വിസ്മയചിഹ്‌നങ്ങള്‍ക്ക് പൂര്‍ണവിരാമം 

Web Desk
Posted on March 27, 2019, 9:19 pm

തൃശൂര്‍ : വിസ്മയചിഹ്നങ്ങളുടെ കഥാകാരിക്ക് മലയാളത്തിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാത്രി 12.55 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കഥാകാരി അഷിത (63)യുടെ അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം തൃശൂര്‍ ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാവിലെ മുതല്‍ തന്നെ കഥാകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കിഴക്കുംപാട്ടുകരയിലെ വസതിയിലെത്തി. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി പ്രസിഡണ്ട് വൈശാഖന്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

മന്ത്രി വിഎസ് സുനില്‍കുമാര്‍, ഇടതുമന്നണി തൃശൂര്‍ ലോക്‌സഭാമണ്ഡലം സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.  ആധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയായ അഷിത പരിഭാഷയിലൂടെ മറ്റ് പല ഭാഷ സാഹിത്യത്തെയും മലയാളിക്ക് പരിചയപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത തൃശൂര്‍ കിഴക്കുംപാട്ടുകരയിലെ അന്നപൂര്‍ണയിലാണ് താമസിച്ചിരുന്നത്.

ഡല്‍ഹിയിലും മുംബൈയിലുമായി സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയ അഷിത, എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി. സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും വ്യാകുലതകളും വരച്ചുകാട്ടുന്ന കഥകളിലൂടെയാണ് അഷിത വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായത്. കവിതകളും ബാലസാഹിത്യകൃതികളും ആത്മീയഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വീട്ടിലെ കഠിന എതിര്‍പ്പുകള്‍ മറികടന്നാണ് എഴുത്തിന്റെ ലോകത്ത് എത്തിയത്. ആറ് വര്‍ഷം മുമ്പ് ബാധിച്ച കാന്‍സറിനെ അതിജീവിച്ച അവര്‍ അടുത്തകാലത്ത് വീണ്ടും രോഗബാധിതയാവുകയായിരുന്നു. കവയിത്രികൂടിയായിരുന്ന അഷിത, അക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ അടക്കമുള്ള റഷ്യന്‍ കവിതകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു. അഷിതയുടെ കഥകള്‍, അപൂര്‍ണവിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാള തര്‍ജ്ജമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും അഷിതയെ തേടിയെത്തി. കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. കെ.വി. രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: ഉമ. മരുമകന്‍: ശ്രീജിത്ത്.