സുബിൻ കണ്ണദാസ്

കയ്പമംഗലം

August 07, 2021, 10:12 pm

നൃത്തം ചെയ്യുന്ന കാലുകൊണ്ട് ഫഹദിനെ വരച്ച് അശ്വതി

Janayugom Online

നടൻ ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനമായി അശ്വതി ഒരുക്കിയത് അപൂർവ കലാവിരുന്ന്. കാലുകൊണ്ട് ഫഹദിന്റെ ചിത്രം വരച്ചാണ് നിയമവിദ്യാർത്ഥിനിയായ അശ്വതി കൃഷ്ണ ഇഷ്ടനടന് സമ്മാനമൊരുക്കിയത്. വെറുതെ കാലുകൊണ്ട് ചിത്രം വരയ്ക്കുകയല്ല, നൃത്തം ചെയ്തുകൊണ്ടാണ് അശ്വതിയുടെ ചിത്രരചന എന്നതാണ് അപൂർവത.

കാലുകൊണ്ട് ചിത്രം വരയ്ക്കുകയും ഒപ്പം നൃത്തവും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള ദൗത്യമാണ്. പെയിന്റിന് മുകളിൽ നിന്നുകൊണ്ട് നൃത്തം ചെയ്യുമ്പോൾ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. ഈ പരിമിതികളിൽ നിന്നുകൊണ്ട് കഠിന പരിശ്രമത്തിലൂടെയാണ് നർത്തകിയും ചിത്രകാരിയുമായ അശ്വതി ചിത്രം രൂപപ്പെടുത്തിയത്. ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിവസമായ ഇന്ന് സമ്മാനമായി നൽകാൻ എട്ടടി വലുപ്പമുള്ള തുണിയിൽ അക്രിലിക് കളർ ഉപയോഗിച്ച് ചിത്രമൊരുക്കിയതിൽ അഭിമാനമുണ്ടെന്ന് അശ്വതി പറഞ്ഞു. ഒരുമണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.

തിരുവള്ളൂർ മാടവനയിൽ താമസിക്കുന്ന അശ്വതി പൊയ്യയിലുള്ള എഐഎം കോളജിലെ നാലാം വർഷ വിദ്യാർത്ഥിനിയാണ്. തികഞ്ഞ കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്.

ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് പിതൃസഹോദരനാണ്. നൂറ് മാധ്യമങ്ങളിൽ ചിത്രം തീർക്കുക എന്ന ദൗത്യം തുടരുന്ന സുരേഷ് കഴിഞ്ഞദിവസം സ്വർണാഭരണം കൊണ്ട് മുൻരാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ രൂപം തീർത്തിരുന്നു. ഡാവിഞ്ചി ഉണ്ണികൃഷ്ണനാണ് അശ്വതിയുടെ പിതാവ്. അമ്മ: ശോഭ.

Eng­lish Sum­ma­ry: Ash­wathy draws Fahad with her danc­ing legs

You may like this video also