Janayugom Online
shot dead

എഎസ്ഐ അനിരുദ്ധന്റെ മരണം: ദുരൂഹത നീക്കണമെന്ന് ബന്ധുക്കള്‍

Web Desk
Posted on March 15, 2018, 9:18 pm

കോഴിക്കോട്: ഡല്‍ഹി പൊലീസില്‍ എ.എസ്.ഐ ആയിരുന്ന ബാലുശ്ശേരി പുനത്ത് തോട്ടോളിപൊയില്‍ ടി.പി അനിരുദ്ധന്‍ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ മാസം എട്ടിനാണ് അനിരുദ്ധന്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിസ്ഥലത്തുനിന്ന് അനിരുദ്ധന്‍ സ്വയം വെടിവെച്ചുമരിച്ചുവെന്നാണ് ഡല്‍ഹി പൊലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അനിരുദ്ധന് ഉണ്ടായിരുന്നില്ലെന്ന് ഭാര്യ ശശികല പറഞ്ഞു. ശശികലയും മകളും ഡല്‍ഹിയില്‍ അനിരുദ്ധനോടൊപ്പം താമസിച്ചുവരികയായിരുന്നു. മകള്‍ പ്ലസ്ടു പരീക്ഷ എഴുതുന്ന സമയമാണ്. ആ സന്ദര്‍ഭത്തില്‍ സ്വയം ജീവനൊടുക്കേണ്ട ഒരു സാഹചര്യവും ഇല്ല. ഡ്യൂട്ടി കഴിഞ്ഞ് മൂന്നാം തിയതി രാവിലെ വീട്ടില്‍ വന്നശേഷം വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങള്‍ എന്തെല്ലാമെന്ന് ഫോണിലൂടെ അന്വേഷിച്ചു. എട്ടുമണിയോടെ തിരിച്ചെത്താമെന്ന് പറയുകയും ചെയ്തു. രാത്രി വൈകിയും എത്താതിരുന്നതിനാല്‍ ഫോണ്‍ ചെയ്‌തെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അടുത്ത ദിവസം രാവിലെ ഫോണ്‍ അറ്റന്റ് ചെയ്തപ്പോള്‍ ഡല്‍ഹി പൊലീസ് അനിരുദ്ധന്‍ സ്വയം വെടിവെച്ചുമരിച്ചുവെന്നും മൃതദേഹം തിരിച്ചറിയാന്‍ എത്തണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
സ്വന്തമായി റിവോള്‍വര്‍ ഉണ്ടെങ്കിലും സഹപ്രവര്‍ത്തകന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നാണ് വെടിയേറ്റതെന്ന് വ്യക്തമായിട്ടുണ്ട്. മല്‍പിടിത്തം നടത്തിയ ലക്ഷണങ്ങള്‍ കണ്ടിരുന്നു. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. മുഖത്ത് ഇടിയേറ്റ പാടുണ്ട്. നെറ്റിയില്‍ മുറിവുണ്ട്. ഇതെല്ലാം അനിരുദ്ധന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്കാണെന്ന് ശശികല പറഞ്ഞു. അനിരുദ്ധന്റെ മരണം സംബന്ധിച്ച് നിഷ്പക്ഷമായ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് പരാതി നല്‍കിയിട്ടുണ്ട്. ബാലുശ്ശേരി പുനത്തില്‍ ഇതിനായി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ബന്ധുവായ ജ്യോതി, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം ടി മാധവന്‍, വാര്‍ഡ് മെമ്പര്‍ കെ കെ സുജിത്ത്, ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ബാലന്‍ എന്നിവരും സംബന്ധിച്ചു.