അസമില്‍ പത്ത് വന്‍ തടവറകള്‍ പണിയുന്നു

Web Desk
Posted on September 04, 2019, 2:04 pm

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവരെ പാര്‍പ്പിക്കുന്നതിനായി അസമില്‍ പത്ത് വന്‍ തടവറകള്‍ നിര്‍മിക്കുന്നു. ഇതിന്റെ ഭാഗമായി 3000 പേരെ ഒരുമിച്ച് പാര്‍പ്പിക്കുന്നതിനുള്ള തടവറ ഗോള്‍പാറ ജില്ലയില്‍ മാഷിയയില്‍ പൂര്‍ത്തിയായി വരികയാണ്. തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലെയാണിത്. നാലു നിലകളിലായി 15 കെട്ടിടങ്ങളാണ് ഇവിടെ പൂര്‍ത്തിയായി വരുന്നത്. ഓരോ കെട്ടിടത്തിലും 200 പേരെ താമസിപ്പിക്കാന്‍ സാധിക്കും.

നിലവില്‍ സംസ്ഥാനത്ത് ആറ് തടവറകളാണുള്ളത്. ഇതിന് പുറമേയാണ് പത്ത് തടവറകള്‍ കൂടി നിര്‍മ്മിക്കുന്നത്. ഇതിന് 42 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സ്‌കൂള്‍, ആശുപത്രി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസിക്കുന്നതിനായി പ്രത്യേക കെട്ടിടങ്ങള്‍ എന്നിവ ഓരോ തടവറയ്ക്കുമൊപ്പം പണിയും. പുതിയ തടവറകള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അപ്പീല്‍ നടപടികള്‍ക്ക് അവസരമുള്ളതിനാല്‍ അന്തിമ പട്ടികയില്‍ നിന്ന് പുറത്തായവരെ തടവറയിലാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ പട്ടികയില്‍ നിന്ന് പുറത്തായവരെ വിദേശികളായി മുദ്ര കുത്തുകയും പാര്‍പ്പിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.