Tuesday
17 Sep 2019

തോല്‍ക്കുമ്പോള്‍ ജയിക്കുന്നവര്‍

By: Web Desk | Sunday 26 May 2019 11:38 AM IST


”ഇടതുപക്ഷം അതിദാരുണമായി തകര്‍ന്നടിഞ്ഞു. ചരിത്രത്തിലേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായത്” ഇപ്രകാരമുള്ള പദപ്രയോഗങ്ങളിലൂടെയാണ് ദൃശ്യമാധ്യമങ്ങള്‍ 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷ പരാജയത്തെക്കുറിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷം അത്തരമൊരു പരാജയത്തിന് അര്‍ഹമല്ലെന്ന് നിസംശയം പറയാം. ഒരു ജനാധിപത്യ സര്‍ക്കാരെന്ന നിലയില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഇത് എതിരാളികള്‍ പോലും സമ്മതിക്കുന്നതാണ്.

പ്രളയകാല പ്രതിസന്ധികളെ ഒറ്റ മനസോടെ തരണം ചെയ്യുന്നതില്‍ ശക്തമായി ഇടപെട്ടു. ആരോഗ്യമേഖലയും പൊതു വിദ്യാഭ്യാസമേഖലയും ശാക്തീകരിച്ചു. അഴിമതിക്കെതിരാണ് സര്‍ക്കാരെന്ന സന്ദേശം സമൂഹത്തിന് നല്‍കി. സാമ്പത്തിക പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കഴിവിനപ്പുറം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഭേദപ്പെട്ട നിലയില്‍ ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നു. ഇങ്ങനെ നോക്കിയാല്‍ പൊതുവേ പ്രസരിപ്പാര്‍ന്നതും ഉത്സാഹജനകമായതുമായ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണനകള്‍ ഉണ്ടായിട്ടുപോലും. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാലും തോല്‍ക്കപ്പെടേണ്ട ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയതായി കണ്ടെത്താന്‍ കഴിയില്ലെന്നു തന്നെ പറയാം. അപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിരുദ്ധവികാരം വോട്ടായി മാറിയതിന്റെ പരിണത ഫലമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പറയാനേറെ ജനവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായിരുന്നുതാനും. എല്ലാം പ്രശ്‌നാധിഷ്ഠിതമായിരുന്നു. നോട്ട് നിരോധനം, ജി എസ് ടി, ഭരണഘടനാ നിഷേധം, പാര്‍ലമെന്റില്‍ തീരെ വരാത്ത പ്രധാനമന്ത്രി, ഭരണഘടനാ സ്ഥാപനങ്ങളുടെ ആര്‍ എസ് എസ് വല്‍ക്കരണം, സുപ്രീം കോടതിയുടെ യശസ്സ് കുറയ്ക്കുന്ന ഇടപെടലുകള്‍, വര്‍ഗ്ഗീയത വളര്‍ത്തുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍, അരുംകൊലകള്‍, മാനഭംഗങ്ങള്‍, കര്‍ഷകരുടെ പാര്‍ശ്വവല്‍ക്കരണം, തൊഴില്‍ നിയമങ്ങളുടെ ഭേദഗതി, ദേശീയ പ്രക്ഷോഭങ്ങളോടുള്ള മുഖം തിരിക്കല്‍, പ്രതിരോധം, റെയില്‍വെ ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, കോര്‍പ്പറേറ്റുകളുമായുള്ള ചങ്ങാത്തം, ശാസ്ത്രകോണ്‍ഗ്രസ് പോലുള്ള മേളകളെ നിരര്‍ഥകമാക്കല്‍ എന്നിങ്ങനെ ഏവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ മോഡി സര്‍ക്കാരിനെതിരെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പറഞ്ഞ കാര്യങ്ങളൊന്നും തെറ്റായവയല്ല. സംഘപരിവാറാകട്ടെ ഇത്തരം കാര്യങ്ങളെ നിഷേധിക്കുകയോ ന്യായീകരിക്കുകയോ ചെയ്തില്ല.

സംഘപരിവാര്‍ ശക്തികള്‍ ആദ്യം ഹൈന്ദവ ദേശീയതയെക്കുറിച്ച് പറഞ്ഞു. ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന ദേശീയതയാണ് രാജ്യത്തിനഭികാമ്യമെന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓരോ പ്രദേശങ്ങളിലും തദ്ദേശീയമായ സന്ദര്‍ഭങ്ങളെ അവര്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതിന് തന്ത്രപരമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നവീകരണം, ഗംഗ ശുദ്ധീകരണം, അയോധ്യ ക്ഷേത്രനിര്‍മാണം, ശബരിമല യുവതീപ്രവേശന വിഷയവും നാമജപഘോഷയാത്രയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാനിര്‍മാണം, ഉത്തര്‍പ്രദേശില്‍ ശ്രീരാമന്റെ പ്രതിമാനിര്‍മാണ പ്രഖ്യാപനം, എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെ ഹൈന്ദവ ദേശീയതയുടെ പ്രയോഗവല്‍ക്കരണം സംഘപരിവാര്‍ സാധിതപ്രായമാക്കിക്കൊണ്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പ്രത്യേകിച്ച് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ദേശീയത ഫലം കാണുന്നില്ലെന്ന തോന്നലില്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ട്, ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടും വീണുകിട്ടിയ ‘ചൗക്കീദാര്‍’ പരിവേഷത്തെ രാജ്യത്തിന്റെ വിശ്വസ്തനും വിനീത വിധേയനുമായ കാവല്‍ക്കാരനാണ് താനെന്നും പാക്കിസ്ഥാന് തക്കതായ മറുപടി കൊടുക്കണമെങ്കില്‍ അത് തനിക്ക് മാത്രം കഴിയുന്ന കാര്യമാണെന്നും ഏറ്റവും സൂത്രശാലിയും സമര്‍ത്ഥനുമായ അഭിനേതാവിന്റെ ഭാവങ്ങളോടെ മോഡി രാജ്യത്തോടായി പറഞ്ഞുകൊണ്ടേയിരുന്നു. ദേശീയതയില്‍ നിന്നും മോഡി എന്ന വ്യക്തിയിലേക്ക് സംഘപരിവാര്‍ താല്‍പ്പര്യങ്ങളെ കേന്ദ്രീകരിക്കുന്നതില്‍ അമിത്ഷാക്കും മോഡിക്കും സാധിച്ചു. ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ദേശീയതയുടെ അപകടത്തെ പ്രതിരോധിക്കുന്നതിനോ പാക്കിസ്ഥാനെന്ന ശത്രുരാജ്യത്തില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചു പിടിക്കാനുള്ള ഏക വ്യക്തി താനാണെന്ന ബിംബവല്‍ക്കരണത്തെ തകര്‍ക്കുന്നതിനോ പ്രതിപക്ഷങ്ങള്‍ക്ക് കഴിഞ്ഞില്ല. അത് കഴിവില്ലായ്മകൊണ്ട് സംഭവിച്ചതല്ല. മറിച്ച് കഴിഞ്ഞ എഴുപത് വര്‍ഷക്കാലമായി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഗാന്ധിവധം മുതലിങ്ങോട്ട് സംഘപരിവാര്‍ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും നിലനിര്‍ത്തിപ്പോന്ന ഭൂരിപക്ഷ വര്‍ഗ്ഗീയതയെ, 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ മാത്രമായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒന്നായതുകൊണ്ടാണ്. മൃദു ഹിന്ദുത്വമെന്ന ഓമനപ്പേരില്‍ ഹൈന്ദവതയെ തൊട്ടും തലോടിയും ദേശീയ പ്രസ്ഥാനത്തിന്റെ ചെലവില്‍ എല്ലാക്കാലവും കുടുംബവാഴ്ച നിലനിര്‍ത്താമെന്ന് വ്യാമോഹിച്ചവര്‍ക്കുള്‍പ്പെടെ പറ്റിയ വലിയ തെറ്റിന്റെ മഹാവിപത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ദേശീയതലത്തില്‍ സംഭവിച്ച തകര്‍ച്ചയും സൂചിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ഇടതുപക്ഷ മന്ത്രിസഭ നാം വിഭാവനം ചെയ്യുന്നതിനേക്കാള്‍ പുരോഗമനപരമാണ്. ജനക്ഷേമകരമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ശരിയായ ദിശയില്‍ മുന്നേറുന്ന സര്‍ക്കാരാണ്.

അന്തര്‍ദേശീയ തലത്തിലും അഖിലേന്ത്യാ തലത്തിലും വനിതകളുടെ നേരെയുള്ള അതിദാരുണമായ കയ്യേറ്റങ്ങള്‍ നടന്നതോടൊപ്പം തന്നെ വനിതാ വിമോചന പ്രവര്‍ത്തകരുടെയും പ്രസ്ഥാനങ്ങളുടെയും ഇടപെടലുകളും ശക്തിപ്പെട്ടു. പുരുഷാധിപത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കുമെതിരെയും കുടുംബത്തിനുള്ളിലും പുറത്ത് സമൂഹത്തിലും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളും പ്രക്ഷോഭങ്ങളും അവഗണിക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യമായിത്തീര്‍ന്നു.  ഇത്തരമൊരന്തരീക്ഷത്തിലാണ് ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുണ്ടാവുന്നത്. ഇവിടെയാണ് മതരാഷ്ട്രീയം അതിന്റെ കുടിലബുദ്ധി ഏറ്റവും കൗശലപൂര്‍വം പ്രയോഗിക്കാന്‍ തുനിയുന്നത്. സമൂഹത്തില്‍ വര്‍ഗീയമായ ചേരിതിരിവിന് യാതൊരു സാധ്യതയുമില്ലാതിരുന്ന കേരളത്തില്‍ വര്‍ഗീയതകൊണ്ട് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സംഘപരിവാര്‍ ശക്തികള്‍ നിസ്സഹായമാവുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനശൈലി അനുവര്‍ത്തിക്കാന്‍ നിവൃത്തിയില്ലാതെ മറ്റ് സാമൂഹിക വിഷയങ്ങളിലിടപ്പെട്ടുകൊണ്ട് മുന്നോട്ടുപോകാനും നിര്‍ബന്ധിതമായ ബിജെപി- സംഘപരിവാറുകാരുടെ മുന്നില്‍ ശബരിമല സുവര്‍ണാവസരമാവുകയാണുണ്ടായത്.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ ഇന്ത്യാ മഹാരാജ്യത്തെ ഉല്‍പ്പതിഷ്ണുക്കളായ ഒരു വിഭാഗമാളുകള്‍ വസിക്കുന്ന കേരളം സമരകേന്ദ്രമായി മാറുമെന്ന് ആരും കരുതിയില്ല. അത്തരം കരുതലില്ലായ്മയാണ് കേരളത്തെ തികഞ്ഞ മതാത്മക സമൂഹമായി സാവധാനത്തില്‍ പരിവര്‍ത്തനം ചെയ്‌തെടുത്തത്. മതം രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലം വ്യക്തമാകുന്നത് തെരഞ്ഞടുപ്പുകളിലാണ്. തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി മതജാതി വികാരങ്ങളെ ഉപയോഗിക്കുന്ന പ്രവണത ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണുണ്ടായത്. മതവികാരങ്ങളെ മാനിക്കുന്നതിനേക്കാള്‍ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് കൂടുതല്‍. രാഷ്ട്രീയത്തെ മതസ്വാധീനത്തില്‍ നിന്ന് വേര്‍പ്പെടുത്തുകയാണിന്നാവശ്യം. അതിന് ജനപ്രാതിനിധ്യനിയമങ്ങളില്‍ കര്‍ക്കശമായ വകുപ്പുകള്‍ ഉണ്ടായേതീരൂ. ഈ വാക്കുകള്‍ ഇടത് ചരിത്രകാരന്‍ കെ എം പണിക്കരുടേതാണ്. ചരിത്രകാരനെന്ന നിലയില്‍ പ്രവചനതുല്യമായ കാര്യങ്ങളാണ് രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ അദ്ദേഹം പറഞ്ഞുവച്ചത്. പക്ഷേ ആ വഴിയിലൂടെയൊന്നും ആരും സഞ്ചരിച്ചില്ല. മതരാഷ്ട്രീയത്തിന്റെ ഭാഷ വളരെ ലളിതമാണ്. ഷാരൂഖ്ഖാനോടും അമീര്‍ഖാനോടും ഇന്ത്യവിട്ടു പോകാന്‍ പറയുന്നതില്‍ നിന്നും ഇന്ത്യക്കാകെ മനസ്സിലാകും ഉദ്ദേശിച്ചതെന്താണെന്ന്. പശുവിനെ ഗോമാതാവെന്ന നിലയില്‍ പൂജിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് പറയുമ്പോള്‍ ഉത്തരേന്ത്യന്‍ മനസ്സിന് അത് വളരെ വേഗം ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ മതേതരമായ തിരിച്ചറിവുകള്‍ പകര്‍ന്നു കൊടുക്കണമെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെയും കുറുകെയും സഞ്ചരിക്കേണ്ടി വരും. യുക്തിരഹിതമായ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ചുറ്റിപ്പറ്റി രൂപപ്പെട്ടുവരുന്ന ബോധമണ്ഡലത്തില്‍ യുക്തിസഹമായ കാര്യങ്ങള്‍ക്ക് ഇടം കണ്ടെത്തുക പ്രയാസമാണ്. ഈ വ്യത്യാസമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് സംഭവിച്ചത്. നാളെ വരാനിരിക്കുന്ന അപകടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കണമെന്നാഗ്രഹിക്കുന്ന ഇടതുപ്രസ്ഥാനങ്ങളും അതിന്റെ പ്രവര്‍ത്തകരും നാല് വോട്ടിനു വേണ്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ തിക്തഫലമാണ് കനത്ത പരാജയമെന്ന പേരില്‍ ആഘോഷിക്കപ്പെടുന്നത്. ഇടതുപക്ഷത്തിന് ചാരിതാര്‍ഥ്യത്തിനേ വകയുള്ളൂ. ഒരു വന്‍വിപത്തിലേക്ക് ഒരു ജനതയെ തള്ളിവിടുന്നതിന്റെ ശരികേട് തിരിച്ചറിഞ്ഞുകൊണ്ട്, കാലാനുസൃതമായ പുരോഗമാനാശയങ്ങള്‍ക്കുവേണ്ടി കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പുനഃസ്ഥാപിക്കാനുള്ള മതരാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങളെ പ്രതിരോധിക്കുകയാണുണ്ടായത്.

ശരീരഭാഷ എങ്ങനെയായിരിക്കണമെന്ന നവമാധ്യമ നിര്‍ബ്ബന്ധങ്ങള്‍ക്കുള്ളില്‍ മെരുക്കിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല ഇടതുപക്ഷവും അതിന്റെ പ്രവര്‍ത്തകരും. ചിരിക്കുന്ന കാപട്യത്തേക്കാള്‍ ചിരിക്കാത്ത കാപട്യമില്ലായ്മയാണ് നല്ലത്. അതുകൊണ്ട് ശരീരഭാഷയുടെ അസ്വീകാര്യതയും അഹങ്കാരത്തിന്റെ പ്രാമാണികത്വവും ചിരിക്കാത്തതിന്റെ അസ്പൃശ്യതയുമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് എന്ന വ്യാഖ്യാനം ആരാലും അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല. മറിച്ച് സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് ആശങ്കയുള്ള ന്യൂനപക്ഷങ്ങളാകെ കേന്ദ്രത്തില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള ബിജെപി ഇതര കക്ഷികളുടെ സര്‍ക്കാരിന് വേണ്ടി കൂട്ടമായി സമ്മതിദാനം നല്‍കിയതിന്റെ ഫലമാണ് ഐക്യജനാധിപത്യ മുന്നണിയുടെ വന്‍വിജയത്തിന് അടിസ്ഥാനം.