‘ഞങ്ങടെ സമരം തീര്‍ക്കണമേ’

Web Desk
Posted on December 06, 2018, 11:30 pm
thiranottam

മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സമരം ഒന്ന് തീര്‍ക്കണം. ചോദേ്യാത്തരവേള മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആവശ്യമായിരുന്നു അത്. പല ഘട്ടത്തില്‍ പ്രതിപക്ഷം ആ ആവശ്യം ഉന്നയിച്ചു. സര്‍ക്കാരിന് ഒരു കാര്യത്തിലും പിടിവാശിയില്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ വ്യവസായമന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. സമാധാനപരമായ സാഹചര്യം ഉണ്ടായാല്‍ ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം ആലോചിക്കും. സാധാരണ നില പുനഃസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമം. തീര്‍ഥാടനത്തിന് ഒരു തടസവും ഇപ്പോഴില്ല. പ്രതിപക്ഷം സമരം പിന്‍വലിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
നിയമസഭാ സമ്മേളനം ഇന്നലെ തുടങ്ങിയതു മുതല്‍ ‘സമരം ഒന്നു തീര്‍ത്തുതരണമേ’ എന്ന അഭ്യര്‍ഥനയാണ് പ്രതിപക്ഷം മുഴക്കിയത്. ചോദേ്യാത്തരവേള തുടങ്ങിയ ഉടന്‍തന്നെ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ചോദേ്യാത്തരവേളയിലും ശബരിമല തന്നെയായിരുന്നു മുഖ്യവിഷയം. പി ഐഷാപോറ്റി ചോദ്യം ചോദിക്കാന്‍ എണീറ്റപ്പോള്‍ ബഹളമായി. ‘സഭയിലെ വനിതാ അംഗമാണ്. സഹിഷ്ണതയോടെ കേള്‍ക്കണം’- സ്പീക്കര്‍ അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് കെണിയില്‍ പെട്ടിരിക്കുകയാണെന്നും നെറികെട്ട രാഷ്ട്രീയം അവര്‍ ഉപേക്ഷിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു. ‘മതേതര രാഷ്ട്രീയം നിങ്ങള്‍ കളഞ്ഞുകുളിച്ചില്ലേ. വര്‍ഗീയവാദികള്‍ക്ക് ഒപ്പം സഞ്ചരിക്കുകയല്ലേ’- മന്ത്രി ചോദിച്ചു. ‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു വാശിയുമില്ല. ഇടതുമുന്നണി തീരുമാനമെടുത്താല്‍ പതിനായിരക്കണക്കിന് യുവതികള്‍ ശബരിമലയിലെത്തും. അവരെ ആര്‍ക്കും തടയാനും ആവില്ല’- കടകംപള്ളി സുരേന്ദ്രന്‍ ഉറച്ച സ്വരത്തില്‍ വ്യക്തമാക്കി.
ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരല്ല. സാമൂഹ്യവിരുദ്ധരെ ശബരിമലയില്‍ കടന്നുവന്ന് കലാപം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മാധ്യമനിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് വിഷയമാക്കിയത്. കെ സി ജോസഫാണ് വിഷയം അവതരിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി വ്യക്തമാക്കിയ മന്ത്രി ഇ പി ജയരാജന്‍ ഇത്തരം ആരോപണങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചപ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി.
സംസ്ഥാനത്ത് ആട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം മന്ത്രി എ കെ ശശീന്ദ്രന്‍ സഭയെ അറിയിച്ചു.
കേരള പൊലീസ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയായിരുന്നു ആദ്യം. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി എ കെ ബാലനാണ് ബില്‍ അവതരിപ്പിച്ചത്. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടിന് വിയോജനകുറിപ്പെഴുതിയ കെ എം മാണി കോടതിവിധിയെ മറികടക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നത് ഖേദകരമാണെന്ന് പറഞ്ഞു.
വിപ്ലവകരമായ മാറ്റങ്ങള്‍ പൊലീസ് നയത്തില്‍ വരുത്തിയെന്നായിരുന്നു സിപിഐ(എം)ലെ എ എന്‍ ഷംസീറിന്റെ പക്ഷം.
കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ നിയമസഭ പാസാക്കിയ നിയമം സുപ്രിംകോടതി റദ്ദാക്കിയ കാര്യം വിമര്‍ശിക്കാന്‍മുതിര്‍ന്ന കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് താന്‍ കൂടി കൈപൊക്കിയാണ് നിയമം പാസാക്കിയതെന്ന കാര്യം മറന്നുപോയി.
ഡിജിപി നിയമനം സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണം അടൂര്‍ പ്രകാശ് മുഖ്യവിഷയമാക്കിയപ്പോള്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല.
പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്ക് മുന്നില്‍ വരുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന് മന്ത്രി എ കെ ബാലന്‍ വിശദീകരിച്ചു.
മന്ത്രിയുടെ മറുപടിക്കിടയില്‍ ബഹളം വച്ച് ചോദ്യം ഉന്നയിച്ച മുസ്‌ലിം ലീഗിലെ പി കെ ബഷീര്‍ സിപിഎം സ്ത്രീവിരുദ്ധരാണെന്ന് സ്ഥാപിക്കാനുള്ള വൃഥാശ്രമം നടത്തി. ഏകമതവിശ്വാസികള്‍ ബഹുമത വിശ്വാസികളായി കപട വിശ്വാസികളാകുകയാണെന്ന് മന്ത്രി ബാലന്‍ തിരിച്ചടിച്ചു.
പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി മുമ്പാകെ ഫയല്‍ ചെയ്ത പരാതികള്‍ സംസ്ഥാന അതോറിറ്റിയുടെയോ ജില്ലാ അതോറിറ്റിയുടെയോ ചെയര്‍പേഴ്‌സണോ അല്ലെങ്കില്‍ അംഗങ്ങള്‍ക്കോ ഒറ്റയ്‌ക്കോ, കൂട്ടായോ തീരുമാനമെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
കോഴിക്കോട് സര്‍വകലാശാല സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണബില്‍ അവതരിപ്പിക്കാന്‍ മന്ത്രി കെ ടി ജലീല്‍ എണീറ്റ ഉടനെ ബഹളമായി. തങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് പ്രതിപക്ഷം സഭ വിട്ടു. ഹ്രസ്വമായ ചര്‍ച്ചയെത്തുടര്‍ന്ന് ബില്‍ സഭ പാസാക്കി. കോഴിക്കോട് സര്‍വകലാശാലയില്‍ സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണത്തിനുള്ളതാണ് ബില്‍.