Friday
19 Jul 2019

പി രാജീവിനെ പിന്തുണച്ച് അരുണ്‍ ജെയ്റ്റ്ലിയും പ്രമുഖരും

By: Web Desk | Wednesday 20 March 2019 7:18 PM IST


കൊച്ചി: പി. രാജീവിനെ എത്രയും വേഗം പാര്‍ലമെന്റില്‍ തിരിച്ചെത്തിക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദും യു പി മുഖ്യമന്ത്രി മായാവതിയും അടക്കമുള്ള പ്രമുഖര്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാജ്യസഭാംഗമായി പി രാജീവ് വിരമിച്ച വേളയില്‍ നല്‍കിയ യാത്രയയപ്പില്‍ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളടങ്ങിയ വീഡിയോ ക്ലിപ്പാണ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
സര്‍ക്കാരിനെക്കൊണ്ട് ഏറെ പണിയെടുപ്പിച്ച ആളാണ് പി രാജീവെന്ന് വീഡിയോയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറയുന്നു. ഏത് സര്‍ക്കാരിനെയും മുള്‍ മുനയില്‍ നിര്‍ത്താനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഓരോ ദിവസവും ഒരു വിഷയം അല്ലെങ്കില്‍ മറ്റൊരു വിഷയവുമായി അദ്ദേഹം ചര്‍ച്ചക്ക് വന്നു. അവസാന നിമിഷം വരെ അദ്ദേഹം തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്നു.  പാര്‍ലമെന്റ് ചട്ടങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിക്കുകയും അതിലെ വ്യവസ്ഥകളില്‍ ഗവേഷണം നടത്തുകയും ചെയ്തു. മുന്‍ കാലങ്ങളില്‍ കീഴ്‌വഴക്കം പോലെ പാസാക്കിക്കൊണ്ടിരുന്ന കാര്യങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ടു. ഈ വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെടാമെന്ന് പി. രാജീവില്‍ നിന്നാണ് ഞങ്ങളെല്ലാം മനസിലാക്കിയത്. രാജീവിനെ പാര്‍ലമെന്റില്‍ തിരിച്ചു കൊണ്ടുവരാന്‍ സീതാറാം യെച്ചൂരി ഇടപെടണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
ആദ്യ അവസരത്തില്‍ തന്നെ പി രാജീവിനെ പാര്‍ലമെന്റില്‍ തിരിച്ചു കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സീതാറാം യെച്ചൂരിയോട് അഭ്യര്‍ഥിക്കുന്നത്. രാജീവ് വിരമിക്കുന്നത് സഭയ്ക്ക് ശരിക്കും നഷ്ടമാണ്. ചട്ടങ്ങളുടെ കാര്യത്തില്‍ പി. രാജീവ് ഒരു വിജ്ഞാനകോശമാണെന്നും ഗുലാം നബി ആസാദ് പറയുന്നു.
കാര്യപ്രാപ്തിയും കഴിവുമുള്ള മികച്ച പാര്‍ലമെന്റേറിയനായ രാജീവിനെ പാര്‍ലമെന്റില്‍ തിരിച്ചു കൊണ്ടുവരാന്‍ യെച്ചൂരി ഇടപെട്ട് അവസരമുണ്ടാക്കണമെന്ന് അന്ന് പാര്‍ലമെന്റംഗമായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയും ആവശ്യപ്പെട്ടു. മിക്കവാറും എല്ലാ പ്രവൃത്തി ദിവസങ്ങളിലും മുടങ്ങാതെ സഭയില്‍ വരികയും തികഞ്ഞ തയ്യാറെടുപ്പോടെ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത പി. രാജീവ് ചട്ടങ്ങല്‍ വിശദീകരിക്കുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ്. ജനങ്ങള്‍ക്കും രാജ്യത്തിനും പ്രയോജനകരമായ കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും മായാവതി ചൂണ്ടിക്കാട്ടുന്നു.
അവശവിഭാഗങ്ങള്‍ക്കു വേണ്ടി സഭയില്‍ ശക്തമായി സംസാരിച്ച വ്യക്തിയാണ് പി. രാജീവ് എന്നും അതുകൊണ്ടു തന്നെ അദ്ദേഹം പോകുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ലോക് താന്ത്രിക് ജനതാദള്‍ നേതാവായ ശരത് യാദവ് പറയുന്നു. പി. രാജീവിനെ തീര്‍ച്ചയായും തിരിച്ചു കൊണ്ടുവരണമെന്ന് അദ്ദേഹം യെച്ചൂരിയോട് അഭ്യര്‍ഥിച്ചു.
വിവിധ തുറകളില്‍ മികവ് തെളിയിച്ചവരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന രീതി പിന്തുടര്‍ന്ന് പി. രാജീവിനെ കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിലേക്ക് നോമിനേറ്റ് ചെയ്യണമെന്നാണ് മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന്റെ മകനും ശിരോമണി അകാലിദള്‍ എം.പിയുമായ നരേഷ് ഗുജ്റാള്‍ ആവശ്യപ്പെട്ടത്.  2014-15ലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് പി. രാജീവിന് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചട്ടങ്ങളെക്കുറിച്ച് നടത്തിയ പഠനവും അതിനായി നടത്തിയ പ്രയത്നവും കൊണ്ട് പി. രാജീവ് നമ്മുടെയെല്ലാം ഹൃദയം കവര്‍ന്നിരിക്കുകയാണ്. പി. രാജീവ് തിരിച്ചുവരണമെന്ന് ഈ സഭ ഒന്നാകെ ആഗ്രഹിക്കുന്നുവെന്ന് ഗുജ്റാള്‍ പറയുന്നു.
ഓരോ വാക്കും ഉത്തരവാദിത്തം വര്‍ധിപ്പിക്കും. കൂടുതല്‍ വിനയമുള്ളവനാക്കും എന്നാണ് രാജീവ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് പ്രതികരിച്ചത്.

Related News