Web Desk

ബെയ്ജിങ്

January 27, 2020, 10:48 am

കൊറോണ വൈറസ്: ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാംപ്യൻഷിപ്പ് റദ്ദാക്കി

Janayugom Online

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാംപ്യൻഷിപ്പ് റദ്ദാക്കി. വൈറസ് പടർന്ന വുഹാനിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ഹാങ്ചൗവിൽ ഫെബ്രുവരി 12, 13 തിയതികളിലാണ് ചാംപ്യൻഷിപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.

ഏഷ്യൻ അത്ലറ്റിക് അസോസിയേഷനാണ് ചാംപ്യൻഷിപ്പ് റദ്ദാക്കിയ കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ്ങിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

അതേസമയം കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചൈനയിലെ നാൻജിങ്ങിൽ നടത്താനിരുന്ന ലോക ഇൻഡോർ അത്ലറ്റിക് ചാംപ്യൻഷിപ്പിന്റെ കാര്യത്തിലും ആശങ്കയാണ്. മാർച്ച് 13 മുതൽ 15 വരെയാണ് ലോക ഇൻഡോർ അത്ലറ്റിക് ചാംപ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. നാൻജിങ്ങിൽ നടക്കാനിരിക്കുന്ന ലോക ഇൻഡോർ ചാംപ്യൻഷിപ്പിനെ കൊറോണ വൈറസ് ബാധ ഏതെങ്കിലും വിധത്തിൽ ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ഉപദേശം ലഭിച്ചാൽ ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കുമെന്ന് ലോക അത്ലറ്റിക് അസോസിയേഷന്‍ വക്താവ് പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO