എടിഎമ്മില്‍ 500 ചോദിച്ചാല്‍ 2000 കിട്ടും

റാഞ്ചി: ഈ എടിഎമ്മില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്കെല്ലാം കിട്ടിയത് രണ്ടായിരം രൂപ. ജംഷഡ്പുര്‍ ബരഡിക് ബസാറിലെ എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മില്‍ ആണ് സംഭവം. എടിഎമ്മിലെ 500 രൂപയുടെ ട്രേയില്‍ ജീവനക്കാര്‍ അബദ്ധത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ നിറച്ചതാണ് ഇതിനു കാരണം.
ഇതോടെ പണം പിന്‍വലിച്ചവര്‍ക്കു നാലിരട്ടിയാണ് ലഭിച്ചത് . ഈ എടിഎമ്മില്‍ നിന്നും കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ലോട്ടറി തന്നെയാണ് അടിച്ചത്. 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000; 20,000 പിന്‍വലിച്ചവര്‍ക്ക് 80,000 എന്നിങ്ങനെ കിട്ടിയതോടെ 12 മണിക്കൂര്‍കൊണ്ട് എടിഎം കാലിയായി. തുടര്‍ന്നു ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം കണ്ടെത്തിയത്. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരനു പറ്റിയ അബദ്ധംമൂലം ബാങ്കിനുണ്ടായ നഷ്ടം 25 ലക്ഷം രൂപയാണ്. അധിക പണം കിട്ടുന്നുവെന്ന വിവരം അറിഞ്ഞതോടെ കൂടുതല്‍ പേര് പണം പിന്വലിക്കാനെത്തുകയായിരുന്നു.
പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്. ഏജന്‍സി ജീവനക്കാരുടെ പിഴവ് മൂലം നഷ്ടമുണ്ടായാല്‍ ആ തുക തിരിച്ചുപിടിക്കേണ്ടത് ഏജന്‍സിയില്‍ നിന്ന് തന്നെയാണ്.
പണം പിന്‍വലിച്ചവരുടെ വിവരം ശേഖരിച്ച് അധികമായി ലഭിച്ച പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒരുക്കമായിരുന്നില്ല. പണം തിരികെ അടയ്ക്കാന്‍ പലരും തയ്യാറാകുന്നില്ലെങ്കിലും ബാങ്ക് ശ്രമം തുടരുന്നുണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് രാജീവ് ബാനര്‍ജി അറിയിച്ചു.