Web Desk

ഗുവാഹത്തി

August 01, 2021, 10:12 pm

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അസം സുപ്രീംകോടതിയിലേക്ക്

Janayugom Online

മിസോറമുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അസം സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. രേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും നടപടികള്‍ പൂര്‍ത്തിയായാല്‍ 15 ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ശര്‍മ അറിയിച്ചു. 26ന് ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ആറ് അസം പൊലീസ് ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സംഘര്‍ഷത്തില്‍ ശര്‍മയ്ക്കും സര്‍ക്കാരിലെ ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും 200 ഓളം പൊലീസുകാര്‍ക്കുമെതിരെ മിസോറം സര്‍ക്കാര്‍ കേസെടുത്തിരുന്നു. അസം സര്‍ക്കാരും മിസോറം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

അതേസമയം വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മിസോറം മുഖ്യമന്ത്രി സോറംതങ്ക അറിയിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷനില്‍ ഹാജരാകും: ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി: സംഘര്‍ഷത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അതിര്‍ത്തി പ്രശ്നത്തിന് പരിഹാരമുണ്ടാകുമെങ്കില്‍ മിസോറമിലേക്ക് പദയാത്ര നടത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു ശര്‍മയുടെ പ്രതികരണം. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം അനുവദിക്കില്ലെന്ന് ഹിമന്ത ട്വീറ്റ് ചെയ്തു. അതേസമയം അസം മുഖ്യമന്ത്രിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മിസോറം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Assam cm on bor­der clash with Mizoram

You may also like this video: