറമ്പില്‍ കിടക്കുന്ന ഉണക്കതേങ്ങ മോഹന്‍ദാസിന്‍റെ കൈകളില്‍ എത്തിയാല്‍ മനോഹരമായ കരകൗശല വസ്തുവായി മാറും. ഗണപതിയും ഹട്ടും കിളിക്കൂടം കുരങ്ങന്‍മാരുമൊക്കൊയി തേങ്ങകള്‍ മാറും. ഉണങ്ങിയ തേങ്ങ കത്തിയും ബ്ലേഡും ഉപയോഗിച്ച് ചീകി ഒരുക്കിയാണ് കര കൗശല വസ്തുക്കള്‍ ഒരുക്കുന്നത്.

തേങ്ങയുടെ പുറം തോട് പോലും കളയാതെയാണ് നിര്‍മ്മാണം. ഒരു ദിവസം മൂന്ന് വരെ കരകൗശല വസ്തുക്കള്‍ ഇദേഹം ഒരുക്കും. പൂര്‍ണ്ണമായും കൈകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. പോളീഷ് ചെയ്ത് മിനുക്കാതെ നിര്‍മ്മിച്ച രീതിയില്‍ തന്നെ വിപണിയിലെത്തിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ബാംഗ്ലൂരില്‍ കച്ചവടം നടത്തിയിരുന്ന മോഹന്‍ദാസ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം ആരംഭിച്ചത്. തമാശയ്ക്ക് തുടങ്ങിയ നിര്‍മ്മാണം ഇന്ന് തൊഴിലായി മാറിയിരിക്കുന്നു. ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലകളിലെ ഒരു പ്രധാന കരകൗശല വസ്തുവാണ് മോഹന്‍ദാസിന്‍റെ നിര്‍മ്മിതികള്‍. മൂന്നാറിലും തേക്കടിയിലും വാഗമണിലുമൊക്കെ കച്ചവട സ്ഥാപനങ്ങളില്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ഒരുങ്ങിയിരുക്കുന്ന കുരങ്ങന്‍മാരും ഹട്ടുമൊക്കെ ഇദേഹത്തിന്‍റെ നിര്‍മ്മിതിയാണ്. ഇടുക്കിയ്ക്ക് പുറമെ ബാംഗ്ലൂര്‍, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലും വിലപ്നയുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിനൊപ്പം താത്പര്യമുള്ളവരെ ഇത് പഠിപ്പിയ്ക്കുവാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.

ഹട്ടുകളും കിളിക്കൂടുകളും വേഗത്തില്‍ നിര്‍മ്മിയ്ക്കാനാവും, എന്നാല്‍ ഗണപതിയേയും കുരങ്ങിനേയും ഒരുക്കുന്നതിന് സമയം ഏറെ ആവശ്യമുണ്ട്. ലഭ്യമായ തേങ്ങയുടെ ആകൃതിയ്ക്കും വലുപ്പത്തിനുമനുസരിച്ച് നിര്‍മ്മാണത്തില്‍ വ്യത്യസ്ഥത പുലര്‍ത്താനും ഇദ്ദേഹം ശ്രമിക്കുന്നു. ഒരു തേങ്ങ ചെത്തി മിനുക്കി മനസില്‍ കാണുന്ന രൂപത്തിന് അനുയോജ്യമായ രീതിയില്‍ മുഖവും കൈകളും കാലുകളും ഒക്കെ ഒരുക്കി കണ്ണുകളുടെ സ്ഥാനത്ത് ഗോലികള്‍ കൂടിവെയ്ക്കുന്നതോടെ മനോഹരമായ നിര്‍മ്മിതിയായി മാറും. തേങ്ങയുടെ പുറം തോട് തലമുടിയായും രോമങ്ങളായും കിരീടമായും വീടിന്‍റെ മേല്‍ക്കുരയായുമൊക്കെ രൂപപ്പെടും. ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലയില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിന് വലിയ തൊഴില്‍ സാധ്യതകളാണ് ഉള്ളതെന്ന് മോഹന്‍ദാസ് ചൂണ്ടികാട്ടുന്നു.

You May Also Like This:

Related News