സഭ ഇന്നത്തേക്ക് പിരിഞ്ഞു

Web Desk
Posted on November 29, 2018, 9:41 am

യു വിക്രമന്‍

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് നടപടികള്‍ 5 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള റദ്ദാക്കി ശബരിമല വിഷയത്തെ കുറിച്ചുള്ള അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇത് രണ്ടാം ദിവസമാണ് തുടര്‍ച്ചയായി ഈ വിഷയത്തില്‍ സഭ സ്തംഭിക്കുന്നത്.

പ്രതിപക്ഷം പ്ലക്കാര്‍ഡുകളും മുദ്രാ വാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ അംഗങ്ങളെ ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചെങ്കിലും അവര്‍ അതിനു വിസമ്മതിച്ചു. തുടര്‍ന്ന് ചോദ്യോത്തരവും ശ്രദ്ധ ക്ഷണിക്കലും ഒഴിവാക്കി രണ്ട് ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മറ്റിക്ക് അയച്ചുകൊണ്ട് സഭാ നടപടികള്‍ സ്പീക്കര്‍ അവസാനിപ്പിച്ചു.

ഇന്നലെ ശബരിമല വിഷയം വിശദമായി സഭ ചര്‍ച്ച ചെയ്തത്കൊണ്ട് ഇന്ന് ഇക്കാര്യം വീണ്ടും ചര്‍ച്ചയ്ക്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ വിഷയത്തില്‍ ഇതുപോലെ ബഹളം തുടരാനാണ് പ്രതിപക്ഷ തീരുമാനം.