28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 27, 2024
March 27, 2024
March 26, 2024
March 26, 2024
March 25, 2024

വിദ്വേഷരാഷ്ട്രീയത്തിന്റെ അസം മാതൃക

ഗിരീഷ് അത്തിലാട്ട്
September 27, 2021 6:00 am

മനസാക്ഷി മരവിച്ചിട്ടില്ലാത്തവരെയെല്ലാം ഞെട്ടിപ്പിക്കുന്ന ദൃശ്യമായിരുന്നു അസമിൽ കഴിഞ്ഞ ദിവസം കണ്ടത്. പൊലീസ് സംഘത്തിന്റെ വെടിയേറ്റുവീണയാളിന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടുന്ന ഫോട്ടോഗ്രാഫർ. ഇയാൾ ജില്ലാ ഭരണകൂടം നിയോഗിച്ച ഫോട്ടോഗ്രാഫറാണെന്നും പിന്നീട് ഇയാൾ അറസ്റ്റിലായെന്നും വാർത്തകൾ പുറത്തുവന്നു. വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ എണ്ണൂറോളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കയ്യേറ്റം ആരോപിച്ച് സർക്കാർ കുടിയൊഴിപ്പിക്കുന്നത്.
അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിങ്ങൾക്കെതിരെ ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ നിരവധിയാണ്. നൂറോളം പൊലീസുകാർ ചേർന്ന് വെടിയുതിർത്ത് കൊലപ്പെടുത്തിയ ആളിന്റെ നെഞ്ചിലേക്ക് ബിജയ് ശങ്കർ ബുനിയ എന്നയാൾ ഓടിവന്ന് ആഞ്ഞുചവിട്ടിയത് ഇതിന്റെ ഒടുവിലത്തെ, ഏറ്റവും ക്രൂരമായ ഉദാഹരണമായി കാണേണ്ടതുണ്ട്. എന്നാൽ ഈയൊരു വ്യക്തിക്കെതിരെ ജനരോഷം ഉയരുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കലിന് പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെല്ലാം മറച്ചുവയ്ക്കപ്പെടുകയോ പൊതുശ്രദ്ധയിലേക്ക് ഉയർന്നുവരാതിരിക്കുകയോ ചെയ്യുകയാണ്.

അവിടെ നടന്ന സംഭവത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ മാനങ്ങളൊന്നും ശ്രദ്ധിക്കാത്ത ഒരാൾക്ക് പെട്ടെന്ന് തോന്നുക, അനധികൃതമായി കയ്യേറ്റം നടത്തി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിന് സർക്കാരിന് അധികാരമുണ്ടല്ലോ എന്നാണ്. എന്നാൽ അസമിലെ സർക്കാർ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് പൊതുജനങ്ങളുടെ എല്ലാ പ്രതിഷേധങ്ങളെയും പൊലീസിന്റെ അധികാരമുപയോഗിച്ച് ബലപ്രയോഗത്തിലൂടെ തീർപ്പാക്കേണ്ട വിഷയങ്ങളായി മാത്രം കണ്ടുകൊണ്ടുള്ള നടപടികളാണ് എന്ന വസ്തുത കാണാതിരിക്കാനാവില്ല. ഒഴിഞ്ഞുപോകുന്നവർക്ക് താമസിക്കാൻ മറ്റൊരു സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുക്കുക പോലും ചെയ്യാതെയാണ് ബുൾഡോസറുകളുപയോഗിച്ച് കുടിലുകൾ ഇടിച്ചുനിരത്തി ഭരണകൂടം അവിടെ അധികാരം പ്രയോഗിച്ചത്. അങ്ങനെയൊരു സ്ഥലം ലഭിച്ചിരുന്നുവെങ്കിൽ തങ്ങളുടെ വീടുകൾ സ്വയം പൊളിച്ചുമാറ്റി പുതിയ സ്ഥലത്ത് ഈ ഷീറ്റുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുതന്നെ വീടുകൾ നിർമ്മിച്ച് മാറാൻ ഇവർ സന്നദ്ധരായിരുന്നുവെന്ന് ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ഹൃദയശൂന്യമായ ഭരണകൂടം അതിനുള്ള അവസരം പോലും അവർക്ക് നിഷേധിക്കുകയായിരുന്നുവെന്ന് വ്യക്തം.


ഇതുകൂടി വായിക്കൂ : വിദ്വേഷവും അസഹിഷ്ണുതയും വിഭജനവാദവും നിരാകരിക്കപ്പെടണം


ഈ സംഭവം നടന്നതിന് ശേഷം ഡാരംഗ് ജില്ലയിലെ ധോൽപൂർ സന്ദർശിച്ച വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട വിവരങ്ങൾ ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കുവാനുള്ള ശ്രമങ്ങൾ നടന്നുവെന്നാണ് വ്യക്തമാക്കുന്നത്.
സംഭവത്തിന്റെ നാൾവഴി പരിശോധിച്ചാൽ അത് മനസിലാക്കാവുന്നതാണ്. സെപ്റ്റംബർ 20 നാണ് ആദ്യ ഒഴിപ്പിക്കൽ നടപടിയുണ്ടായത്. ബിജെപി സർക്കാർ തങ്ങളോട് സ്വീകരിക്കുന്ന വിദ്വേഷ നിലപാടിന്റെ ഫലമായി കുടിയൊഴിഞ്ഞുപോകാൻ സന്നദ്ധമായി. പകരം കുടിൽ കെട്ടുന്നതിനുള്ള സ്ഥലം മാത്രമാണ് അവർ ആഗ്രഹിച്ചത്. പ്രദേശത്ത് കെട്ടിയുണ്ടാക്കിയിരുന്ന കുടിലുകൾ സ്വയംപൊളിച്ച് അവയുമായി സർക്കാർ നിർദ്ദേശിച്ച സ്ഥലത്തേയ്ക്ക് മാറുകയും ചെയ്തു. ഈ ഒഴിപ്പിക്കലിനും വൻസന്നാഹത്തോടെയാണ് പൊലീസ് എത്തിയത്. എന്നാൽ തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് കുടിൽ കെട്ടാൻ പകരം സ്ഥലം കിട്ടിയതിനാൽ ഒരു ചെറുത്തുനില്പുമുണ്ടായില്ല. പക്ഷേ പൊലീസിനും സർക്കാരിനും ആവശ്യം ചെറുത്തുനില്പും അതിന്റെ പേരിൽ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിച്ചുവെന്ന വാർത്ത സൃഷ്ടിക്കലുമായിരുന്നു.
അതുകൊണ്ടുതന്നെ സെപ്റ്റംബർ 23 ന് രണ്ടാംവട്ടം ഒഴിപ്പിക്കലിനെത്തുമ്പോൾ ഇരുനൂറോളം പ്രദേശവാസികൾക്ക് പുനരധിവാസത്തിനുള്ള ഒരു നിർദ്ദേശവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ 22ന് രാത്രിയാണ് ഒഴിപ്പിക്കൽ നോട്ടീസ് നല്കിയത്. ഉറങ്ങുകയായിരുന്ന വീട്ടുകാരെ വിളിച്ചുണർത്തിയാണ് പുലർച്ചെ ആറുമണിവരെ നോട്ടീസ് നല്കൽ നടത്തിയത്. ഇരുനൂറോളം കുടുംബങ്ങളും ഒഴിയുന്നതിന് സന്നദ്ധമായിരുന്നു. പക്ഷേ പകരം സംവിധാനമെന്ന ആവശ്യം അംഗീകരിക്കാതെ ഇടിച്ചുനിരത്തുന്ന സമീപനമാണ് സ്വീകരിച്ചത്. എവിടേയ്ക്ക് പോകണമെന്നറിയാതെ ചോദ്യംചെയ്തതിനെയാണ് ചെറുത്ത് നില്പെന്ന് വരുത്തി വെടിവച്ചത്.

ഇതിനുശേഷം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപൂർവം വീഡിയോകളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് നിരായുധരായ ജനങ്ങളെയാണ് പൊലീസ് നെഞ്ചിൽ വെടിയുതിർത്ത് കൊലപ്പെടുത്തിയതെന്നാണ്. ഒരു വടിയുമായി ഒറ്റയ്ക്ക് നൂറോളം പൊലീസുകാരുടെ മുന്നിലേക്ക് ഓടിയെത്തുന്ന ആളിനെ ഉടനെ നേർക്കുനേർ വെടിവച്ചിടാൻ മാത്രം അപകടഭീഷണി ഉയർത്തുന്നതായിരുന്നോ ആ സ്ഥിതി എന്ന് ഈ ദൃശ്യങ്ങൾ കാണുന്നവർക്ക് സംശയം തോന്നുന്നത് സ്വാഭാവികം.


ഇതുകൂടി വായിക്കു: കേരളത്തിന്റേത് മതേതര മണ്ണ് ; ബിജെപി വര്‍ഗീയതക്ക് ഇവിടെ സ്ഥാനമില്ല


മൃതദേഹത്തിനുമേൽ ചാടിച്ചവിട്ടിയ, ജില്ലാ ഭരണകൂടം നിയോഗിച്ച ഫോട്ടോഗ്രാഫറും വടിയുമായി ഓടിവരുന്നയാളെ നെഞ്ചിൽ നിറയൊഴിച്ച് കൊലപ്പെടുത്തുന്ന പൊലീസുകാരും എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്നുള്ള ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ അസമിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിഭജന രാഷ്ട്രീയത്തെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്.

കുടിയേറ്റവിരുദ്ധ ന്യൂനപക്ഷവിരുദ്ധ നിലപാടുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയാണ് അസമിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. സിഎഎഎൻആർസി രാഷ്ട്രീയവും ഇതേ നിലപാടുകളുടെ ഭാഗമായിരുന്നു. 65 ശതമാനവും 35 ശതമാനവും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും സൂചിപ്പിച്ചുകൊണ്ട് വർഗീയ വിഭജന പ്രചരണം നടത്തിയാണ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ബിജെപി സർക്കാർ അസമിൽ അധികാരത്തിലെത്തുന്നത്. ചിതലുകളെന്നും നിയമവിരുദ്ധരെന്നും ബംഗ്ലാദേശി കുടിയേറ്റക്കാരെന്നുമൊക്കെ വിളിച്ച് ഒരു മതവിഭാഗത്തെത്തന്നെ താഴ്ത്തിക്കെട്ടിയുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ പരിണിത ഫലമായിരുന്നു ഇക്കഴിഞ്ഞ ദിവസം ഫോട്ടോഗ്രാഫറുടെ പ്രവൃത്തിയിലൂടെ കണ്ടത്.
വിദ്വേഷ രാഷ്ട്രീയത്തിലൂടെയാണ് ബിജെപി അസമിൽ വേരുകളുറപ്പിച്ചത്. അത് ന്യൂനപക്ഷ വിദ്വേഷം തന്നെയായിരുന്നു. അതിന്റെ മറ്റൊരു അതിക്രമക്കാഴ്ചയാണ് ധോൽപൂർ ഗ്രാമത്തിലുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.