ആത്മവിശ്വാസത്തിന്റെ പെണ്‍കരുത്തായി അസ്ന

Web Desk
Posted on March 25, 2018, 10:00 am

പാനൂര്‍: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്‌ന മലയാളികളുടെ മങ്ങാത്ത ഓര്‍മക്ക് പുതു ജീവന്‍ നല്‍കി. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ  ആര്‍എസ്എസ് ബോംബേറില്‍ അസ്നക് കാല്‍ നഷ്ടമായി. എന്നാല്‍, തളരാത്ത ആത്മവിശ്വാസവുമായി അസ്ന ഇന്ന് പഠിച്ച് ഡോക്ടറായിരിക്കുകയാണ്.

അസ്‌നയുടെ മെഡിക്കല്‍ വിദ്യാഭ്യാസച്ചെലവ് എന്‍ജിഒ അസോസിയേഷന്‍ ഏറ്റെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍കോളജ് വിദ്യാര്‍ത്ഥിനിയായിരുന്നു അസ്‌ന. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അസ്നയുടെ കാല്‍ നഷ്ടമായത് . 2000 ഡിസംബറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ദിനം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്‌നയ്ക്കും അനുജനും കുടുംബാംഗങ്ങള്‍ക്കും നേരേ ബോംബേറുണ്ടായി. പാട്യം ഗ്രാമപഞ്ചായത്തിലെ പൂവത്തൂര്‍ യു പി സ്‌കൂളിലെ പത്താം നമ്പര്‍ ബൂത്തിലാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോംബേറു നടത്തിയത്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ബൂത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം അരങ്ങേറിയത്.

വ്യാജപേരില്‍ വോട്ടു ചെയ്യാനെത്തിയ ബിജെപിക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. അതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരി അസ്‌നയ്ക്കും സഹോദരന്‍ ആനന്ദിനും ബോംബേറില്‍ പരിക്കേറ്റു. സ്‌ഫോടനത്തില്‍ അസ്‌നയുടെ വലതു കാല്‍ ചിതറി. ആനന്ദ് രക്തത്തില്‍ കുളിച്ചു. അസ്‌നയുടെ അമ്മയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയുടെ പിഞ്ചുകാല്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റി.

അപകടം ഉണ്ടാകുമ്പോള്‍ ഒന്നാം ക്ലാസ്സിലായിരുന്നു അസ്‌ന. പിന്നീട് പഠിച്ചു മിടുക്കിയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. കൃത്രിമക്കാല്‍ ഉപയോഗിക്കുന്ന അസ്‌നയുടെ പഠന സൗകര്യത്തിനായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ആക്രമണത്തില്‍ ഒരു കുട്ടി ഇരയാവുന്നത് ആദ്യമായിട്ടായിരുന്നു. അസ്‌നക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട എ അശോകന്‍ ഇപ്പോള്‍ സിപിഎമ്മില്‍ ആണ്. മാത്രമല്ല, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയാണ്. അസ്‌നക്കേസില്‍ കീഴ്ക്കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചതിനാല്‍ മത്സരത്തിന് ആദ്യം അശോകന് അയോഗ്യത ഉണ്ടായിരുന്നു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പേരും കുറ്റക്കാരാണെന്ന് തലശ്ശേരി അതിവേഗക്കോടതി അന്ന് കണ്ടെത്തിയിരുന്നു.

സിപിഎം സ്ഥാനാര്‍ത്ഥിയായി കൂത്തുപറമ്പില്‍ മത്സരിച്ച അശോകനെതിരേ പ്രചരണത്തിനായി അസ്‌ന യുഡിഎഫ് വേദികളില്‍ എത്തിയതും രാഷ്ട്രീയ കേരളം ശ്രദ്ധിച്ചിരുന്നു. വാര്‍ത്തകളില്‍ ഒരു കാലത്ത് സജീവമായിരുന്നു അസ്‌ന. അസ്‌നയുടെ ദാരുണമായ സംഭവത്തെ തുടര്‍ന്നാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും അറുതി വന്നത്.

കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കാനും നടന്ന് സ്‌കൂളില്‍ പോകാനും കഴിഞ്ഞില്ലെങ്കിലും പഠിക്കണമെന്ന ആഗ്രഹം അസ്‌ന വാശിയോടെ നടത്തി. വിധിക്കു മുന്നില്‍ തോല്‍ക്കാതെ പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും ഉയര്‍ന്ന മാര്‍ക്കുമായി വിജയം കൈവരിച്ച അസ്‌നയുടെ ആഗ്രഹ സഫലീകരണം കൂടിയാണ് ഡോക്ടര്‍ പദവി. പ്രവേശന പരീക്ഷയില്‍ ഭിന്നശേഷിക്കാരുടെ ക്വോട്ടയില്‍ പതിനെട്ടാം റാങ്കായിരുന്നു അസ്‌നയ്ക്ക്.

കഷ്ടപ്പാടില്‍ പിന്തുണച്ചവര്‍ക്കും സ്‌നേഹം നല്‍കിയവര്‍ക്കും തന്നെപോലെ വേദന അനുഭവിക്കുന്നവര്‍ക്കും ഒരു താങ്ങാകുക അത്രമാത്രമാണ് അസ്‌നയുടെ ആഗ്രഹം.