Wednesday
20 Mar 2019

അസിഫ ബാനു: ഇതാണ് മോഡി സര്‍ക്കാരിന്റെ ബേട്ടീ ബചാവോ

By: Web Desk | Thursday 12 April 2018 11:00 PM IST


ഗീതാ നസീര്‍

അസിഫാബാനു, കുതിരയെ മേയ്ക്കാന്‍ പോയ മിടുക്കിക്കുട്ടി. പക്ഷേ തിരിച്ചുവന്നില്ല. മകളെ അന്വേഷിച്ചുപോയ അച്ഛന് വികൃതമാക്കപ്പെട്ട കുഞ്ഞുശരീരമാണ് ദിവസങ്ങള്‍ക്ക് ശേഷം കയ്യില്‍ കിട്ടിയത്. അതും ഒരു വനമ്പ്രദേശത്തെ കലുങ്കിനടിയില്‍ നിന്ന്. മകള്‍ അപകടത്തില്‍ മരിച്ചതല്ല. വെറുതെ കൊന്നതുമല്ല. രണ്ടു പൊലീസുകാരടങ്ങുന്ന ആറു പേരുടെ സംഘം ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്താണ് എട്ടുവയസുള്ള ആ പിഞ്ചോമനയെ കൊന്നു തള്ളിയത്. നിര്‍ഭയ സംഭവത്തിനുശേഷം രാജ്യം വിറങ്ങലിച്ചുപോയ ദാരുണമായ മരണം.
ഈ കൊലയ്ക്ക് പിന്നില്‍ വംശഹത്യയുടെ വെറി കൂടി ഉണ്ടെന്നുള്ളത് രാജ്യം നടുക്കത്തോടെ മനസിലാക്കുന്നു. ഹിന്ദുരാഷ്ട്രവാദം തലയ്ക്കുപിടിച്ച രാജ്യത്തെ ഹിന്ദുത്വശക്തികള്‍ ആ രാഷ്ട്രം നിര്‍മിക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നതിന്റെ ഭയാനകമായ തിരിച്ചറിവ് ഈ സംഭവം രാജ്യത്തിന് നല്‍കുന്നു. അശാന്തമായ ജമ്മു കശ്മീര്‍ താഴ്‌വരകളില്‍ ബിജെപി അധികാരത്തിലെത്തിയതോടെ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരന്തങ്ങളുടെ ഒരു ചെറുപാളിമാത്രമാണ് അസിഫാബാനുവിന്റെ അനുഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനുവരിയില്‍ നടന്ന ഈ കൊടുംക്രൂരത രാജ്യം അറിയുന്നതുപോലും രണ്ടുദിവസം മുന്‍പാണ്. പുറംലോകം അറിയാതെപോയ എത്ര അസിഫാബാനുമാര്‍ അവിടെയുണ്ടായിട്ടുണ്ടെന്ന് ആര്‍ക്കറിയാം. ഒര്‍ത്ഥത്തില്‍ ഭരണം കയ്യാളുന്ന ബിജെപി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അരുംകൊലയാണ് അസിഫയുടേത്.
ജമ്മു നഗരത്തിനടുത്തുള്ള കത്തുവയില്‍ രസന എന്ന ഗ്രാമത്തിലെ ആട്ടിടയരുടെ സമൂഹത്തെ ബകര്‍വാളുകള്‍ എന്നാണ് വിളിക്കുക. മുസ്‌ലിം ജനവിഭാഗക്കാരായ ഇവര്‍ നാടോടികളായാണ് അറിയപ്പെടുന്നത്. ഇതില്‍ ഒരു വിഭാഗം രസനയില്‍ സ്ഥലം വാങ്ങി വീടുവച്ചതില്‍ ക്ഷുഭിതരായ ഹൈന്ദവസംഘടനകള്‍ ഇവരെ ഭയപ്പെടുത്തി അവിടെനിന്നും ഓടിക്കാന്‍ ആസൂത്രണം ചെയ്ത അരുംകൊലയാണ് എട്ടുവയസുകാരിയുടെ ജീവന്‍ അപഹരിച്ചത്. വെറുതെ അപഹരിക്കുകയായിരുന്നില്ല.
മലഞ്ചെരിവുകളില്‍ കുതിരയെ മേയ്ക്കാന്‍ പോകുന്ന ചുറുചുറുക്കുള്ള അസിഫ ജനുവരി 10ന് പതിവുപോലെ കുതിരയേയും കൊണ്ട് മലഞ്ചെരുവിലേക്ക് പോയി. അസിഫയുടെ പുറകേ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ റവന്യു വകുപ്പില്‍ നിന്നും വിരമിച്ച സന്‍ജിറാമിന്റെ മരുമകനും അവന്റെ സുഹൃത്ത് പര്‍വീഷ് കുമാറും പിന്തുടര്‍ന്ന് അവളെ വായപൊത്തിപ്പിടിച്ച് വലിച്ചിഴച്ചു തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി കെട്ടിയിട്ടു. മകളെ കാണാതായപ്പോള്‍ പരാതിയുമായിപ്പോയ അച്ഛനോടൊപ്പം പ്രാദേശിക പൊലീസ് അന്വേഷണ നാടകമാണ് നടത്തിയത്. ക്ഷേത്രത്തിലും അവര്‍ തിരച്ചില്‍ നാടകം നടത്തി. പൊലീസ് അന്വേഷണ നാടകം നടത്തുമ്പോള്‍ അവളെ വായമൂടിക്കെട്ടി ക്ഷേത്രത്തിനകത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. സന്‍ജിറാമും സംഘവും ഹൈന്ദവ സംഘടനയുടെ അജന്‍ഡകള്‍ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെ നടപ്പാക്കുകയായിരുന്നു.
ക്ഷേത്രത്തിനകത്ത് മയക്ക് മരുന്ന് നല്‍കി ഉറക്കിക്കിടത്തിയാണ് പൊലീസുകാരടക്കമുള്ള ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ ആ കുഞ്ഞിനെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളില്‍ ഒരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തുകപോലും ചെയ്തു. തന്റെ കാമപൂര്‍ത്തി തീര്‍ക്കാന്‍ ഒരവസരം തരുന്നു എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സന്‍ജിറാം, അയാളുടെ മകന്‍ വിശാല്‍ ഗംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, കൂടാതെ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക്‌രാജ്, പര്‍വേഷ് കുമാര്‍ എന്നീ എട്ടുപേര്‍ എട്ടുവയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ദിവസങ്ങളോളം ബലാത്സംഗം ചെയ്ത് കാമവെറിതീര്‍ത്തു എന്ന് പറയുമ്പോള്‍ ഈ ക്രൂരകൃത്യത്തെ എങ്ങനെയാണ് രാജ്യം നോക്കിക്കാണേണ്ടത്? രസനയിലെ ഹൈന്ദവ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ രണ്ടു ബിജെപി മന്ത്രിസഭാംഗങ്ങളായ ലാല്‍സിങ്ങും ചന്ദ്രപ്രകാശ് ഗംഗയുമാകുമ്പോള്‍ അത് നല്‍കുന്ന സന്ദേശം എന്താണ്?
ബിജെപിയുടെ ഹിന്ദുരാഷ്ട്രനിര്‍മാണം അയോദ്ധ്യ പൊളിക്കലിലോ ക്ഷേത്രനിര്‍മാണത്തിലോ ഒതുങ്ങുന്നതല്ല. പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നുതള്ളി ഭീതിപരത്തി വംശഉന്മൂലനം വരുത്തുക എന്നത് കൂടി അവരുടെ ഹിന്ദുരാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാണെന്ന് രാജ്യത്തെ അവര്‍ ബോധ്യപ്പെടുത്തിയിരിക്കുന്നു. അസിഫ ഒരു പ്രതീകമാണ്, ഇന്ത്യന്‍ ഫാസിസത്തിന്റെ കൊടുംഭീകരതയ്ക്ക് ഇരയാകുന്ന നിഷ്‌കളങ്കരുടെ പ്രതീകം. അസിഫയുടെ വിടര്‍ന്ന കണ്ണുകള്‍ ഹിന്ദുത്വ ഫാസിസത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറട്ടെ. വംശവെറിയുടെ ഈ കരാളതയ്ക്ക് മാപ്പ് നല്‍കിയാല്‍ ചരിത്രം ഒരിക്കലും നമുക്ക് മാപ്പ് നല്‍കില്ല. അസിഫയോടുള്ള കടമ നിറവേറ്റാന്‍ ഹിന്ദുത്വ ഭീകരതയെ എതിര്‍ക്കുന്ന എല്ലാവരും ഒന്നിക്കണം. കുഞ്ഞേ, നിനക്കുവേണ്ടി, വരാനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ക്ക് ഒന്നിച്ചുനിന്നേ മതിയാകൂ. ആ ഓമനമുഖത്തൊരു ചുടുചുംബനം.

Related News