ഷാജി ഇടപ്പള്ളി

കൊച്ചി

May 03, 2020, 3:32 pm

ഗിത്താറിൽ സംഗീത വിസ്മയമൊരുക്കി അശോക് ചന്ദ്രൻ

Janayugom Online

കോവിഡ് കാലത്തെ വിരസതയകറ്റാൻ പരിസരവാസികൾക്ക് ഗാനവിരുന്നൊരുക്കി സ്നേഹമേറ്റുവാങ്ങുകയാണ് ഗിത്താർ അധ്യാപകൻ അശോക് ചന്ദ്രൻ. കഴിഞ്ഞ ഒരു മാസമായി അയൽ വാസികളായ അറുപതോളം കാഴ്ച്ചക്കാർക്കും കേൾവിക്കാർക്കും വേണ്ടി എന്നും വൈകിട്ട് ഒരു മണിക്കൂറിലേറെ സമയങ്ങളിൽ ഗിത്താറിൽ ജനപ്രീയമായ പഴയ മലയാളം പാട്ടുകൾ ഉൾപ്പെടെയാണ് ആസ്വാദകർക്ക് മുന്നിൽ ഇദ്ദേഹം അവതരിപ്പിച്ചു വരുന്നത്. കൊച്ചി കരുവേലിപ്പടി സ്വദേശിയായ അശോക് ലോക് ഡൗൺ തുടങ്ങിയപ്പോൾ സ്വന്തം സ്റ്റുഡിയോയിൽ ഗിത്താർ വായനയിൽ  മുഴുകുകയായിരുന്നു. ഇടക്ക് ടെറസിൽ നിന്ന് ഗിത്താർ പരിശീലിച്ചപ്പോൾ സമീപവാസികൾ വീടുകളുടെ ബാൽക്കണിയിലും ടെസ്റ്റിലും ‘സംഗീതം ആസ്വദിക്കുവാൻ എത്തിയത് ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

പിന്നീട് അയൽവാസികളുടെ ആവശ്യപ്രകാരം അവർ ഇഷ്ടപ്പെടുന്ന പാട്ടുകൾ ഗിത്താറിൽ വായിക്കുവാൻ തുടങ്ങി ഇപ്പോൾ ഈ കലാവിരുന്ന് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. ദിവസവും വൈകിട്ട് ആറ് മണി മുതലാണ് പരിപാടി.  പരിസരവാസികൾക്ക് സുഖമായി ഗിത്താർ സംഗീതം ആസ്വദിക്കുന്നതിനായി വലിയ സ്പീക്കറും ടെറസിൽ വെച്ചിരിക്കയാണ്. മഴ കാരണം രണ്ടു ദിവസം ഗാനാലാപനം  നടത്താൻ പറ്റാതെ വന്നതിൽ വലിയ ബുദ്ധിമുട്ട് ആസ്വാദകർക്ക് ഉണ്ടായതായി പരിസരവാസികൾ പറഞ്ഞുവെന്ന് അശോക് പറഞ്ഞു. ദിവസവും ഇപ്പോൾ ഗിത്താർ വായനയിൽ കലോത്സവ വിജയികളായ എം എ വിദ്യാർത്ഥിനി അഞ്ജനയും ഹയർ സെക്കന്റഡറി വിദ്യാർത്ഥിനി അഞ്ജലിയും പിതാവിനൊപ്പം ഗിത്താർ വായനയിൽ പങ്കെടുക്കാറുണ്ട്.

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ സംഗീത അധ്യാപകനായ അശോക് ചന്ദ്രൻ  വ്യദ്ധമന്ദിരങ്ങളിലും, അഗതിമന്ദിരങ്ങളിലും കിടപ്പ് രോഗികൾക്ക് അരികിലും സാന്ത്വന സംഗീത പരിപാടിയും മറ്റ് വേദികളിലും  സംഗീത വിരുന്നും പതിവായി നടത്തി വരുന്നു. വെസ്‌റ്റേൺ ബാൻഡ് സോളോ പെർഫോമറും രണ്ട് ആൽബവും പുറത്ത് ഇറക്കിയിട്ടുണ്ട്. ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ അയൽവാസികൾക്കായി സ്കൂൾ തുറക്കുന്നത് വരെ സംഗീത പരിപാടി തുടരുവാനാണ്   ആഗ്രഹിക്കുന്നതെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

you may also like this video;