മദ്യപാന- പുകവലി രംഗങ്ങള്‍ ഒഴിവാക്കല്‍: പ്രതിഷേധവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍

Web Desk
Posted on July 03, 2019, 10:39 pm

കോഴിക്കോട്: മദ്യപാന‑പുകവലി രംഗങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമെ സിനിമയ്ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശക്കെതിരെ പ്രതിഷേധവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍. കുട്ടികള്‍ അനുകരിക്കുമെന്നതിനാലാണ് മദ്യപാന‑പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

ഒരു കഥാസന്ദര്‍ഭത്തേയോ കഥാപാത്രത്തേയോ അവതരിപ്പിക്കുമ്പോള്‍ മദ്യപാന‑പുകവലി രംഗങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ല.ജീവിതത്തില്‍ നിന്ന് പകര്‍ത്തിയെടുക്കുന്നതാണ് ഒരോ കലാരൂപവും. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ അതില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുവാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്താക്കുന്നു. ഇത്തരമൊരു ശുപാര്‍ശ പമ്പര വിഡ്ഢിത്തമാണെന്നും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് വിഷയത്തില്‍ ചുക്കാന്‍ പിടിക്കുന്നതെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രതികരിച്ചു. സിനിമ തന്നെ നിരോധിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നാണ് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് സംവിധായകന്‍ വി സി അഭിലാഷ് പ്രതികരിച്ചത്. മിക്കി മൗസ്, ടോം ആന്റ് ജെറി സിനിമകള്‍ക്ക് മാത്രമെ പ്രദര്‍ശനാനുമതി കൊടുക്കാവൂവെന്നും ടി വിയില്‍ കൊച്ചുടീവി മാത്രം മതിയെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.

മദ്യപാന‑പുകവലി രംഗങ്ങള്‍ മാത്രമല്ല പ്രണയവും വയലന്‍സും എല്ലാം നിരോധിക്കട്ടേയെന്നും എന്നാല്‍ കാര്യങ്ങള്‍ എളുപ്പമായില്ലേയെന്നും സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. മദ്യപാന‑പുകവലി രംഗങ്ങള്‍ മാത്രമല്ല ഫൈറ്റും പ്രണയവും പാട്ടും ഉള്‍പ്പെടെ എല്ലാം ഒഴിവാക്കി സിനിമ സാത്വികമാക്കണമെന്നായിരുന്നു സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റ വിമര്‍ശനം.

വില്ലന്‍മാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പോഴോ നിരോധിക്കേണ്ടതായിരുന്നുവെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. ടേക്കുകള്‍ കൂടുമ്പോള്‍ എത്ര കോളയാണ് ഒരോ വില്ലനും കുടിക്കുന്നതെന്ന് അദ്ദേഹം തമാശ രൂപത്തില്‍ പ്രതികരിച്ചു. സര്‍ക്കാരിന് സിഗരറ്റും മദ്യവും വില്‍ക്കുന്നത് നിര്‍ത്തിക്കൂടെ എന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പ്രതികരിച്ചത്.