Monday
18 Feb 2019

‘അസെന്‍ഡ് കേരള 2019’ ലക്ഷ്യം നിക്ഷേപ സൗഹൃദം

By: Web Desk | Monday 11 February 2019 10:57 PM IST

സ്വന്തം ലേഖകന്‍

കൊച്ചി: നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയോടെ കേരളം മുന്നേറുന്നു. പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 35,000 കോടി രൂപ ചെലവിട്ട് ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സംഗമമായ ‘അസെന്‍ഡ് കേരള’യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപക സൗഹൃദാന്തരീക്ഷത്തിനുള്ള എല്ലാ ഘടകങ്ങളുമുണ്ടെങ്കിലും ഭൂമിയുടെ അപര്യാപ്തത വലിയൊരു തടസമാണ്. വ്യവസായ സംരംഭങ്ങളുമായി മുതല്‍മുടക്കാനെത്തുന്നവര്‍ക്ക് നല്‍കാന്‍ വേണ്ടത്ര ഭൂമി സര്‍ക്കാരിന്റെ കയ്യിലില്ലെന്നതാണ് പ്രശ്‌നം. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തി ഭൂമി ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാര മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കി ആ രംഗത്ത് സംരംഭകരെ പ്രോത്സാഹിപ്പിക്കും. ടൂറിസത്തെ നല്ലൊരു വരുമാനസ്രോതസായാണ് സര്‍ക്കാര്‍ കാണുന്നത്. സ്വകാര്യപങ്കാളിത്തത്തോടെയുള്ള ‘സിയാല്‍’ മോഡല്‍ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. അത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കും. വാഗ്ദാനം ചെയ്ത പദ്ധതികളില്‍ നിന്നു പോലും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുകയും വികസനത്തിനാവശ്യമായ വിഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടത്രയില്ലാത്തതുമായ സാഹചര്യത്തിലാണ് ഈ നയം സ്വീകരിക്കേണ്ടിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി നാം ആവശ്യപ്പെടുന്ന ‘എയിംസി’നു നേരെ കേന്ദ്രം മുഖം തിരിച്ചതും നേരത്തെ വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറിയടക്കം കേന്ദ്രം ഉപേക്ഷിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ അഭിമാനമായ മൂന്നാറിന്റെ പൈതൃകവും പാരിസ്ഥിതിക സവിശേഷതകളും നിലനിര്‍ത്താന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെയെത്തുന്ന സന്ദര്‍ശകരെയാകെ മൂന്നാറിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ സമീപ പ്രദേശങ്ങളെകൂടി അതിനായി ഒരുക്കിയെടുക്കും വിധമുള്ള പല പദ്ധതികളും ആലോചനയിലുണ്ട്.

കോവളത്തു നിന്ന് ആരംഭിച്ച് ബേക്കലില്‍ അവസാനിക്കുന്ന 600 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാക്കും. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ക്കാകെ ഹരം പകരുന്ന ജലയാത്രയാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. യാത്രയില്‍ 25 കി.മീറ്റര്‍ ഇടവിട്ട് ഓരോ ടൂറിസം കേന്ദ്രങ്ങള്‍ രൂപപ്പെടുത്തും. മലബാര്‍ ക്രൂയിസും ഇതിനൊപ്പം വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹര്‍ത്താല്‍ പൂര്‍ണമായി നിരോധിക്കണമെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍ സമൂഹമാകെ തിരസ്‌കരിക്കുന്ന ആവശ്യങ്ങളുന്നയിച്ച് ആരെങ്കിലും ഹര്‍ത്താല്‍ നടത്തുന്നതിനോട് യോജിപ്പില്ല. ഹര്‍ത്താല്‍ ഒടുവിലത്തെ പ്രതിഷേധ രൂപമെന്ന നിലയിലാണ് കാണേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം സര്‍ക്കാരിന്റെ കാലാവധിക്കകം പൂര്‍ണമായി നടപ്പിലാക്കും. വാഗ്ദാനം ചെയ്തതിന്റെ 50 ശതമാനം തൊഴിലവസരങ്ങള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വികസനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നും കേരളത്തെ ലോകത്തിലെ തന്നെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ സംരംഭകരെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കയറ്റിയിറക്കി ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപേക്ഷ ലഭിച്ചാല്‍ 30 ദിവസത്തിനകം തീരുമാനമെടുത്തിരിക്കണം. മാറ്റേണ്ട ശീലങ്ങള്‍ ഉദ്യോഗസ്ഥരും ജനങ്ങളും മാറ്റിയെങ്കിലേ നവകേരള സൃഷ്ടി പൂര്‍ണതയിലെത്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഈ ദിശയിലുള്ള നടപടികളോട് വ്യവസായ സമൂഹത്തിനാകെ യോജിപ്പാണെന്നും പുതിയ വ്യവസായ സംരംഭങ്ങള്‍ വരുന്നതില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വളരെ ഉദാരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കൊച്ചിയില്‍ നടന്ന അസെന്‍ഡ് കേരള 2019 നിക്ഷേപസംഗമം മുഖ്യമന്ത്രി
പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

Related News