Friday
06 Dec 2019

ഇവള്‍ക്ക് മുന്നില്‍ കൊടുമുടികള്‍ ശിരസ്സ് കുനിക്കുന്നു

By: Web Desk | Sunday 20 January 2019 8:36 AM IST


Arunima sinha

ഇളവൂര്‍ ശ്രീകുമാര്‍

”ഞാന്‍ പരമാവധി ചെറുത്തുനിന്നു. ഒടുവില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍നിന്ന് അവരെന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തൊട്ടടുത്ത പാളത്തിലാണ് ഞാന്‍ ചെന്നുവീണത്. എനിക്ക് അനങ്ങാന്‍ പോലുമായിരുന്നില്ല. ആ സമയം ഞാന്‍ ചെന്നുവീണ പാളത്തിലൂടെ എതിര്‍ദിശയില്‍ മറ്റൊരു ട്രെയിന്‍ ചീറിപ്പാഞ്ഞുവരുന്നുണ്ടായിരുന്നു. ഞാന്‍ പാളത്തില്‍നിന്ന് നിരങ്ങി മാറാന്‍ ശ്രമിച്ചു. പൂര്‍ണമായും മാറാന്‍ കഴിഞ്ഞില്ല. അതിനുമുമ്പ് തീവണ്ടി എന്റെ ഒരു കാലിനു മുകളിലൂടെ അതിവേഗം പാഞ്ഞുപോയി. പിന്നീടൊന്നും എനിക്കോര്‍മയില്ല.” സിഐഎസ്എഫില്‍ ചേരാനുള്ള ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ തീവണ്ടിക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായ അരുണിമ സിന്‍ഹ തനിക്കുണ്ടായ ദുരന്തത്തിന്റെ നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്. 2011 ഏപ്രില്‍ 12 ന് പത്മാവതി എക്‌സിപ്രസില്‍ വച്ചായിരുന്നു ഈ സംഭവം. ഇടതുകാല്‍ മുട്ടിനു താഴെ വച്ച് പൂര്‍ണമായും ചതഞ്ഞരഞ്ഞുപോയി! മണിക്കൂറുകളോളം ബോധരഹിതയായി കിടന്ന അരുണിമയെ പുലര്‍ച്ചെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് അവിടെനിന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. ഇരുപത്തിമൂന്നാമത്തെ വയസില്‍ ഒരു കാല്‍ നഷ്ടപ്പെട്ട അരുണിമ 26-ാം വയസില്‍ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി ഇന്ത്യയുടെ ദേശീയ പതാക നാട്ടി എന്നുപറഞ്ഞാല്‍ വിസ്മയത്തോടെയല്ലാതെ വിശ്വസിക്കാനാവില്ല.

Arunima

ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ നഗറില്‍ 1988 ജൂലൈ 20 നായിരുന്നു അരുണിമ സിംഹയുടെ ജനനം. കുട്ടിക്കാലത്തേ സ്‌പോര്‍ട്ട്‌സില്‍ തല്പരയായ അരുണിമ വോളിബോളിലും ഫുട്‌ബോളിലും മികവ് പ്രകടിപ്പിച്ചു. ക്രമേണ വോളിബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദേശീയ വോളിബോള്‍ താരമായി ഉയരുകയും ചെയ്തു. ഇതിനിടയില്‍ ജോലിസംബന്ധമായ യാത്രക്കിടയിലായിരുന്നു ട്രെയിനില്‍ വച്ചുണ്ടായ ആക്രമണവും അപകടവും.

arunima

മനോഭാവമാണ് ഒരാളെ അതിജീവനത്തിലേക്കും പിന്‍വലിയലിലേക്കും നയിക്കുന്നത്. എയിംസില്‍ ചികിത്സയിലായിരുന്ന നാലുമാസം അരുണിമയുടെ മനോഭാവത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. ഒരു കാല്‍ നഷ്ടപ്പെട്ട തനിക്ക് ഭാവിയിലുണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ചോ നഷ്ടങ്ങളെക്കുറിച്ചോ ചിന്തിക്കുക്കുന്നതിനു പകരം ശേഷിക്കുന്ന ഒരു കാല്‍കൊണ്ട് ആര്‍ജ്ജിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അവര്‍ ചിന്തിച്ചുതുടങ്ങി. ക്യാസറില്‍നിന്ന് രക്ഷപ്പെട്ടുവന്ന് ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച യുവരാജ് സിംഗിന്റെ ജീവിതവും അതുപോലെ അതിജീവനത്തിന്റെ വഴികള്‍ കണ്ടെത്തിയവരുടെ ജിവിതവും അരുണിമയ്ക്ക് പ്രചോദനമായി. ആശുപത്രിക്കിടക്കയില്‍ വച്ചാണ് അരുണിമ എവറസ്റ്റ് കീഴടക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്. ബന്ധുക്കള്‍ തീരുമാനത്തില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അതിന്റെ അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ ഡോക്ടര്‍മാരും പരമാവധി ശ്രമിച്ചു. തികഞ്ഞ ആരോഗ്യത്തോടെ, എല്ലാവിധ തയ്യാറെടുപ്പുകളോടെയും ശ്രമിച്ചിട്ടും നിരവധി പേരുടെ ജീവന്‍ കവര്‍ന്നടുത്ത കൊടുമുടിയുടെ മുകളിലേക്ക് കൃത്രിമകാലുമായി കയറുന്ന അരുണിമയെക്കുറിച്ചുള്ള ചിന്തപോലും അവരെ നടുക്കി. പക്ഷേ അരുണിമ തന്റെ തീരുമാനത്തില്‍നിന്നും പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു.

Arunima Sinha

ആശുപത്രി കിടക്കയില്‍നിന്നും അരുണിമ നേരെ പോയത് എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായ ബച്ചേന്ദ്രി പാലിന്റെ അടുത്തേക്കാണ്. ബചേന്ദ്രി പാലിന്റെ ശിക്ഷണത്തില്‍ കൃത്രിമ കാലുമായി അരുണിമ പര്‍വ്വതാരോഹണത്തിനുള്ള പരിശീലനം ആരംഭിച്ചു. ഏറെ ദുര്‍ഘടം നിറഞ്ഞതായിരുന്നു പരിശീലനം. കാലിനുണ്ടാകുന്ന വേദന, ശാരീരിക ക്ഷീണം, കഠിനമായ പരിശീലനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ അരുണിമയുടെ ഇച്ഛാശക്തിക്കുമുന്നില്‍ എല്ലാ പ്രതിസന്ധികളും ക്രമേണ കീഴടങ്ങി. അവരുടെ മനസ്സില്‍ എപ്പോഴും ഒരേ ഒരു ചിന്ത മാത്രമായിരുന്നു. താന്‍ എവറസ്റ്റിന്റെ നെറുകയിലെത്തുന്ന ആ സുദിനം മാത്രം! അതിതീവ്രമായ അവളുടെ ആഗ്രഹത്തിനുമുന്നില്‍ തടസ്സം എന്ന വാക്കിനുപോലും പ്രസക്തിയില്ലായിരുന്നു. ചെറിയ ചെറിയ പര്‍വ്വതാരോഹണ ശ്രമങ്ങളിലൂടെ അവര്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ 2013 മെയ് 21 ന് രാവിലെ 10.55 ന് അരുണിമ സിന്‍ഹ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി! എവറസ്റ്റ് കീഴടക്കുന്ന ഭിന്നശേഷിക്കാരിയായ ആദ്യത്തെ വനിതയായി അവര്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. അമ്പത്തിയഞ്ചു ദിവസം കൊണ്ടായിരുന്നു എവറസ്റ്റിനെ അരുണിമ തന്റെ കാല്‍ക്കീഴിലമര്‍ത്തിയത്.

arunima

സ്വപ്നങ്ങള്‍ക്ക് അതിരുകളുണ്ടാകരുതെന്ന് വിശ്വസിച്ച അരുണിമയടെ ലക്ഷ്യം ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കുകയെന്നതായിരുന്നു. ആ ലക്ഷ്യം അവര്‍ സാക്ഷാത്ക്കരിക്കുകതന്നെ ചെയ്തു. ഏഷ്യയിലെ എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമഞ്ജാരോ, ആസ്‌ത്രേലിയയിലെ കോസിസ്‌കോ, യൂറോപ്പിലെ എല്‍ബ്രസ്, അര്‍ജന്റീനയിലെ അകൊന്‍കാഗ്വ, ഇന്തോനേഷ്യയിലെ കാര്‍ട്ടെന്‍സ് പിരമിഡ് എന്നിവ കീഴടക്കിയ അരുണിമ 2019 ജനുവരി നാലിന് അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വില്‍സണും കീഴടക്കി ചരിത്രം സൃഷ്ടിച്ചു!

arunima-sinha

അരുണിമ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ പരിഗണിച്ച് 2015 ല്‍ രാജ്യം പത്മശ്രീ നല്‍കി അവരെ ആദരിച്ചു. ‘ടെന്‍സിംഗ് നോര്‍ഗെ ഹൈയസ്റ്റ് മൗണ്ടനീയറിംഗ്’ അവാര്‍ഡും അരുണിമയെത്തേടിയയെത്തി. 2014 ല്‍ പ്രകാശനം ചെയ്ത ”ബോണ്‍ എഗയിന്‍ ഓണ്‍ ദി മൗണ്ടന്‍” എന്ന കൃതി അരുണിമയുടെ അതിജീവനത്തിന്റെ വഴികള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന പ്രചോദനാത്മകമായ കൃതിയാണ്. തന്നില്‍ മാത്രം ഒതുക്കി നിര്‍ത്തിയില്ല അരുണിമ തന്റെ പ്രവര്‍ത്തനങ്ങള്‍. പാവപ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാരായാവര്‍ക്കും വേണ്ടി ഒരു സ്‌പോര്‍ട്ട്‌സ് അക്കാഡമിക്ക് അവര്‍ തുടക്കം കുറിച്ചു – ‘ഷഹീദ് ചന്ദ്രശേഖര്‍ വികലാംഗ് ഖേല്‍ അക്കാഡമി’. അവാര്‍ഡുകളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും തനിക്കു കിട്ടുന്ന മുഴുവന്‍ തുകയും അവര്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു.

arunima-sinha

മനുഷ്യമനസ്സിന് അതിരുകളില്ല. അതു തിരിച്ചറിയുന്നവര്‍ അസംഭവ്യമെന്ന് സാധാരണ മനസ്സുകള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ മനശ്ശക്തി കൊണ്ട് മറികടക്കും. ഒരു ശക്തിക്കും അവരെ തടഞ്ഞു നിര്‍ത്താനാകില്ല. സ്വന്തം കഴിവില്‍ മറ്റാരെക്കാളും വിശ്വാസമുള്ളവരാണവര്‍. അത്തരത്തിലുള്ള വ്യക്തിത്വമായിരുന്നു അരുണണിമ സിംഹയുടേത്. ഒപ്പമുള്ളവര്‍ മുഴുവന്‍ എതിര്‍ത്തിട്ടും തന്റെ നിലപാടിലുറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോകാന്‍ അവര്‍ കാണിച്ച ധീരതയാണ് ഭാരതത്തിന്റെ അഭിമാനമായി അവരെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. പ്രചോദനത്തിന്റെ വലിയൊരു പാഠപുസ്തകമാണ് അരുണിമയുടെ ജീവിതം.

arunima