അസമില്‍ കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച പൗരന്മാരുടെ അന്തിമ പട്ടിക ഇതിനായി സ്വീകരിച്ച ക്ലൗഡ് സേവനത്തില്‍നിന്ന് അപ്രത്യക്ഷമായി. സുപ്രീംകോടതി നിർദേശിച്ച പ്രകാരം പ്രസിദ്ധീകരിച്ച ഡാറ്റ സ്റ്റേറ്റ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) വെബ്സൈറ്റിലാണ് അപ് ലോഡ് ചെയ്തിരുന്നത്. അതേസമയം എൻആർസി ഡാറ്റ സുരക്ഷിതമാണെന്നും സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു. ക്ലൗഡില്‍ ഡാറ്റ കാണിക്കുന്നതിലുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണെന്നും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഐടി കമ്പനിയായ വിപ്രോയുമായുള്ള കരാർ പുതുക്കാത്തതാണ് പ്രശ്നമെന്നാണ് എൻആർസി അധികൃതർ അവകാശപ്പെടുന്നത്. 2019 ഓഗസ്റ്റ് 31 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. തുടർന്ന് എൻആർസിയുടെ പൂർണ്ണ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ www.nrcassam.nic.in ൽ അപ്ലോഡ് ചെയ്യുകയായിരുന്നു. വന്‍തോതിലുള്ള ഡാറ്റകൾക്കായി ക്ലൗഡ് സേവനം വിപ്രോയാണ് നല്‍കിയത്. സംസ്ഥാനത്തുനിന്ന് മുസ്ലിങ്ങളെ മാത്രം പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പൗരത്വ രജിസ്റ്ററില്‍നിന്ന് ലക്ഷക്കണക്കിന് മുസ്ലിങ്ങളല്ലാത്തവരും പുറത്തായത് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും കനത്ത തിരിച്ചടിയായിരുന്നു. ഇവരെ തിരികെ എൻആർസിയില്‍ ഉള്‍പ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയിട്ടുള്ളത്.
വിപ്രോയുമായുള്ള കരാർ കഴിഞ്ഞ ഒക്ടോബർ 19 വരെ ആയിരുന്നു. ഇത് മുൻ കോ-കോർഡിനേറ്റർ പ്രതീക് ഹജെല പുതുക്കിയിരുന്നില്ല. പ്രതീക് ഹജെലയെ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതി സ്ഥലംമാറ്റിയത്. ഡിസംബർ 15 മുതൽ ഡാറ്റ ഓഫ്ലൈനായി. വിപ്രോ സേവനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നുവെന്നും താന്‍ ഡിസംബർ 24 നാണ് ചുമതലയേറ്റതെന്നും എൻആർസി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഹിതേഷ് ദേവ് ശർമ്മ വിശദീകരിക്കുന്നു. ഡാറ്റ ലഭ്യമാക്കുന്നതിന് വിപ്രോ നടപടികള്‍ സ്വീകരിക്കുകയാണെന്നും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആളുകൾക്ക് ഇത് ആക്സസ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ശർമ്മ പറഞ്ഞു. അതേസമയം ഡാറ്റ അപ്രത്യക്ഷമായത് ദുരൂഹമാണെന്ന് അസമിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്നു.
English Summary: assam govt loses nrc data
You may also like this video