പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു;അരുണ്‍ ജെയ്റ്റ്‌ലി

Web Desk
Posted on November 26, 2017, 10:34 pm

സൂറത്ത്: ഹാഫിസ് സഈദിനെ മോചിപ്പിച്ച പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരില്‍ ആയിരക്കണക്കിന് ആളുകള്‍ സൈന്യത്തിന് നേരെ മുമ്പ് കല്ലെറിഞ്ഞിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് കൂടുതലായിരുന്നു. എന്നാല്‍, നോട്ട് നിരോധനത്തിന് ശേഷം ഇതില്‍ കുറവ് വന്നിട്ടുണ്ട്. നോട്ട് നിരോധനം അക്രമത്തെ തടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ രാജ്യത്തെ സൈനികരുടെ പ്രവര്‍ത്തനത്തിലൂടെ തീവ്രവാദ നേതാക്കള്‍ക്ക് ഇനി ഇന്ത്യയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നത് മനസിലായെന്നും ജെയ്റ്റ്‌ലി പറഞ്ഞു.