August 19, 2022 Friday

വിമാനത്താവള, തുറമുഖ മേഖലയിലെ നൂതന നിക്ഷേപ അവസരങ്ങൾ അവതരിപ്പിച്ച് അസെൻഡ് 2020

Janayugom Webdesk
കൊച്ചി
January 10, 2020 5:27 pm

വിമാനത്താവള, തുറമുഖ മേഖലയിലെ നൂതന നിക്ഷേപ അവസരങ്ങൾ അവതരിപ്പിച്ച് അസെൻഡ് 2020. അസെൻഡ് ആഗോള നിക്ഷേപക സംഗമത്തിൽ പ്രൊജക്ട്സ് ഓൺ ഇൻഫ്രാസ്ട്രക്ചർ എയ്റോ പൊളിസ് ആന്റ് പോർട്ട്സ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് വിമാനത്താവള, തുറമുഖ മേഖലയിലെ വൻ വികസന കാഴ്ചപ്പാടുകളും നിക്ഷേപ അവസരങ്ങളും അവതരിപ്പിച്ചത്.

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ വാണിജ്യ, വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ അന്താരാഷട്ര ട്രാൻസ്ഷിപ്പ്മെൻറ് ഹബ്ബ് എന്ന നിലയിലാണ് വിഴിഞ്ഞം വികസിപ്പിക്കുന്നത്. വിഴിഞ്ഞത്തിന്റെ വികസന സാധ്യത കണക്കിലെടുത്ത് എല്ലാ ദേശീയ, സംസ്ഥാന പാതകളുമായും ജില്ലാ റോഡുകളുമായും ബന്ധിപ്പിക്കുന്ന അർധ വൃത്താകൃതിയിലുള്ള സിഗ്നൽ ഫ്രീ റോഡ് നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളുള്ളതിനാൽ അഴീക്കൽ തുറുമുഖവും വളരെ പ്രാധാന്യമുള്ളതാണ്. മലബാർ മേഖലയുടെ സമഗ്ര വികസനത്തിന് നിർണ്ണായക പങ്കുവഹിക്കാൻ അഴീക്കൽ തുറമുഖ വികസനത്തിലൂടെ സാധിക്കും. ബേപ്പൂർ, കൊടുങ്ങല്ലൂർ തുറമുഖങ്ങളും വലിയ നിക്ഷേപ സാധ്യതകളാണ് നൽകുന്നത്. ആലപ്പുഴയിൽ മറൈൻ ആൻഡ് പാസഞ്ചർ ടെർമിനൽ ആരംഭിക്കാനും പദ്ധതിയുണ്ട്. വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്കായും ഇത് പ്രയോജനപ്പെടുത്തും. കൊല്ലം തുറമുഖത്തിനും പ്രത്യേക പരിഗണന നൽകി വികസിപ്പിക്കാനാണ് പദ്ധതി.

വിമാനത്താവളം കേന്ദ്രീകരിച്ചുള്ള എയർ പൊളിസ് എന്ന നൂതനാശയവും ചർച്ചയിൽ അവതരിപ്പിച്ചു. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ വികസന സാധ്യതകളാണുള്ളതെന്ന് കണ്ണൂർ വിമാനത്താവളം എം. ഡി. വി. തുളസീദാസ് പറഞ്ഞു. വാണിജ്യം, വ്യവസായം, ടൂറിസം മേഖലകളിൽ സുസ്ഥിരമായ വളർച്ചയ്ക്ക് എയ്റോ പൊളിസ് സഹായകരമാകും. വിമാനത്താവളം കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യ വികസനം, മികച്ച റോഡുകൾ, എയർ പോർട്ട് വില്ലേജ്, ടൗൺഷിപ്പ്, ഹോട്ടലുകൾ എന്നിവ അടങ്ങുന്ന വികസന സങ്കൽപ്പമാണ് എയ്റോ പൊളിസ്. ഇന്ത്യയിൽ ഒരിടത്തും ഇത് പൂർണ്ണമായി വികസിച്ചിട്ടില്ല. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ടൗൺഷിപ്പും എയർപോർട്ട് വില്ലേജും കൺവെൻഷൻ സെൻററുകളും നിർമ്മിക്കാൻ പദ്ധതി തയാറാക്കി വരികയാണെന്ന് എം. ഡി. അറിയിച്ചു.

നിക്ഷേപകർക്ക് വലിയ അവസരമാണിത്. വടക്കൻ കേരളത്തിലെ ടൂറിസം രംഗത്തെ മികച്ച സാധ്യതകൾ പൂർണ്ണമായി പ്രയോജനപെടുത്താൻ കഴിഞ്ഞിട്ടില്ല. ഗതാഗത സൗകര്യത്തിന്റെ അഭാവം മൂലമാണിത്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ടൂറിസം മേഖലയിൽ വലിയ വളർച്ചയുണ്ടാകും. 2300 ഏക്കറോളം സ്ഥലം ലഭ്യമാണ്. കൂടാതെ വിമാനത്താവളത്തിനടുത്തായി കിൻഫ്ര സ്ഥലമേറ്റെടുത്തിട്ടുണ്ട്. ഈ ഭൂമി കൂടുതൽ പദ്ധതികൾക്കായി വിനിയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തുറമുഖങ്ങളിലെ വികസന സാധ്യതകളും പ്രശ്ന പരിഹാര മാർഗങ്ങളും കേരള മാരിടൈം ബോർഡ് ചെയർമാൻ വി. ജെ. മാത്യു വിശദമാക്കി. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫെറിഷിപ്പുകൾ ആരംഭിക്കണമെന്നും കൂടുതൽ വെസ്സലുകൾ പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഹൗസ് ബോട്ടുകളുടെ ലൈസൻസ് റെഗുലറൈസ് ചെയ്യാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യനീക്കം ഗൗരവമായി കണക്കാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

തുറമുഖങ്ങൾക്ക് സമീപം വെയർഹൗസുകളും ലോജിസ്റ്റിക്സ് പാർക്കുകളും സജ്ജീകരിച്ചാൽ വാണിജ്യ രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്ന് ഡി പി വേൾഡ് സി ഇ ഒ പ്രവീൺ തോമസ് ജോസഫ് പറഞ്ഞു. മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകളാണ് വേണ്ടത്. സൗത്ത് ഏഷ്യയിലെ ട്രേഡിംഗ് ഹബ്ബായി മാറാൻ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെ. പി. എം. ജി പാർട്ട്ണർ എസ്. വാസുദേവൻ മോഡറേറ്ററായി.

Eng­lish Sum­mery: ascend 2020 intro­duc­ing inno­v­a­tive invest­ment opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.