സിറ്റിസണ്‍ഷിപ്പ് ബില്‍ ഭേദഗതിക്കെതിരെ അസമില്‍ വന്‍ പ്രക്ഷോഭം

Web Desk
Posted on May 13, 2018, 7:31 pm

ദിസ്പൂര്‍: ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അസമില്‍ വന്‍ പ്രക്ഷോഭം. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ബാനറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ 200ലേറെപ്പേരാണ് അണിനിരന്നത്.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധിസ്റ്റുകള്‍, ജൈന മതവിഭാഗക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്ന 2016ലെ സിറ്റിസണ്‍ഷിപ്പ് ബില്‍ ഭേദഗതിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായുള്ള എട്ട് വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുള്ളവരാണ് പ്രതിഷേധക്കാര്‍.
നിയമവിരുദ്ധ ബംഗ്ലാദേശികളെ കൊണ്ടിടാനുള്ള ചവറ്റുകുട്ടയല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ചീഫ് സമ്മുജ്വല്‍ ഭട്ടാചാര്യ പറഞ്ഞു. ഈ ബില്ലിനെതിരെ നരേന്ദ്രമോഡി സര്‍ക്കാറിനുള്ള മുന്നറിയിപ്പാണിത്. ആവശ്യമെങ്കില്‍ പതിനായിരക്കണക്കിനുപേര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.
അസം ജതിയതാബഡി യുവ ചക്രപരിഷത്ത് അംഗങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഗുവാഹത്തിയിലെ ദേശീയ പാത 37 നാലുമണിക്കൂറോളം ഉപരോധിച്ചു. 1985ലെ അസം നിയമത്തിലെ ചട്ടങ്ങള്‍ക്കെതിരാണ് കേന്ദ്രസര്‍ക്കാരിന്റെ ബില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Pic Cour­tesy: News 18