May 27, 2023 Saturday

Related news

March 13, 2023
February 11, 2023
February 6, 2023
January 18, 2023
January 12, 2023
December 1, 2022
November 30, 2022
November 6, 2022
September 11, 2022
July 2, 2022

അശ്വിൻെറ ചികിത്സ സാമൂഹ്യ സുരക്ഷ മിഷൻ ഏറ്റെടുത്തു

Janayugom Webdesk
December 19, 2019 5:03 pm

ശാസ്താംകോട്ടഃ മന്ത്രിയമ്മ കുട്ടികളുടെ അഭ്യർത്ഥന കേട്ടു. അശ്വിനെ കണ്ട് കാര്യങ്ങൾ അന്വേഷിക്കാൻ സാമൂഹ്യ സുരക്ഷ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. ഡയാന സി. ജി യെ നേരിട്ടയച്ചു. സാമൂഹ്യ സുരക്ഷാ മിഷൻെറ വീ കെയർ പ്രോജക്ടിലെ സെബിനൊപ്പം പടിഞ്ഞാറെ കല്ലട ഗവൺമെൻറ് എൽപിഎസിലെത്തി പ്രഥമാധ്യാപിക മേഴ്സിയും ബിആർസിയിൽ നിന്നും അശ്വിന് പരിശീലനം നൽകാനെത്തുന്ന ശ്രീലത ടീച്ചറിനുമൊപ്പം അശ്വിൻെറ വീട്ടിലേക്ക്. തനിയെ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത ആ ഒമ്പത് വയസുകാരനെ നേരിട്ട് കണ്ട് കാര്യങ്ങൾ മനസിലാക്കി. അശ്വിൻെറ മുഴുവൻ ചികിത്സ ചെലവും വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യ സുരക്ഷാ മിഷൻ ഏറ്റെടുക്കുന്നതായി അറിയിച്ചു.

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സർക്കാർ എൽപിഎസിൽ സെറിബ്രൽ പാൾസി ബാധിച്ച മൂന്നാം ക്ളാസുകാരനെ പുറംലോകം അറിയുന്നത് സഹപാഠികൾ ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്തെഴുതിയതോടെയാണ്. കത്ത് കയ്യിൽ കിട്ടിയതോടെ മന്തി കെ കെ ശൈലജ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കത്ത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ മന്ത്രി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകി. അതിൻെറ അടിസ്ഥാനത്തിലാണ് ഡോ. ഡയാന നേരിട്ട് സ്കൂളിൽ എത്തിയത്.

അശ്വിൻെറ എല്ലാ പ്രശ്നങ്ങളും ഡോ. ഡയാന ചോദിച്ചറിഞ്ഞു. അശ്വിനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാമൂഹ്യ ക്ഷേമ വകുപ്പ് ഒപ്പമുണ്ടാകും എന്ന് ഉറപ്പ് നൽകി. സർജറി വേണ്ടിവന്നാൽ അതിനുൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകുമെന്നും ഡോ. ഡയാന അറിയിച്ചു.

അശ്വിന് രക്ഷയായത് ചങ്ങാതിക്കൂട്ടം…

പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ചങ്ങാതിക്കൂട്ടം പദ്ധതിയാണ് അശ്വിനെ പുറംലോകം അറിയാൻ ഇടയാക്കിയത്. ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥികൾ അശ്വിൻെറ വീട്ടിലെത്തിയത്. തങ്ങളുടെ പ്രായമുള്ള കുട്ടിക്ക് രണ്ടു വയസുകാരൻെറ വളർച്ച പോലുമില്ല എന്നത് ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു. അശ്വിനെ ചികിത്സിപ്പിക്കണം എന്നവർ അധ്യാപകരോടും രക്ഷകർത്താക്കളോടും ആവർത്തിച്ച് ആവശ്യപ്പെട്ടു. തങ്ങളുടെ കൂട്ടുകാരന് ചികിത്സ ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതി.

കത്ത് കണ്ടതോടെ വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടു. മന്ത്രിയോഫീസിൽ നിന്നും സ്കൂളിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഒപ്പം സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടറെ കുഞ്ഞിനെ നേരിട്ട് കാണാൻ ചുമതലപ്പെടുത്തി.

മന്ത്രിയമ്മയെ കുട്ടികൾ നേരിട്ട് കാണും.. നന്ദി പറയാൻ

ഘട്ടം ഘട്ടമായി അശ്വിനെ സാധാരണ ജീവിതത്തിൻെറ ചില ഇടങ്ങളിലേക്കെങ്കിലും എത്തിക്കാനാകും എന്ന് ഡോ. ഡയാന പറഞ്ഞു. അതിന് നീണ്ട തുടർ ചികിത്സകൾ ആവശ്യമാണ്. ഒപ്പം കുഞ്ഞിന് വിവിധ ഉപകരണങ്ങളും ലഭ്യമാക്കും. ക്ഷമയോടെയുള്ള ദീർഘകാല ചികിത്സ വേണം. അതിനുള്ള മുഴുവൻ ചെലവും സുരക്ഷാ മിഷൻ നൽകും.

ഇത്രയും അറിഞ്ഞതോടെ തങ്ങളുടെ മന്ത്രിയമ്മയോട് നന്ദി പറയാൻ തയ്യാറെടുക്കുകയാണ് കുട്ടികൾ. അശ്വിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ തങ്ങളും ഒപ്പം പോകും. തങ്ങളുടെ മന്ത്രിയമ്മയെ നേരിട്ട് കാണാൻ. ആ വലിയ മനസിന് നന്ദി പറയാൻ. തങ്ങളുടെ കൂട്ടുകാരൻ ജീവിതത്തിലേക്ക് തലയുയർത്തി നടക്കുന്നത് വരെ തണലായി ഒപ്പമുണ്ടാകണം എന്ന് അഭ്യർത്ഥിക്കാനും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.