അരുണ്‍ ജെയ്റ്റ്‌ലി: പ്രായോഗികമതിയായ രാഷ്ട്രീയ തന്ത്രജ്ഞന്‍

Web Desk
Posted on August 24, 2019, 2:54 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തിലൂടെ ബിജെപിക്ക് നഷ്ടമാകുന്നത് ശക്തനായ ഒരു രാഷ്ട്രീയ തന്ത്രജ്ഞനെയാണ്. പലപ്പോഴും എതിരാളികള്‍ക്കുനേരെ ശക്തമായ വാക്ശരങ്ങള്‍ തൊടുത്തുവിടുമ്പോഴും എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും നേതാക്കളുമായി അദ്ദേഹം മികച്ച സുഹൃദ്ബന്ധവും കാത്തുസൂക്ഷിച്ചിരുന്നു.
മികച്ച അഭിഭാഷകനെന്ന് പേരെടുത്ത അദ്ദേഹം 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. 1998–2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി വഹിച്ചു. പ്രമോദ് മഹാജന്റെ മരണത്തിന് ശേഷം വാജ്‌പേയി മന്ത്രിസഭയിലെ പ്രധാനമുഖമായി ജെയ്റ്റ്‌ലി മാറി. എന്നാല്‍ അതിനുശേഷം ബിജെപി പ്രതിപക്ഷത്തായിരുന്ന പത്തുവര്‍ഷമാണ് ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടം.
ഒരു ജനകീയ നേതാവ് എന്ന നിലയിലായിരുന്നില്ല ജെയ്റ്റ്‌ലിയുടെ പ്രവര്‍ത്തനം. പകരം പ്രായോഗികമതിയായ ഒരു രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന രീതിയില്‍ അദ്ദേഹം പാര്‍ട്ടിയില്‍ ശക്തനായി. ഹിന്ദുത്വവര്‍ഗീയത ആയുധമാക്കിയ പാര്‍ട്ടിയുടെ നേതാവാണെങ്കിലും മറ്റ് നേതാക്കളെപ്പോലെ അദ്ദേഹം വിദ്വേഷ പ്രസ്താവനകള്‍ പാര്‍ട്ടിയില്‍ പ്രശസ്തനകാനുള്ള അവസരമായി കണക്കാക്കിയില്ല. ഓരോ വിഷയത്തിലും അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു.
ബീഹാറിലെ ലാലു-നിതീഷ് പോരാട്ടത്തെ ബിജെപിയുടെ അവസരമാക്കി മാറ്റിയെടുത്തതിന്റെ ക്രഡിറ്റ് അദ്ദേഹത്തിന് അവകാശപ്പെടാവുന്നതാണ്. മോഡിക്ക് ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച നേടിക്കൊടുത്തതിലും കര്‍ണാടകയില്‍ ആദ്യ ബിജെപി മ്ന്ത്രിസഭ അധികാരം നേടിയതും അകാലിദളുമായുള്ള സഖ്യവുമെല്ലാം ജെയ്റ്റ്‌ലിയുടെ തന്ത്രങ്ങളുടെ ഫലമായിരുന്നു. യുപിഎ അധികാരത്തിലിരുന്ന പത്തുവര്‍ഷവും നിരാശനാകാതെ അദ്ദേഹം പ്രതിപക്ഷത്തും പ്രവര്‍ത്തിച്ചു.
മോഡിയുടെ ആദ്യ മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. മൂന്ന് പ്രധാനവകുപ്പുകളാണ് അദ്ദേഹം മന്ത്രിസഭയുടെ ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്തതെന്നത് ഇതിന് ഉദാഹരണം. ധനം, പ്രതിരോധം, വാര്‍ത്താ വിതരണ പ്രക്ഷേപണം എന്നീ വകുപ്പുകള്‍ അദ്ദേഹത്തിന് ലഭിച്ചു.
മോഡി സര്‍ക്കാരിന്റെ വിവാദപരമായ പല സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും നേരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ കരുത്തായി അദ്ദേഹം മാറി.
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി അദ്ദേഹത്തെ പൊതുപരിപാടികളില്‍ കാണാറേയില്ലായിരുന്നു. നിയമത്തിലും നിരവധി സമകാലിക വിഷയങ്ങളിലും ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഭരണരംഗത്തും മികവ് തെളിയിച്ച അദ്ദേഹം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.