September 29, 2022 Thursday

Related news

September 29, 2022
September 22, 2022
September 20, 2022
September 17, 2022
July 5, 2022
June 19, 2022
June 9, 2022
June 3, 2022
April 4, 2022
March 24, 2022

പ്രവാസികള്‍ക്ക് സാന്ത്വനമായി ഗള്‍ഫ് സമ്മാനപ്പെട്ടികള്‍

കെ രംഗനാഥ്
ദുബായ്
May 21, 2020 10:34 pm

കൊറോണക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് കയ്യില്‍ കാലണയില്ലാതെ ഒഴിഞ്ഞ പെട്ടിയുമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി തൊഴിലാളികള്‍ക്ക് സാന്ത്വനമായി പാരമ്പര്യത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ഗള്‍ഫ് സമ്മാനപ്പെട്ടികള്‍. പ്രവാസത്തിന്റെ തുടക്കം മുതല്‍ നാട്ടിലെത്തുമ്പോഴൊക്കെ ബന്ധുമിത്രാദികള്‍ക്കു നല്‍കാനുള്ള സമ്മാനങ്ങള്‍ കുത്തിനിറച്ച ഭാരിച്ച പെട്ടികള്‍ കൊണ്ടുപോകുക ഒരാചാരം പോലെയായിരുന്നു. പെട്ടി തുറക്കുന്നതും ചുറ്റുംകൂടി നില്‍ക്കുന്നവര്‍ക്ക് സമ്മാനം പങ്കുവയ്ക്കുന്നതും മലയാളിയായ പ്രവാസിക്ക് ഒരു അനുഷ്ഠാനമായി.

എന്നാല്‍ കൊറോണക്കാലത്തു തൊഴില്‍ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് ഗള്‍ഫ് സമ്മാനപ്പെട്ടി ഇത്തവണ അന്യമായി, ആചാരാനുഷ്ഠാനങ്ങള്‍ ഓര്‍മ്മകളിലേക്ക് ചേക്കേറുന്നതിനെക്കറിച്ച് ‘ജനയുഗം’ എഴുതിയിരുന്നു. എന്നാല്‍ കൊറോണ ദരിദ്രരാക്കിയ പ്രവാസികളെ സമ്മാനപ്പെട്ടികളുമായിത്തന്നെ യാത്ര അയയ്ക്കാന്‍ മലയാളി പ്രവാസി കുടുംബങ്ങളും സംഘടനകളും സ്ഥാപനങ്ങളും രംഗത്തിറങ്ങിയതിന്റെ ഹൃദയസ്പര്‍ശിയായ വാര്‍ത്തകള്‍ പുറത്തുവരുന്നു.

അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ കൊണ്ടുപോകുന്ന മിക്കവാറും എല്ലാ സാധനങ്ങളും സമ്മാനമായി നല്‍കുന്ന ഈ ഗള്‍ഫ് സമ്മാനപ്പെട്ടിയിലുണ്ട്. കയ്യിലൊരു പാസ്പോര്‍ട്ടുമായി മണലാരണ്യങ്ങളില്‍ തൊഴില്‍ തേടിയെത്തിയ പ്രവാസി തൊഴിലാളികളെ വേലയും കൂലിയുമില്ലാതെ വെറും കയ്യോടെ മടക്കി അയയ്ക്കുന്നതു നന്ദികേടാണെന്ന് മനസിലാക്കിയ സ്വദേശികള്‍ പോലും ഈ സമ്മാനപ്പെട്ടികള്‍ നല്‍കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍.

മനോഹരമായ ചെറിയ സ്യൂട്ട്കെയ്സുകളില്‍ 11 കിലോ തൂക്കമുള്ള സമ്മാനങ്ങള്‍ നിറച്ചാണ് തങ്ങള്‍ നല്‍കുന്നതെന്ന് എമിറേറ്റ്സ് കമ്പനീസ് ഹൗസ് സെയില്‍സ് ഡയറക്ടറും മലയാളിയുമായ ഫാരിസ് ഫൈസല്‍ അറിയിച്ചു. ദുഃഖകരമായ ആദ്യമടക്കയാത്രയില്‍ നിന്ന് തെല്ലൊരു സാന്ത്വനമായി നല്‍കുന്ന ഗള്‍ഫ് സമ്മാനപ്പെട്ടിയില്‍ പാല്‍പ്പൊടി, ഈത്തപ്പഴം, ചോക്ലേറ്റുകള്‍, ബദാം, കശു അണ്ടിപ്പരിപ്പ്, ഉണങ്ങിയ പഴങ്ങള്‍ മുതല്‍ യാര്‍ഡ്‌ലി പൗഡര്‍, വിവിധയിനം സോപ്പുകള്‍, വേദനാ സംഹാരികള്‍, ടോര്‍ച്ചുലൈറ്റ് മുതല്‍ നഖംവെട്ടികള്‍ വരെയുണ്ട്. ആദ്യഘട്ടത്തില്‍ നൂറു പേര്‍ക്കാണ് തങ്ങള്‍ ഗള്‍ഫ് സമ്മാനപ്പെട്ടികള്‍ നല്‍കുന്നതെന്ന് ഫൈസല്‍ പറഞ്ഞു. വിതരണം തുടങ്ങിക്കഴിഞ്ഞു. ഇതിനകം നിരവധി പേര്‍ സമ്മാനപ്പെട്ടികളും വാങ്ങി നാടുപറ്റിക്കഴിഞ്ഞു. ആവശ്യക്കാര്‍ ഏറിയാല്‍ എല്ലാ പേര്‍ക്കും ഗള്‍ഫ് സമ്മാനപ്പെട്ടികള്‍ നല്‍കുമെന്നും മലയാളി പ്രവാസിസംഘടനകളുടെ സഹായത്തോടെയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.\

Eng­lish Sum­ma­ry:As com­fort to the expa­tri­ates Gulf Gift Cards

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.