ഒരാളെ അംഗീകരിക്കാതിരിക്കാം.. ഇല്ലാതാക്കരുത്…

Web Desk
Posted on November 14, 2017, 7:00 am

ശ്യാമ രാജീവ്

രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള അസഹിഷ്ണുതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ ഉടലെടുത്തിട്ടുള്ള പ്രതിഷേധ സ്വരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഹിന്ദി കവിയും വിമര്‍ശകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോക് വാജ്‌പേയുടേത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ വ്യാപകമായി പിന്തുണയ്ക്കുന്ന അശോക് വാജ്‌പേയ് കവിത, വിമര്‍ശനാത്മക സാഹിത്യം, കല എന്നിവയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും 50 ലധികം പുസ്തകങ്ങളുടെ രചയിതാവാണ്. സാഹിത്യം, സംഗീതം, നൃത്തം, നാടകം, വിഷ്വല്‍ ആര്‍ട്‌സ്, ട്രൈബല്‍ ആര്‍ട്‌സ്, സിനിമ എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പരിപാടികളുടെ സംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭോപ്പാലില്‍ ഭാരത് ഭവന്‍ എന്ന ബഹുമുഖ കലാകേന്ദ്രം നിര്‍മ്മിച്ചതും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം കൊണ്ടാണ്. മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സിലറായിരുന്ന അശോക് വാജ്‌പേയ് നിലവില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ റാസാ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയാണ്. 2008 മുതല്‍ 2011 വരെ ലളിതകലാ അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ച അശോക് മധ്യപ്രദേശില്‍ ഐ എ എസ് ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാഹിത്യകാരനെന്ന നിലയില്‍ അശോക് ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ രാജ്യത്ത് വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് തന്റെ ഡിലിറ്റ് ബിരുദം തിരികെ നല്‍കിയത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുത വലിയ ആപത്താണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും.

അശോക് വാജ്‌പേയ് എന്ന സാഹിത്യകാരന്‍ തന്റെ പ്രതിഷേധങ്ങളെല്ലാം പ്രകടിപ്പിച്ച രീതികള്‍ വ്യത്യസ്തമായിരുന്നു. ആരുടെയും മുഖം നോക്കാതെ, ന്യായത്തിന്റെ ഭാഗത്തു നിന്നു പ്രതിഷേധിക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്ന വാദക്കാരനാണ് അദ്ദേഹം. കേരള സര്‍ക്കാരും ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച കൃത്യ കാവ്യോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച തലസ്ഥാനെത്തിയ അശോക് വാജ്‌പേയ് ജനയുഗത്തോടു പങ്കുവെച്ച ചിന്തകള്‍…

  • എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ബിജെപി-ആര്‍ എസ് എസ് അജണ്ടകളെ എങ്ങനെ നോക്കിക്കാണുന്നു ?

വസ്തുതകള്‍ എല്ലാവരും തിരിച്ചറിയണം. എഴുത്തുകാരോടും മാധ്യമപ്രവര്‍ത്തകരോടുമുള്ള ബിജെപി — ആര്‍ എസ് എസ് അജണ്ടകള്‍ വളരെ അപകടകരമായ അവസ്ഥയിലേയ്ക്കാണ് പോകുന്നത്. ഇത്തരം സമീപനങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. ആര്‍ക്കും ഒരു കാലത്തും അംഗീകരിക്കാനാവുന്നതല്ല ഇതൊക്കെ. മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുവാനുള്ള ഇത്തരം ശ്രമങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ല. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് പല എഴുത്തുകാര്‍ക്കും ഭീഷണിയും വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എഴുത്തുകാര്‍ക്കു മാത്രമാണെന്നു തോന്നുന്നില്ല, ആര്‍ട്ട്, ക്രാഫ്റ്റ്, സിനിമ, നാടകം തുടങ്ങി എല്ലാ മേഖലകളും സമാന സ്ഥിതിവിശേഷമാണ്. രാജ്യത്ത് ആദ്യകാലം മുതല്‍ അസഹിഷ്ണുതയുണ്ടായിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ കൊലപാതകം നടക്കുന്നു എന്നതാണ് ഏറ്റവും പുതിയ സാഹചര്യം. ഇത് വലിയ അപകടമാണ്. നിങ്ങള്‍ക്ക് ഒരാളെ അംഗീകരിക്കാതിരിക്കാം. എന്നാല്‍, അതിന്റെ പേരില്‍ ഒരാളെ ഇല്ലാതാക്കുകയാണിപ്പോള്‍. ഭരണകൂടം അസഹിഷ്ണുതക്കെതിരെ ഒന്നും മിണ്ടുന്നില്ല. വിമതസ്വരങ്ങളെ അടിച്ചമര്‍ത്താനും നിശ്ശബ്ദമാക്കാനും സംഘടിതശ്രമം നടക്കുന്ന കാലഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

  • മോഡി ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

ഭരണത്തെക്കുറിച്ച് വിലയിരുത്തേണ്ടത് ജനങ്ങളാണ്. പലതും പ്രഖ്യാപിക്കുന്നു, നടപ്പാക്കുന്നു. മോഡി ജനപ്രിയനാണ്. ഒന്നു മാത്രമേ പറയാനുള്ളു. ഹിറ്റ്‌ലര്‍, മുസോളിനി, സ്റ്റാലിന്‍ എന്നിവരെല്ലാം ജനപ്രിയരായിരുന്നു. പക്ഷെ അവരുടെ ഭരണം എന്തായിരുന്നു, അതിന്റെ അവസാനം എന്തായിരുന്നു. അതിനു സമാനമാണ് നരേന്ദ്ര മോഡിയുടെതും.
ഈ കാലഘട്ടത്തില്‍ കവിതാസംസ്‌കാരത്തിന്റെ പ്രസക്തി എന്താണ് ?
കവിതാസംസ്‌കാരം വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാലഘട്ടമാണിത്. കവിതകളില്‍ സംസ്‌ക്കാരം ഉടലെടുക്കുന്നത് ചില അജണ്ടകളുടെ ഭാഗമായാണ്. മിക്കവാറും കവികള്‍ക്കും അവരുടെതായ അജണ്ടകള്‍ ഉണ്ടായിരിക്കും. കൂടുതല്‍ കവിതകളും ജനിക്കുന്നത് സംസ്‌ക്കാരവുമായി ബന്ധപ്പെട്ടാണ്. എല്ലാത്തിനെയും കുറിച്ച് ചര്‍ച്ചചെയ്യുന്നു. സര്‍ക്കാര്‍ നിലപാടുകള്‍, സാംസ്‌കാരിക വിഷയങ്ങള്‍ അങ്ങനെയാല്ലം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മാത്രം സംഭാവനയല്ല, പാരമ്പര്യത്തിന്റേതു കൂടിയാണ്.

  • മലയാളത്തിലെ ഇഷ്ട എഴുത്തുകാര്‍ ?

മലയാളത്തെ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് ഇടയ്ക്കിടെ കേരളത്തിലേയ്ക്കു വരുന്നതും ഇവിടുത്തെ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതും. അയ്യപ്പപണിക്കര്‍, കാവാലം നാരായണപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, സച്ചിദാനന്ദന്‍, സുഗതകുമാരി, കമലാദാസ് ഇവരെല്ലാവരും എനിക്കു പ്രിയപ്പെട്ടവരാണ്.

 

  • ഇന്ന് കവിതയുടെ പ്രസക്തി എന്താണ്?

കവിത വിമതസ്വരങ്ങളുടേതാണ്, സത്യപ്രസ്താവങ്ങളുടേതല്ല. യാഥാര്‍ഥ്യങ്ങളുടെ ജനാധിപത്യപരമായ പ്രഖ്യാപനങ്ങളാണ് കവിത. കവിതയ്ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ചിലപ്പോള്‍ ഭരണകൂടത്തിനെതിരെയുള്ള സമരമായി കവിത മാറാറുണ്ട്. കവിത എന്നു പറയുന്നത് ധൈര്യത്തിന്റെയും ഭാവനയുടെയും സൃഷ്ടിയുടെയും ശബ്ദമാണ്. അത് ഏതു രാജ്യമായാലും സമൂഹമായാലും ഒന്നു തന്നെയാണ്.
കവിത നിയമലംഘനം കൂടിയാണ്. ആരു ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കവിതയുടെ സ്വരം ഉയര്‍ന്നു തന്നെ കേള്‍ക്കും.

  • യുവ എഴുത്തുകാര്‍ക്കുള്ള ഉപദേശം ?

വായനയാണ് എല്ലാത്തിന്റെയും അടിത്തറ. വായിക്കണം, അറിവ് സമ്പാദിക്കണം. ഭാവനയ്ക്ക് അറിവ് പ്രധാനമാണ്. ഒരു പുസ്തകം എഴുതിയാലും നൂറ് പുസ്തകം എഴുതിയാലും അതില്‍ ഭാവനയാണ് പ്രധാന ഘടകം.

  • പുതിയ പ്രൊജക്ട് ?

എഴുത്തിനെക്കുറിച്ച് വെളിപ്പെടുത്താന്‍ സമയമായിട്ടില്ല. എങ്കിലും ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മനസിലുള്ളത്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണം. നിലവില്‍ റാസാ ഫൗണ്ടേഷനുമായി ചേര്‍ന്ന് യുവ എഴുത്തുകാര്‍ക്കുവേണ്ടിയുള്ള സാംസ്‌കാരിക പരിപാടിയുടെ പണിപ്പുരയിലാണ്. ഫെബ്രുവരിയില്‍ ഡല്‍ഹിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
സാഹിത്യ സാംസ്‌കാരിക മേഖലയില്‍ മികവുറ്റ കലാകാരന്മാരുള്ള കേരളത്തില്‍ അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന സര്‍ക്കാരുണ്ട് എന്നതുതന്നെ വലിയ കാര്യമാണ്. അതിനെ അഭിനന്ദിക്കുന്നുവെന്നും അശോക് വാജ്‌പേയ് പറഞ്ഞു.

കൊച്ചി മുസിരിസ് ബിനാലെ പോലുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും, വീണ്ടും കേരളത്തിലെ വൈവിധ്യങ്ങളായ പരിപാടികളില്‍ പങ്കാളിയാവാനുള്ള അവസരം ലഭിക്കട്ടെ എന്ന പ്രത്യാശ പ്രകടിപ്പിച്ചുമാണ് അശോക് വാജ്‌പേയ് തന്റെ സംഭാഷണം അവസാനിപ്പിച്ചത്.…