അശോകചക്ര

Web Desk
Posted on February 26, 2018, 4:43 pm

പിക്കാസോയുടെ പെന്‍സിലൊടിഞ്ഞു
വരകളും കുറികളുമാകെ മുറിഞ്ഞു
ഒടുവിലാസൂത്രിതം — കമ്മ്യൂണിസ്റ്റ് പച്ച
രാജാവിന്റെ ഭടന്മാര്‍ തേടിയിറങ്ങി
ശവാസനമനുഷ്ഠിച്ച റോഡിലൂടവര്‍
ശീര്‍ഷാസനത്തിനെതിരായ് നടന്നൂ
ഏറെ നടന്നൂ കാലുകുഴഞ്ഞവര്‍
ഏറെ ഇഴഞ്ഞും മുരണ്ടും നീങ്ങി
കവലയിലെത്തിയോര്‍ വഴിതെറ്റാതീ
നാലുവഴിയായ് വീണ്ടുമൊഴുകി
കവലയിലെന്നോ ആരോ നാട്ടിയ
സ്വാതന്ത്ര്യക്കൊടി വീണ്ടും പാറി
സ്വരഭേദമുടയാന്‍ സൂര്യന്‍
അറബിക്കടലില്‍ മുങ്ങിത്താണു
സമയമേറുന്നതായ് വിലപിച്ചു
മരിച്ച സൂര്യനോ, ഹംസഗാനം
പാടാനെത്തിയ ചന്ദ്രനോ
മറ്റൊന്നും ചെയ്യാനില്ലായിരുന്നു
ഒടുവില്‍ കിട്ടി അര്‍ദ്ധരാത്രിയില്‍
കമ്മ്യൂണിസ്റ്റ് പച്ചയുടെ തളിരിലകള്‍
രാജ്യം ആദര സൂചകമായി
ഭടന്മാര്‍ക്കശോക ചക്രം നല്‍കി
രാജഗുരുക്കള്‍ വൈദ്യന്‍മാരവയിലടിച്ച-
മര്‍ത്തിപ്പിഴിഞ്ഞെടുത്തൂ.
മുറിഞ്ഞ വരയുടെ അഗ്രത്തേക്കവര്‍
സസൂക്ഷ്മം നീരിറ്റിച്ചു.
നീര്‍വീണ വരകളിലെ മുറിവുണങ്ങി-
ക്കരിഞ്ഞു, ഒടുവില്‍ കരഞ്ഞു
തങ്ങളെ സൃഷ്ടിച്ച പെന്‍സിലിനെ
യോര്‍ത്ത്; ആ ദുഃഖത്തില്‍
തളര്‍ന്നുറങ്ങിയ പിക്കാസോയെ ഓര്‍ത്ത്.
കരിഞ്ഞ മുറിവില്‍ നിന്നിറ്റുവീണ
മഴത്തുള്ളികളാല്‍ പുതിയ നാമ്പുണര്‍ന്നു.
കമ്മ്യൂണിസ്റ്റ് പച്ചത്തോട്ടങ്ങള്‍
മുറിവുണക്കാന്‍ കെല്‍പില്ലാത്ത,
വറ്റിയ നീര്‍ച്ചാലുകള്‍ ആ ഇലയുടെ
സിരകളിലിന്നുമുണ്ട്
ആരോ ആ ചെടിയെ ഓര്‍ക്കിഡെന്നോ
മറ്റോ വിളിച്ചു.
അവ ശരിക്കും കമ്മ്യൂണിസ്റ്റ്
പച്ചയുടെ പരിണാമ രൂപമാണ്
ഏതോ ഭടന്‍ തന്നില്‍
നിന്നറുത്തുമാറ്റിയ
ജനിതകഘടനയുടെ അവശേഷിപ്പ്

ഗൗരി എസ് കുമാര്‍
പ്ലസ് ടു
ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,
കരുനാഗപ്പള്ളി