Janayugom Online
vaishnav jan to

ഗാന്ധിജിക്ക് സംഗീത ആദരവ്: 124 രാജ്യങ്ങൾ ചേർന്ന് ‘വൈഷ്ണവ് ജന തോ’ പാടുന്നു

Web Desk
Posted on October 02, 2018, 9:42 pm

മഹാത്മാ ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ‘വൈഷ്ണവ് ജന തോ തേനേ കഹി യെ ജെ  പീഡ് പരായി ജാനേ രേ’ എന്ന ഗാനം അദ്ദേഹത്തിന് ആദരാവായി 124 രാജ്യങ്ങളിലെ സംഗീതജ്ഞർ ചേർന്നു ആലപിച്ചു.

രാഷ്ടപിതാവിന്റെ 149 -ാം  ജന്മദിനത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞർ ഈ ഗാനം ഡൽഹിയിൽ ആലപിച്ചു. 124 രാജ്യങ്ങളിലെ സംഗീത വിദ്വാന്മാർ ആലാപനം ഒരുക്കുന്നതിൽ പങ്കു വഹിച്ചു.

‘മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ശുചിത്വം’ എന്ന പദ്ധതിയുടെ സമാപന ചടങ്ങിലാണ് ഗാനാലാപനം നടന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്ത ചടങ്ങിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രസ്, മന്ത്രിമാരായ സുഷമ സ്വരാജ്,  ഉമാ ഭാരതി എന്നിവർ പങ്കെടുത്തു.

 

15 -ാം നൂറ്റാണ്ടിലെ ഗുജറാത്തി കവി നരസിംഹ മേത്ത രചിച്ച ഈ ഭജൻ ഗാന്ധിജി അദ്ദേഹത്തിന്റെ നിത്യേനയുള്ള പ്രാർത്ഥനാ യോഗത്തിനു മുമ്പ് പാടിച്ചിരുന്നു. ഇന്ത്യയുടെ വിദേശ എംബസികൾ മുഖേനയാണ് സംഗീതജ്ഞരെ തെരഞ്ഞെടുത്തത്. അതിന്റെ പ്രാദേശിക തനിമ നിലനിർത്തി വിശ്വ ഗാനം തയ്യാറാക്കുകയായിരുന്നു.  അർമേനിയ മുതൽ അംഗോള വരെ, ശ്രീലങ്ക മുതൽ സെർബിയ വരെ, ഇറാക്ക് മുതൽ ഐസ്‌ലാൻഡ് വരെയുള്ള പ്രമുഖ ഗായകർ ഈ ഉദ്യമത്തിൽ അണി ചേർന്നു. വിവിധ മേഖലകളിൽ നിന്നുള്ള വിഡിയോകൾ കൂട്ടിച്ചേർത്താണ് വീഡിയോ തയ്യാറാക്കിയത്.