രണ്ടു വര്‍ഷം മുമ്പത്തെ ബീഫ് പോസ്റ്റില്‍ വിദ്യാര്‍ഥിനിക്കെതിരെ കേസ്

Web Desk
Posted on August 15, 2019, 5:12 pm

ഗുവാഹത്തി: രണ്ടു വര്‍ഷം മുമ്പ് ബീഫിന്റെ ചിത്രം ഫേസ്ബുക്കില്‍ ഇട്ട സംഭവത്തില്‍ വിദ്യാര്‍ഥിനിക്കെതിരെ കേസ്. അസം പൊലീസാണ് മിനുട്ടുകള്‍ക്കകം ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രണ്ടുവര്‍ഷത്തിന് ശേഷം കേസെടുത്തിരിക്കുന്നത്.
ഗുവാഹത്തി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി രഹ്‌ന സുല്‍ത്താനക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു വര്‍ഷം യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പ്രാദേശിക മാധ്യമം ഇപ്പോള്‍ പ്രസിദ്ധീകരിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ ടി ആക്റ്റ് പ്രകാരമാണ് കേസ്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ എന്തിനാണ് വിദ്യാര്‍ഥിനിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നു മനസിലാകുന്നില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സുല്‍ത്താനക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്നും അന്വേഷണം നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017 ജൂണിലാണ് രഹ്‌ന സുല്‍ത്താന ബീഫ് കഴിക്കുന്നതിനോട് സമാനമായ ചിത്രം തന്റെ ഫേസ്ബുക്കില്‍ ഇട്ടത്. മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്തതായി വിദ്യാര്‍ഥിനി പറഞ്ഞു. ദേശീയ പൗരത്വ രജിസ്‌ട്രേഷനില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ താന്‍ സഹായിച്ചതോടെയാണ് ഇത് ഇപ്പോള്‍ പൊങ്ങിവന്നതെന്നും യുവതി പ്രതികരിച്ചു. ദേശീയ പൗരത്വ പ്രശ്‌നം ഉയര്‍ന്ന സമയത്ത് രജിസ്‌ട്രേഷന് വേണ്ടി യുവതി നിരവധി പേരെ സഹായിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ കേസ് സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് കരുതുന്നത്.