അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

Web Desk
Posted on August 24, 2019, 12:44 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ ഇന്ന് ഉച്ചയക്ക് 12.30നായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ഭാര്യ: സംഗീത ജെയ്റ്റ്‌ലി മക്കള്‍: റോഹന്‍, സൊണാലി.

ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഈ മാസം 16ന് രാവിലെയാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. രണ്ടുവര്‍ഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്‌ലി. രണ്ടാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി മന്ത്രിപദം ഏറ്റെടുക്കുന്നതില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറി.

1998–2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി വഹിച്ചു. 2014ല്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം.

1952 ഡിസംബര്‍ 28ന് മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലിയുടെയും രതന്‍ പ്രഭാ ജെയ്റ്റ്‌ലിയുടെയും മകനായി ജനനം. ന്യൂഡല്‍ഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. 1973ല്‍ ശ്രീറാം കോളജില്‍ നിന്ന് കോമേഴ്‌സിലും 1977ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തിലും ബിരുദം തേടി.

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെയാണ്
എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞു. 1973ല്‍ അഴിമതിക്കെതിരായി രൂപീകരിച്ച ജെ പി പ്രസ്ഥാനത്തില്‍ നേതാവായിരുന്നു. വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. 1989ല്‍ വി പി സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി.

നിയമത്തിലും നിരവധി സമകാലിക വിഷയങ്ങളിലും ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനോട് പരാജയപ്പെട്ടു.

2018 മെയ് മാസത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയെ എയിംസില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ ശ്വാസകോശ ക്യാന്‍സറിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതേ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു ജെയ്റ്റ്‌ലി.