അശോക് ലെയ്‌ലാന്‍ഡും പ്ലാന്റ് പൂട്ടിയിടുന്നു; ജീവനക്കാര്‍ക്ക് അഞ്ച് ദിവസം അവധി

Web Desk
Posted on September 06, 2019, 11:58 am

ന്യൂഡല്‍ഹി: രാജ്യത്ത് വാഹന നിര്‍മ്മാതാക്കളെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് മാരുതി കമ്പനിക്ക് പിന്നാലെ അശോക് ലെയ്‌ലാന്‍ഡും കമ്ബനി പൂട്ടിയിടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് അഞ്ച് ദിവസത്തേക്കാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
വ്യാഴാഴ്ച മാരുതി സുസുക്കിയും ഈ മാസം ഏഴ്, എട്ട് തീയതികളില്‍ അവരുടെ രണ്ടു നിര്‍മ്മാണശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വാഹനവില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് മാരുതി ഉല്‍പാദനം 33.9 ശതമാനമായി കുറച്ചിട്ടുമുണ്ട്.
ഇതിനു പിന്നാലെയാണ് അശോക് ലെയ്‌ലാന്‍ഡ് സെപ്റ്റംബര്‍ 6, 7, 9, 10, 11 ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നു കാട്ടി ജീവനക്കാര്‍ക്ക് കമ്ബനി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഓഗസ്റ്റിലെ കണക്കനുസരിച്ച് വാഹന വില്‍പ്പന 50 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.