മൂന്നു ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയ്ക്കു വിട്ട് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

Web Desk
Posted on November 28, 2018, 2:05 pm

യു വിക്രമൻ 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനെതിടെ മൂന്നു ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

ഈ സര്‍ക്കാര്‍ വിശ്വാസികളുടെ  താത്പര്യ സംരക്ഷിക്കുമെന്നും എന്നാല്‍ വിശ്വാസത്തിന്‍റെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനത്തിന്‍റെ പാരമ്പര്യം അവകാശപ്പെടാവുന്ന സംഘടനയാണ്, എന്നാല്‍ അവര്‍ സംഘികളുടെ ഭാഷയില്‍ സംസാരിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായി  കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടായിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.

കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ദര്‍ശനം നടത്താന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തി മുന്നോട്ട് പോകും. അതേസമയം കലാപമുണ്ടാക്കുന്നതിന് നിശ്ചയിച്ചുറച്ച് ശബരിമലയിലെത്തുന്നവരെ തടയും. അവിടം സമരഭൂമിയാക്കാന്‍ അനുവദിക്കില്ല.

ദേവസ്വംബോര്‍ഡിന് സ്വന്തം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ആരും എതിര് നില്‍ക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.