അനിൽകുമാർ ഒഞ്ചിയം

മണ്ഡല കാലം കോഴിക്കോട് സൗത്ത്

March 11, 2021, 11:50 am

കല്ലായിത്തീരത്ത് വീശുന്നത് മാറ്റത്തിന്റെ കാറ്റ്

Janayugom Online

കടലിന്റെ മണവാട്ടിയായ കല്ലായിപ്പുഴയും പൗരാണികത തുടിക്കുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയും സാമൂതിരിക്കാലത്തെ തളി ക്ഷേത്രവും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട് സൗത്ത്. കോഴിക്കോട് കോർപ്പറേഷനിലെ 16 വാർഡുകളാണ് ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 78,610 സ്ത്രീ വോട്ടർമാരും 73,578 പുരുഷ വോട്ടർമാരും രണ്ട് ട്രാൻസ് ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 1,52,190 വോട്ടർമാരാണ് നിലവിൽ മണ്ഡലത്തിലുള്ളത്. ഇടതുപക്ഷത്തേയും ഐക്യമുന്നണിയേയും ഒരുപോലെ സ്വീകരിച്ച പാരമ്പര്യമാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റേത്. എന്നാൽ വികസനത്തിലൂന്നിയുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പ്രവർത്തനം മണ്ഡലത്തിന്റെ മുഖഛായതന്നെ മാറ്റിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർ.

സ്വാതന്ത്ര്യസമരത്തിന്റെ തുടിക്കുന്ന ഓർമ്മകളിരമ്പുന്ന കോഴിക്കോട് കടപ്പുറം അതിരിടുന്ന കോഴിക്കോട് സൗത്ത് മണ്ഡലം 2011 ലാണ് രൂപീകരിച്ചത്. അതുവരെ കോഴിക്കോട് ‑2 എന്ന പേരിലായിരുന്നു മണ്ഡലം അറിയപ്പെട്ടിരുന്നത്. ഉറച്ച മതനിരപേക്ഷ‑കമ്മ്യൂണിസ്റ്റ് അടിത്തറയുള്ള മണ്ഡലമാണിത്. തൊഴിലാളികൾക്ക് പുതുജീവൻ നൽകിയ തിരുവണ്ണൂർ കോട്ടൺ മില്ലും സർക്കാർ മേഖലയിലെ സൈബർ പാർക്കും ഈ മണ്ഡലത്തിലാണ്. അഞ്ഞൂറോളം തൊഴിലാളികളെ പട്ടിണിയിലാക്കി യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ കോട്ടൺ മിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിമൂലമാണ് തുറന്നു പ്രവർത്തിപ്പിക്കാനായത്. ഗവ. സൈബർ പാർക്കിലൂടെ സാങ്കേതിക മുന്നേറ്റത്തിന് തുടക്കമിട്ടതും എൽഡിഎഫാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ കൂടുതൽ തവണയും ഇടതുപക്ഷത്തെ പിന്തുണച്ച ചരിത്രമാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിനുള്ളത്. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി കുമാരനാണ് ഇവിടെ വിജയം വരിച്ചത്. 1960 ലും ഇദ്ദേഹം വിജയം ആവർത്തിച്ചു. പി എം അബൂബക്കർ അഞ്ചു തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു എന്ന സവിശേഷതയും കോഴിക്കോട് സൗത്തിനുണ്ട്. 1965 ൽ ഇടതുപക്ഷ പിന്തുണയോടെയാണ് സ്വതന്ത്രനായി ആദ്യം ഇദ്ദേഹം വിജയിച്ചത്. 1967 ൽ സപ്തകക്ഷി മുന്നണിയുടെ പിന്തുണയോടെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. 1970 ൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച കല്പള്ളി മാധവ മേനോനോട് പരാജയപ്പെട്ടു. 1977 ലും 1980 ലും 1983 ലും മുസ്‌ലിം ലീഗ് കോൺഗ്രസ് മുന്നണിയിൽ ചേർന്നെങ്കിലും അഖിലേന്ത്യാ ലീഗ് ഇടതുപക്ഷ ചേരിയിലായിരുന്നു. ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് പിന്തുണയോടെ അഖിലേന്ത്യാ ലീഗിന്റെ സ്ഥാനാർത്ഥിയായി പി എം അബൂബക്കർ സീറ്റ് നിലനിർത്തി. 1980 ൽ നായനാർ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയുമായി. അഖിലേന്ത്യാ ലീഗ് മുസ്‌ലിം ലീഗിൽ ലയിച്ചതിനു ശേഷമുള്ള 1987 ലെ തെരഞ്ഞെടുപ്പിലും മണ്ഡലം എൽഡിഎഫ് പിടിച്ചെടുത്തു. ഈ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫിലെ സിപിഐ എം സ്ഥാനാർത്ഥി സി പി കുഞ്ഞു നിയമസഭയിലെത്തിയത്.

1991 ൽ മുസ്‌ലിം ലീഗിലെ എം കെ മുനീർ തെരഞ്ഞെടുക്കപ്പെട്ടു. സി പി കുഞ്ഞുവായിരുന്നു എതിർ സ്ഥാനാർത്ഥി. 1996 ൽ സിപിഐ എമ്മിലെ എളമരം കരീമിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. മുസ്‌ലിം ലീഗിലെ ഖമറുന്നീസ അൻവറിനെ 9000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരീം പരാജയപ്പെടുത്തിയത്. 2001 ൽ എളമരം കരീമിനെ ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി മുസ്‌ലിം ലീഗ് ടി പി എം സാഹിർ വിജയിയായി. 2006 ലെ തെരഞ്ഞെടുപ്പിൽ ഐഎൽഎൽ സ്ഥാനാർത്ഥി അഡ്വ. പി എം എ സലാമിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. 2011 ലും 2016 ലും എം കെ മുനീറാണ് വിജയിച്ചത്. 2011 ൽ സി പി മുസാഫർ അഹമ്മദും 2016 ൽ എ പി അബ്ദുൾ വഹാബുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥികൾ.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 6 വാർഡുകളിലും യുഡിഎഫ് 8 വാർഡുകളിലും എൻഡിഎ ഒരു വാർഡിലും വിജയിച്ചു. എന്നാൽ വോട്ടുകളുടെ എണ്ണത്തിൽ എൽഡിഎഫിന് ഭൂരിപക്ഷമുണ്ട്. എൽഡിഎഫിന് 31,441 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് 28,411 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ 11,085 വോട്ട് നേടി.
മണ്ഡലത്തെ പ്രതിനിധീകരിച്ചവർ: 1957, 1960- പി കുമാരൻ, 1965, 1967‑പി എം അബൂബക്കർ, 1970- കൽപ്പള്ളി മാധവമേനോൻ, 1977, 1980, 1982- പി എം അബൂബക്കർ, 1987- സി പി കുഞ്ഞു, 1991- എം കെ മുനീർ, 1996- എളമരം കരീം, 2001 — ടിപിഎം സാഹിർ, 2006- അഡ്വ. പിഎംഎ സലാം, 2011, 2016- എം കെ മുനീർ.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം കെ മുനീറിന് 49,863 വോട്ടും എൽഡിഎഫിലെ എ പി അബ്ദുൾ വഹീബിന് 43,536 വോട്ടും ബിഡിജെഎസ്സിലെ സതീഷ് കുറ്റിയിലിന് 19,346 വോട്ടും ലഭിച്ചു. 6327 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനീറിന് ലഭിച്ചത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിെഫ് 40,877 വോട്ടും യുഡിഎഫ് 54,608 വോട്ടും എൻഡിഎ 20,173 വോട്ടും മണ്ഡലം പരിധിയിലെ വിവിധ വാർഡുകളിൽ നിന്നും നേടി. എന്നാൽ 2020ൽ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 3000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം എൽഡിഎഫിനാണ്.