Web Desk

തിരുവനന്തപുരം:

February 01, 2021, 9:38 pm

നിയമസഭ തെരഞ്ഞെടുപ്പ്: മാർഗനിർദ്ദേശങ്ങൾ ചർച്ച ചെയ്തു

Janayugom Online

നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തപാൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12ഡി ഫോറത്തിൽ അതത് വരണാധികാരിക്ക് അപേക്ഷ നൽകണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ ഇത്തരത്തിൽ തപാൽ വോട്ടിന് അപേക്ഷിക്കാം. തപാൽ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തിൽ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വീടുകളിൽ ഇവ നൽകും. ടീമിൽ രണ്ടു പോളിംഗ് ഓഫീസർമാർ, ഒരു പൊലീസ് സെക്യൂരിറ്റി, ഒരു വീഡിയോഗ്രാഫർ എന്നിവരുണ്ടാകും. ഇവർ ബാലറ്റ് നൽകാൻ പോകുന്ന സമയക്രമം സ്ഥാനാർത്ഥികളെ മുൻകൂട്ടി അറിയിക്കും. ഇതുപ്രകാരം സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്കും സ്ഥലത്ത് എത്താനാകുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

നാമനിർദ്ദേശപത്രിക ഓൺലൈനായും സമർപ്പിക്കാം. ഓൺലൈൻ പ്രിന്റുമായി വരണാധികാരിക്കു മുന്നിൽ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹനജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. അടുത്ത ജാഥ ഒരെണ്ണം പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അനുവദിക്കൂ. കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉൾപ്പെട്ട സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ എന്തുകൊണ്ടു മറ്റ് സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാനായില്ല എന്ന വിശദീകരണം കൂടി രാഷ്ട്രീയകക്ഷികൾ നൽകേണ്ടിവരുമെന്നും ഓഫീസർ അറിയിച്ചു. ഒരു ബൂത്തിൽ പരമാവധി 1,000 വോട്ടർമാരാണുണ്ടാവുക. ആയിരത്തിലധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ പ്രത്യേകമായി ഏർപ്പെടുത്തും.

തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നത് സംബന്ധിച്ച അഭിപ്രായം ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികളോട് അദ്ദേഹം നിർദ്ദേശിച്ചു. രാഷ്ട്രീയപാർട്ടികൾക്ക് വോട്ടർപട്ടിക സംബന്ധിച്ചും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പരാതികളും ഉണ്ടെങ്കിൽ രേഖാമൂലം നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘം കേരളത്തിലെത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ രാഷ്ട്രീയകക്ഷികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ENGLISH SUMMARY: Assem­bly Elec­tion: Guide­lines discussed

YOU MAY ALSO LIKE THIS VIDEO