Web Desk

ചെന്നൈ

February 14, 2021, 10:01 pm

200 ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ആദ്യ ബൗളര്‍; അപൂര്‍വനേട്ടം സ്വന്തമാക്കി അശ്വിന്‍

Janayugom Online

ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് അശ്വിന്‍ രണ്ടാമതെത്തി. രണ്ടാം ദിനം ബെന്‍ സ്റ്റോക്ക്‌സിനെ പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് നാട്ടില്‍ ഭാജിയുടെ 265 വിക്കറ്റുകളെന്ന നേട്ടം അശ്വിന്‍ മറികടന്നത്. ഇതോടെ നാട്ടില്‍ കളിച്ച 45 ടെസ്റ്റുകളില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 267 ആയി. 65 മത്സരങ്ങളില്‍ നിന്ന് 350 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്. 

ടെസ്റ്റില്‍ 200 ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ലോകത്തിലെ തന്നെ ആദ്യ ബൗളറെന്ന അപൂര്‍വനേട്ടവും അശ്വിന്‍ സ്വന്തമാക്കി. അശ്വിന്‍ ഇതുവരെ പുറത്താക്കിയിട്ടുള്ള ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ തലപ്പത്തുണ്ടാവുക ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരിക്കും. 10 തവണ വാര്‍ണറിനെ അശ്വിന്‍ ഔട്ടാക്കിയിട്ടുണ്ട്. 

അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് ആധിപത്യം. 195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ കോലിപ്പട രണ്ടാംദിനം അവസാനിച്ചപ്പോള്‍ 54–1 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 249 റൺസിന്റെ ലീഡുണ്ട്. 25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്‍ക്കുന്നു. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329നെതിരെ സന്ദര്‍ശകര്‍ 134ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലീഷ് നിരയുടെ നട്ടെല്ലൊടിച്ചത്. അക്‌സര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റണ്‍സ് നേടിയ ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

Eng­lish sum­ma­ry: Ash­win sur­pass­es Har­ba­jan singh’s tal­ly with 266 wick­ets on home soil
You may also like this video: