അശാന്തന്റെ ജാതിഭ്രഷ്ടും കുരീപ്പുഴയ്ക്ക് മേലുള്ള കുരിശും

Web Desk
Posted on February 19, 2018, 10:57 pm

വി പി ഉണ്ണികൃഷ്ണന്‍

അശാന്തന്‍ പ്രസിദ്ധനായ, പ്രതിഭാശാലിയായ ചിത്രകാരനായിരുന്നു. വരകളിലൂടെയും വര്‍ണങ്ങളിലൂടെയും സാമൂഹിക — രാഷ്ട്രീയ — സാംസ്‌കാരികരംഗത്തെ പ്രമേയങ്ങളെ മുന്‍നിര്‍ത്തി വിസ്മയങ്ങള്‍ സൃഷ്ടിച്ച ചിത്രകാരനായിരുന്നു അശാന്തന്‍. പക്ഷെ, അശാന്തന്റെ ശവശരീരം പോലും അവഹേളിക്കപ്പെട്ടു. ആ ഭൗതികശരീരം ടൗണ്‍ഹാളിലേയ്ക്ക് കൊണ്ടുപോയാല്‍ ദൈവിക കോപമുണ്ടാകുമെന്ന് നവ സാംസ്‌കാരിക ലോകത്തെ ഫാസിസ്റ്റ് വക്താക്കള്‍ കണ്ടുപിടിച്ചു. ഇകഴ്ത്തപ്പെട്ട ജാതിക്കാരനെന്ന് നവലോക സാംസ്‌കാരിക ഫാസിസ്റ്റ് മേലാളന്മാര്‍ നിശ്ചയിച്ചു.
‘അക്ഷരം വിപ്രഹസ്‌തേന’ അക്ഷരം ബ്രാഹ്മണന്റെ കൈകളാല്‍ മാത്രം എന്ന് ഉദ്‌ഘോഷിക്കുന്ന ‘മനുസ്മൃതി‘യെ പ്രാമാണിക ഗ്രന്ഥമായി പ്രഖ്യാപിക്കുന്ന, ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെ ഉയര്‍ത്തിപ്പിടിക്കുന്ന, ബ്രാഹ്മണ — ക്ഷത്രിയ പൗരോഹിത്യ സംസ്ഥാപനത്തിന് പരിശ്രമിക്കുന്ന, സവര്‍ണ പൗരോഹിത്യ വക്താക്കള്‍ക്ക് അശാന്തന്‍ അസ്പൃശ്യനാകുന്നതില്‍ അത്ഭുതമില്ല. പക്ഷെ അശാന്തനെപ്പോലുള്ള വിഖ്യാത പ്രതിഭകളുടെ ജീവിതം അവഹേളിക്കപ്പെടുന്നതിലും മരണവേളയില്‍പ്പോലും അപമാനിക്കപ്പെടുന്നതിലും നവോത്ഥാന കേരളം ഉത്കണ്ഠപ്പെടാതിരിക്കുന്നതും ആശങ്കാകുലരാകാതിരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും എന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ പ്രസക്തമായി അവശേഷിക്കുന്നു.
ആ ചോദ്യത്തിന് ആരാണ് ഉത്തരം നല്‍കുക? ചോദ്യങ്ങള്‍ ഉയര്‍ത്തുവാനുള്ള അവകാശം മതനിരപേക്ഷ പതാക ഉയര്‍ത്തിപ്പിടിക്കുന്ന മലയാളിസമൂഹത്തിന് നിശ്ചയമായുമുണ്ട്. അശാന്തനെന്ന ചിത്രകാരന്‍, പ്രതിഭാശാലി ഒരു ഒറ്റപ്പെട്ട വ്യക്തിയോ അനുഭവമോ അല്ലെന്നെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. ജാതിഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട് ദുരന്തക്കയങ്ങളില്‍ ആഴ്ന്നുപോയവരുടെ പ്രാകൃതകാലത്തെ പുനഃസൃഷ്ടിക്കുകയാണ് അശാന്തന്റെ ഭൗതികശരീരത്തിനുമേല്‍ നടത്തിയ അധിനിവേശവും അവഹേളനവും.
കുരീപ്പുഴ ശ്രീകുമാര്‍ മലയാള കാവ്യസാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വമാണ്. സാംസ്‌കാരിക ഫാസിസം അനവരതം നമ്മുടെ രാജ്യത്ത് അരങ്ങേറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്.… സാംസ്‌കാരിക ഫാസിസ്റ്റുകളുടെ ഇരകളുടെ പരമ്പരകള്‍ നീളുകയാണ്. വിമതസ്വരങ്ങളും എതിര്‍ശബ്ദങ്ങളും ഏതേതെല്ലാം വിധങ്ങളാലും വെടിയുണ്ടകളാലും നിര്‍മാര്‍ജനം ചെയ്യപ്പെടുന്നതിന്റെ അടയാളപത്രങ്ങളാണവര്‍. നാം പെരുമാള്‍ മുരുകനെ സമീപകാലത്തുതന്നെ കാണുകയുണ്ടായി. കുരീപ്പുഴ ശ്രീകുമാറും സാംസ്‌കാരിക ഫാസിസത്തിന്റെ ഇരയാവുകയാണ്.

മലയാള കഥ — നോവല്‍ സാഹിത്യത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച എം ടി വാസുദേവന്‍ നായര്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാല്‍ അവഹേളിക്കപ്പെട്ടു. പുരോഗമനവാദിയായ ചലച്ചിത്രകാരന്‍ കമലിനെ അത് കമലല്ല, കമാലുദീനാണെന്ന് സംഘപരിവാരശക്തികള്‍ വിശേഷിപ്പിച്ചു. ‘മെര്‍സല്‍’ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോള്‍ അതിലെ നായകനായ വിജയ്, വിജയ് മാത്രമല്ല, ജോസഫ് വിജയ്‌യാണ് എന്ന് സംഘകുടുംബ പ്രതിനിധികള്‍ ആക്രോശിച്ചു. സാംസ്‌കാരിക ഫാസിസത്തിന്റെ വിവിധങ്ങളായ രൂപങ്ങളും മാര്‍ഗങ്ങളുമാണ് ഇതിലൊക്കെയും പ്രതിഫലിക്കുന്നത്. ഇതുതന്നെയാണ് മലയാള കവി കുരീപ്പുഴയ്‌ക്കെതിരായി നടന്ന അതിക്രമത്തിന്റെ പിന്നിലും.
ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്കെതിരായും കീഴാളന്മാര്‍ക്കുവേണ്ടിയും മലയാള ഭാഷയ്ക്കുവേണ്ടിയും മതനിരപേക്ഷ പ്രണയത്തിനുവേണ്ടിയും നിരന്തരം ശബ്ദിക്കുന്ന കവിയാണ് കുരീപ്പുഴ. മലയാള ഭാഷയെ സംരക്ഷിക്കുന്നതിനെ കുറിച്ച് വ്യാകുലചിത്തനായി ഈ കവി ഇങ്ങനെ കുറിച്ചു;

”കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ച് തകര്‍ന്നുചോദിക്കുന്നു
വിറ്റുവോ നീയെന്റെ ജീവിത ഭാഷയെ?
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍വച്ച് നമിച്ചുതിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നുചോദിക്കുന്നു
ഏത് കടലില്‍ എറിഞ്ഞുനീ ഭാഷയെ”
കവി വീണ്ടും ചോദിക്കുന്നു ‘ചുട്ടുവോ നീയെന്റെ കേരള ഭാഷയെ’ എന്ന്. ഇതാ ഇന്ന് സംഘപരിവാര ഫാസിസ്റ്റുകളാല്‍ വേട്ടയാടപ്പെടുന്ന മലയാളത്തിന്റെ പ്രിയ കവി വ്യാകുലതയോടെ ഇങ്ങനെ പാടുന്നു;-

”എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്‌നേഹപൂര്‍ണ മലയാളം?” എന്ന്.
ഇങ്ങനെ, മലയാള കവിതയെ ഹൃദയത്തിലേറ്റുപിടിച്ചുകൊണ്ട്-
‘വീണപൂവിന്റെ ശിരസുചോദിക്കുന്നു
പ്രേമസംഗീത തപസു ചോദിക്കുന്നു,
ചിത്രയോഗത്തില്‍ നഭസുചോദിക്കുന്നു
മണിനാദമാര്‍ന്ന മനസുചോദിക്കുന്നു
പാടും പിശാച്, ശപിച്ചുചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ചനെയ്ത കിനാവുചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്തുചോദിക്കുന്നു
പുത്തരിച്ചുണ്ടയായി ഗോവിന്ദചിന്തകള്‍
പുസ്തകംവിട്ട് തഴച്ചുചോദിക്കുന്നു.…
ഓമനത്തിങ്കള്‍ക്കിടാവ് ചോദിക്കുന്നു
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു?’
ഇങ്ങനെ മാതൃഭാഷയ്ക്കുവേണ്ടി ഉച്ചൈസ്തരം ഘോഷിച്ച ഒരു കവിവര്യന്‍ എന്തുകൊണ്ട് തന്റെ സ്വതസിദ്ധമായ പ്രഭാഷണവേളയില്‍ ആക്രമിക്കപ്പെടുന്നു. ഉത്തരം ലളിതമാണ്.
അദ്ദേഹം വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായും കീഴാളര്‍ക്കുവേണ്ടിയും നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു, പൊരുതിക്കൊണ്ടിരുന്നു. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇത്രമേല്‍ ശക്തിപ്രാപിക്കുന്നതിനും എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് സാഗരംപോലെ പരന്ന് പടര്‍ന്നുകിടക്കുന്ന ഭാരതീയ സംസ്‌കാര ചരിത്രത്തില്‍ നിന്ന് കുരീപ്പുഴ ചാര്‍വാകനെ വീണ്ടെടുത്തത്. ചാരുവായ വാക്കുച്ചരിക്കുന്നവരാരോ അവരാണ് ചാര്‍വാകന്മാര്‍. അവര്‍ ബ്രാഹ്മണ ക്ഷത്രിയ പൗരോഹിത്യത്തേയും ചാതുര്‍വര്‍ണ വ്യവസ്ഥിതിയേയും ചോദ്യം ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അവര്‍ കലഹിച്ചുകൊണ്ടേയിരുന്നു. ലോകായത മതത്തിന്റെ സംസ്ഥാപകരായിരുന്നു അവര്‍. ബൃഹസ്പതി മഹര്‍ഷിയാണ് ലോകായുത മതത്തിന്റെ സ്രഷ്ടാവെന്നും ചാര്‍വാകന്മാര്‍ക്ക് നേതൃത്വം നല്‍കിയെന്നുമാണ് ഇതിഹാസം. കുരീപ്പുഴ ചാര്‍വാകന്‍ എന്ന തന്റെ കവിതയില്‍ പാടുന്നുണ്ട്; ”പ്രാര്‍ത്ഥിച്ചു പാര്‍ത്ഥിച്ചു പാഴാക്കീടാതൊറ്റ —
മാത്രയുമത്രയ്ക്കു ധന്യമീജീവിതം
വേദനമുറ്റിത്തഴച്ചൊരീവിസ്മയം
സ്‌നേഹിച്ചു സ്‌നേഹിച്ചു സാര്‍ഥകമാക്കണം
പട്ടാങ്ങുണര്‍ത്തി നടന്നുചാര്‍വാകന്‍” എന്ന് എഴുതിയ കുരീപ്പുഴ
വൃദ്ധതാപസര്‍ പ്രാപിച്ചു
വൃത്തികേടാക്കിയ വേദക്കിടാത്തികള്‍ എന്നുകൂടി ആവര്‍ത്തിക്കുന്നുണ്ട്. ചാര്‍വാക കവിതയില്‍ ഒടുവിലായി കവി പാടുന്നു;

”തീനാളമുറ്റിയ ഒരു ഊര്‍ജ്ജപ്രവാഹമായി
ലോകായത കാറ്റുടുത്തിറങ്ങിക്കൊണ്ട്
രക്തസാക്ഷിക്കില്ല മൃത്യുവാന്‍ നിന്നിലെ
ദുഃഖിതനോട് പറഞ്ഞു ചാര്‍വാകന്‍” എന്നുകൂടി കവി പറയുന്നുണ്ട്. സ്വാഭാവികമായും വര്‍ഗീയ ഫാസിസ്റ്റുകള്‍ കുരീപ്പുഴയെ ഒരു പ്രഭാഷണത്തിന്റെ പേരില്‍ കടന്നാക്രമിക്കുന്നതില്‍ നാം അത്ഭുതപ്പെടേണ്ട. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്നവരാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍. ഇറ്റലിയില്‍ മുസോളിനിയും ജര്‍മ്മനിയില്‍ ഹിറ്റ്‌ലറും ഇത് നടപ്പാക്കിയിരുന്നു. ഹിറ്റ്‌ലറേയും മുസോളിനിയേയും മാതൃകയാക്കുന്നവര്‍ ഇന്ത്യന്‍ മണ്ണില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിനെതിരെയും നടത്തുന്ന ഈ കടന്നാക്രമണങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. കീഴാളന്‍ എന്ന കവിതയില്‍ കുരീപ്പുഴ പാടുന്നുണ്ട്;

എന്‍ വിയര്‍പ്പില്ലാത ലോകമില്ല, എന്‍ ചോരയില്ലാത കാലമില്ല,
എന്‍ വിരല്‍തൊട്ടാല്‍ ചുവക്കുന്ന വൃക്ഷം
എന്‍ കണ്ണുവീണാല്‍ രവിക്കുന്ന പുഷ്പം
എന്‍ കാലനങ്ങി കിലുങ്ങും സമുദ്രം
എന്‍ തുടികേട്ടാല്‍ നടുങ്ങുന്നു മാനം
ഞാനേ കീഴാളന്‍ കൊടുംനോവിന്റെ നാട്ടാളന്‍” ഈ വരികളെ വര്‍ത്തമാനകാല ബീഭത്സതകളുടെ കാലത്ത് നാം ഹൃദയത്തോട് ചേര്‍ത്തുപിടിക്കണം.