ആദ്യ ‘വനിതാ നടത്തത്തി‘നൊരുങ്ങി നാസ

Web Desk
Posted on October 17, 2019, 10:50 pm

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ മാത്രം നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനൊരുങ്ങി നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തയ്ക്ക തയ്യാറെടുക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 29നാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങുക.

പുതിയ ബാറ്ററികള്‍ സ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഇരുവരും ചേര്‍ന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവര്‍ കണ്‍ട്രോളറുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. മുമ്പ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നു എങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു.

രണ്ടു പേര്‍ക്ക് വേണ്ട സ്‌പെയ്‌സ് സ്യൂട്ടുകള്‍ ലഭ്യമല്ലാത്തതിനാലാണ് മാര്‍ച്ചിലെ സ്ത്രീകളുടെ ബഹിരാകാശ നടത്തം റദ്ദാക്കിയത്. ഇതിനു ഏഴ് മാസത്തിന് ശേഷമാണ് പുതിയ ദൗത്യവുമായി നാസ രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഒരു ആണ്‍ ബഹിരാകാശ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു.

ഇന്‍റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷന് പുറത്തിറങ്ങി ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് കൂടിയുള്ള ഒഴുകി നടത്തമാണ് സ്പെയ്സ് വാക്ക്. അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമായ ഈ നടത്തം സ്ത്രീകളുടെ മാത്രം പ്രയത്നത്തില്‍ നടത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.