Web Desk

തിരുവനന്തപുരം

March 13, 2021, 8:00 pm

അടിയുടെ പൊടിപൂരം

Janayugom Online

ലീഗില്‍ പ്രതിഷേധം കനത്തു, പ്രവര്‍ത്തകര്‍ കൂട്ടമായി പാണക്കാട്ട്

സുരേഷ് എടപ്പാള്‍

പ്രാദേശിക കമ്മിറ്റികളുടെ താല്പര്യങ്ങളെ പൂര്‍ണമായും തള്ളി ഏകപക്ഷീയമായി നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ ലീഗിൽ കനത്ത പ്രതിഷേധം. പാണക്കാട് തങ്ങള്‍ അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് പരസ്യമാക്കി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വജനപക്ഷപാതമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രകടമായിരിക്കുന്നതെന്ന് പല നേതാക്കളും തുറന്നടിച്ചു. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് കബീര്‍, പി എം എ സാലം, സി പി ബാവഹാജി, അഷ്‌റഫ് കോക്കൂര്‍, അബ്ദുറബ്ബ്, എം റഹ്മത്തുള്ള, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ എന്‍ മുത്തുക്കോയ തങ്ങള്‍ തുടങ്ങി പല നേതാക്കളെയും പറഞ്ഞു പറ്റിച്ചെന്ന ആരോപമാണ് ഉയര്‍ന്നിരിക്കുന്നത്.

തിരൂരങ്ങാടി, കളമശ്ശേരി മണ്ഡലങ്ങളില്‍ നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പ്രവര്‍ത്തകരും നേതാക്കളും പരസ്യമായ നിലപാടെടുത്തു. ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കനത്ത വികാരമാണ് തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, താനൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ഉടലെടുത്തിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ലീഗ് മണ്ഡലം കമ്മിറ്റി കടുത്ത പ്രതിഷേധത്തിലാണ്. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലാണ് മജീദിനെ പരിഗണിച്ചത്. മണ്ഡലം കമ്മിറ്റികള്‍ എതിര്‍ത്തതോടെ മാറ്റി. രാജ്യസഭാ സീറ്റ് നല്‍കി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും മജീദ് വഴങ്ങിയില്ല. ഒടുവില്‍ തിരൂരങ്ങാടിയില്‍ സീറ്റ് നല്‍കുകയായിരുന്നു. തിരൂരങ്ങാടി പ്രതീക്ഷിച്ച പി എം എ സലാമിനെ വെട്ടിമാറ്റിയാണ് കെ പി എ മജീദിനെ തിരുകി കയറ്റിയിരിക്കുന്നത്. സിറ്റിങ് എംഎല്‍എ പി കെ അബ്ദുറബ്ബ് സഹോദരന്‍ പി കെ അന്‍വര്‍ നഹക്കായി ചരട് വലിച്ചെങ്കിലും അതു നടന്നില്ല. ഇന്നലെ രാവിലെ 300 ഓളം പ്രവര്‍ത്തകര്‍ പാണക്കാട്ടെത്തി കെ പി എ മജീദിനെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തോല്‍വി ഉറപ്പാണെന്ന് മുന്നറിയിപ്പ് നല്‍കി.

കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെ ജില്ലാകമ്മിറ്റി ഒന്നടങ്കം രംഗത്തെത്തി. കൊടുവള്ളിയിലെ സ്ഥാനാര്‍ത്ഥി എം കെ മൂനീറിനെയും കോഴിക്കോട് സൗത്തിലെ നൂര്‍ബീന റഷീദിനെയും അംഗീകരിക്കാനാവില്ലെന്ന് പ്രാദേശിക നേതാക്കള്‍ തുറന്നടിച്ചു. മുനീറിന്റെ വീട്ടിലെത്തിയാണ് കൊടുവള്ളി വിടാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സിറ്റിങ് എംഎല്‍എ മഞ്ഞളാംകുഴി അലി തോല്‍വി ഭയന്ന് മങ്കടയിലേക്ക് ചേക്കേറി. എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലിയെ പോലുള്ള മലപ്പുറം ജില്ലയിലെ മികച്ച നേതാക്കളെ തഴഞ്ഞാണ് കോഴിക്കോട്ടുകാരനായ നജീബ് കാന്തപുരത്തിനെ പെരിന്തല്‍മണ്ണയില്‍ കെട്ടിയിറക്കിയത്. താനൂരില്‍ സീറ്റിനായി അബ്ദുറഹ്മാന്‍ രണ്ടത്താണി ചരടുവലിച്ചെങ്കിലും ഫലിച്ചില്ല. അവിടേയും പി കെ ഫിറോസിനെ കോഴിക്കോട്ടു നിന്ന് ഇറക്കുമതി ചെയ്തിരിക്കയാണ്. മഞ്ചേരിയിലും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് തള്ളിയാണ് അഡ്വ. യു എ ലത്തീഫിന് സീറ്റ്. വള്ളിക്കുന്നില്‍ പി അബ്ദുള്‍ ഹമീദിനും ഏറനാട് പി കെ ബഷീറിനും വീണ്ടും അവസരം നല്‍കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതും പരിഗണിച്ചില്ല. സീറ്റ് കിട്ടിയില്ലെങ്കില്‍ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുമെന്ന ഭീഷണി മുഴക്കിയാണ് കെ എന്‍ എ ഖാദര്‍ ഗുരുവായൂര്‍ സീറ്റ് ഒപ്പിച്ചെടുത്തത്. ഇവിടെ ഖാദറിനെതിരെയും ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ മണ്ഡലങ്ങളില്‍ പ്രചാരണം തുടങ്ങി കഴിഞ്ഞെന്നും പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പട്ടികയില്‍ ഇനി മാറ്റം ഉണ്ടാകില്ലെന്നും പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

വ്യവസായിയുമായി ലീഗ്, എതിർപ്പുമായി കോൺഗ്രസ്

കെ കെ ജയേഷ്

പേരാമ്പ്രയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർ ശക്തമാക്കവെ മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി സീറ്റ് ലഭിച്ച മുസ്‌ലിം ലീഗ്. കഴിഞ്ഞ ദിവസം ലീഗ് പട്ടിക പുറത്തുവിട്ടപ്പോൾ പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. വ്യവസായിയും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമായ സി എച്ച് ഇബ്രാഹിംകുട്ടിയെയാണ് ലീഗ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. നിയോജകമണ്ഡലം ലീഗ് കമ്മിറ്റി ഇതിനോട് യോജിക്കുന്നില്ല. ലീഗുകാരനായ സ്ഥാനാർത്ഥി വേണമെന്നാണ് അവരുടെ നിലപാട്. അല്ലെങ്കിൽ മണ്ഡലം കോൺഗ്രസിന് നൽകുന്നതാണ് നല്ലതെന്നും മണ്ഡലം ലീഗ് നേതാക്കൾ പറയുന്നു. ഇക്കാര്യങ്ങൾ അറിയിക്കാൻ മണ്ഡലത്തിലെ നേതാക്കൾ കഴിഞ്ഞ ദിവസം പാണക്കാട് പോയിരുന്നു. പണം വാങ്ങിയാണ് ഇബ്രാഹിം കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്നതെന്നാണ് ലീഗ് പ്രവർത്തകരുടെ ആരോപണം. ഇതിനിടെ സിഎംപി നേതാവ് സി പി ജോണിനെ മത്സരിപ്പിക്കാനുള്ള നീക്കവും ചില ലീഗ് നേതാക്കൾ ഇടപെട്ട് നടത്തുന്നുണ്ട്.

കുന്നമംഗലത്തെപ്പോലെ യുഡിഎഫ് സ്വതന്ത്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. എന്നാൽ ഈ നീക്കങ്ങളോടൊപ്പം സംസ്ഥാന നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല. പേരാമ്പ്ര സീറ്റ് ലീഗിന് നൽകിയതിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസിലുള്ളത്. മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേടുകൊണ്ടാണ് കോൺഗ്രസിന് സീറ്റ് നഷ്ടമായതെന്നാണ് ഇവരുടെ ആരോപണം. ലീഗ് ആവശ്യപ്പെടാതെ തന്നെ പേരാമ്പ്ര സീറ്റ് അവർക്ക് നൽകാൻ തീരുമാനമെടുത്ത നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധമായ സമീപനത്തിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു നീക്കം. ലഭിച്ച സീറ്റ് ലീഗ് പണം വാങ്ങി വ്യവസായിക്ക് നൽകാൻ നീക്കം നടത്തുന്നതിലും കോൺഗ്രസ് പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ട്. ജില്ലയിൽ കൊടുവള്ളിയിലും കുന്നമംഗലത്തും കോഴിക്കോട് സൗത്തിലും ഉൾപ്പെടെ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ലീഗ് അണികൾ. എം കെ മുനീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ കൊടുവള്ളിയിലെ ലീഗ് പ്രവർത്തകർ മുനീറിന്റെ വസതിയിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധവുമായെത്തിയിരുന്നു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ മണ്ഡലം കമ്മിറ്റിയും പ്രതിഷേധത്തിലാണ്.

കുന്നമംഗലത്ത് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ സ്വതന്ത്രനായി ഇറക്കിയതിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം. ഡിസിസി ജനറൽ സെക്രട്ടറിയായി തുടരുന്ന ദിനേശിനെപ്പോലെ ഒരാളെ ലീഗ് സീറ്റിൽ മത്സരിപ്പിക്കേണ്ട ആവശ്യമെന്താണെന്നാണ് ചോദ്യം ഉയരുന്നത്. ഇതേ സമയം കോലീബി സഖ്യനീക്കമാണ് കുന്നമംഗലത്ത് നടക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ബിജെപിക്ക് എംഎൽഎമാരെ വിൽക്കുന്ന കോൺഗ്രസ് മുസ്‌ലിം ലീഗിന് സ്ഥാനാർത്ഥിയെ വാടകയ്ക്ക് നൽകാനും തുടങ്ങിയെന്നാണ് പരിഹാസം ഉയരുന്നത്.

കൊല്ലത്തും പൊട്ടിത്തെറി

 

ബിന്ദുകൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നിഷേധിക്കുന്നതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവർത്തകർക്ക് മുന്നിൽ ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. കൊല്ലത്തെ സ്ഥാനാർത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും യോഗത്തിൽ പറഞ്ഞു. ബിന്ദുവിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇരവിപുരം മണ്ഡലത്തിലും ഇതിന്റെ അലയൊലികളുണ്ട്. കൊല്ലം സീറ്റിൽ പി സി വിഷ്ണുനാഥിനെയാണ് എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നത്. ബിന്ദുവിനെ ഐ ഗ്രൂപ്പും പിന്തുണയ്ക്കുന്നു. വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാനായി കനത്ത സമ്മർദ്ദമാണ് ഉമ്മൻചാണ്ടി ചെലുത്തുന്നത്. ഇതേ തുടർന്ന് കുണ്ടറ സീറ്റിൽ മത്സരിക്കാൻ രമേശ് ചെന്നിത്തല ബിന്ദുകൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. എന്നാല്‍ കൊല്ലത്ത് അല്ലാതെ വേറൊരു സീറ്റിലും മത്സരിക്കാനില്ലെന്നുള്ള ഉറച്ച നിലപാടിലാണ് ബിന്ദുകൃഷ്ണ. പുനലൂര്‍ സീറ്റ് ലീഗിന് നല്‍കിയതിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ലീഗ് മത്സരിച്ചാല്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

പാലക്കാട്ട് പേയ്‌മെന്റ് വിവാദത്തിൽ

 

പെയ്‌മെന്റ് സീറ്റുകൾക്കെതിരെ പാലക്കാട് ജില്ലയിലെ മലമ്പുഴയിലും നെന്മാറയിലും കോൺഗ്രസ് പ്രതിഷേധം തുടരുന്നു. മലമ്പുഴ മണ്ഡലത്തിൽ കേട്ടുകേൾവിയില്ലാത്ത ജനതാദൾ യുഡിഎഫ് എന്ന പേരിലുള്ള സംഘടനയ്ക്ക് സീറ്റ് നൽകിയതിലും നെന്മാറ സിഎംപിക്കു നൽകിയതിലും പാലക്കാട് ജില്ലയിൽ പ്രതിഷേധം വ്യാപകമാണ്. ഇന്നലെ രാവിലെ ഡി സിസി ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിന് കോ ൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസ് നേതൃത്വം മലമ്പുഴയിൽ നൽകിയ പെയ്‌മെന്റ് സീറ്റാണെന്ന് ഇടഞ്ഞു നിൽക്കുന്ന മുൻ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും ആരോപിച്ചു. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിനെതിരെയും പ്രതിഷേധം ഉയർന്നു തുടങ്ങി.

കലഹ മുന്നണിയായി യുഡിഎഫ്

സുരേന്ദ്രന്‍ കുത്തനൂര്‍

സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചിട്ടില്ലാത്ത കോൺഗ്രസിലും പ്രഖ്യാപിച്ച ലീഗ്, കേരള കോൺഗ്രസ് പാർട്ടികളിലും ഉൾപ്പെടെ യുഡിഎഫില്‍ വ്യാപകമായ പൊട്ടിത്തെറി. തൃശൂര്‍ ജില്ലയില്‍ ചാലക്കുടി, കയ്പമംഗലം, മണലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ കോൺഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രകടനങ്ങള്‍ തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശി എംപി ജാക്സന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിലും ചാലക്കുടിയില്‍ പ്രാദേശിക സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാവശ്യപ്പെട്ട് അവിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ചാലക്കുടിയില്‍ ടി ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 33 കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാര്‍ രാജിവച്ചു. ജാക്സന് സീറ്റ് നിഷേധിച്ചാല്‍ ഇരിങ്ങാലക്കുടയിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. 35 വര്‍ഷമായി ഘടകകക്ഷികള്‍ക്കു നല്‍കുന്ന സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട നല്‍കി പകരം ചാലക്കുടി സീറ്റ് എംപി ജാക്സന് നല്‍കാമെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നത്. ഇത് പാലിക്കാതായപ്പോഴാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നു പറഞ്ഞ് മണലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനവുമായി തെരുവിലിറങ്ങി. പാലക്കാട്ടെ തരൂര്‍, മലമ്പുഴ, കോങ്ങാട്, നെന്മാറ മണ്ഡലങ്ങളിലാണ് പരസ്യ പ്രതിഷേധം.

മലമ്പുഴ ഘടകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെയായിരുന്നു കോണ്‍ഗ്രസ് പ്രകടനം. ഇന്നലെ പുതുശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ കണ്‍വന്‍ഷനും സംഘടിപ്പിച്ചു. ഇതോടെ മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാവ് അഡ്വ.ജോണ്‍ ജോണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. കോങ്ങാട് സീറ്റ് ലീഗിന് നല്‍കിയതിലാണ് പ്രതിഷേധം. തരൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്ന് വടക്കഞ്ചേരി ഭാഗത്ത് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഘടകകക്ഷികള്‍ക്ക് ചോദിക്കാതെ തന്നെ സീറ്റ് നല്‍കുന്നത് കോണ്‍ഗ്രസിന് ശക്തിയില്ല എന്ന ധാരണകൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പ്രതികരിച്ചു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് പട്ടികയിലുള്ള കെ എസ് മനോജിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പത്തനംതിട്ട ജില്ലയിലെ ആറന്‍മുള ഐ ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ എ ഗ്രൂപ്പ് പരാതിയുമായി ഉമ്മന്‍ചാണ്ടിയെ കണ്ടു. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ സജീവ് ജോസഫിനെതിരെ ഡിസിസി ഭാരവാഹിയുള്‍പ്പെടെയുള്ളവര്‍ പരസ്യ സമരത്തിനിറങ്ങി.

കോൺഗ്രസ് ഹൈക്കമാൻഡിന് ശബ്‍ദമില്ലാതാവുന്നു

ആർ ഗോപകുമാർ

സംഘടന കെട്ടുറപ്പില്ലാത്ത കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയിൽ വാഗ്ദാനങ്ങൾ ലംഘിച്ചതിനെ ചൊല്ലി കൂട്ടയടി തുടരുമ്പോൾ ഹൈക്കമാൻഡിന് ശബ്‍ദമില്ലാതാവുന്നു. ഡൽഹിയിൽ രാഹുൽഗാന്ധി പറഞ്ഞ ഒത്തുതീർപ്പുകളിൽ മുഖം തിരിച്ചു നാട്ടിലെത്തിയ ഉമ്മൻചാണ്ടി തനിക്കായി പുതുപ്പള്ളിയിൽ നവീന നാടകം ഒരുക്കിയപ്പോൾ ചെന്നിത്തലയ്ക്കായി ശബ്ദം ഉയർത്താൻ ആരുമില്ലാതെപോയി. ഹരിപ്പാട് സീറ്റ് ചെന്നിത്തലക്കായി ഒഴിഞ്ഞു കൊടുത്ത ബാബു പ്രസാദിന്റെ ഗതി കണ്ടവർ ഇനി ചെന്നിത്തലയ്ക്കൊപ്പം നിൽക്കുമോയെന്ന് ആലപ്പുഴയിലെ ഐ കോൺഗ്രസുകാർ ചോദിക്കുന്നു. ഐ യിലെ ഭൂരിഭാഗം പ്രവർത്തകർ കെ സി വേണുഗോപാലിനൊപ്പം പോയതോടെ ചെന്നിത്തലയുടെ സ്വാധീനം നാമമാത്രമായി.

മദ്യവകുപ്പ് കൈകാര്യം ചെയ്ത് കോൺഗ്രസ് പണപ്പെട്ടി നിറച്ച കെ ബാബു തൃപ്പൂണിത്തുറ സീറ്റ് കിട്ടിയേ മതിയാവൂയെന്ന് തീർത്തു പറയുമ്പോൾ, ബാബുവിന് കൈത്താങ്ങാവാൻ ഉറച്ചു വന്ന ഉമ്മൻചാണ്ടിയ്ക്ക് നെതർലാൻഡിലെ മുൻ സ്ഥാനപതി വേണു രാജാമണിയെ വെച്ച് ചെക്ക് വെക്കാനാണ് ഐ ഗ്രൂപ്പ് ശ്രമം. ഇതിനിടയിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായ കെ വി തോമസ് മുൻ കൊച്ചി മേയർ സൗമിനി ജെയിനിനെ വനിത പ്രാതിനിധ്യമായി കൊണ്ടുവന്നതോടെ രംഗം ആകെ കലങ്ങി. ഐഎൻടിയുസി നേതാവായ കെ പി ഹരിദാസിന് സീറ്റ് നൽകിയില്ലെങ്കിൽ പാലം വലിക്കുമെന്ന് വൈപ്പിനിലെ പ്രവർത്തകർ കട്ടായം പറഞ്ഞുകഴിഞ്ഞു. ഇക്കാര്യം ഐഎൻടിയുസി സംസ്ഥാന നേതൃത്വം ശരിവയ്ക്കുകയും ചെയ്തു. കായംകുളത്തു അരീത ബാബുവിനെയാണ് നേതൃത്വം ആലോചിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും കെപിസി സി സെക്രട്ടറി ഇ സമീറിന് സീറ്റ് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം.

ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം നേതൃത്വം കളയരുതെന്ന് കെ മുരളീധരൻ

 

ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം നേതൃത്വം കളയരുതെന്ന് കെ മുരളീധരൻ എംപി. ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടേണ്ട ഒരു കാര്യവുമില്ല. ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പ്രതിഷേധം പണ്ടേയുണ്ട്. പ്രകടനവും പോസ്റ്റർ ഒട്ടിക്കലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വട്ടിയൂർക്കാവിൽ താൻ ആദ്യം ചെന്നപ്പോൾ എനിക്കെതിരെ പന്തംകൊളുത്തി പ്രകടനമുണ്ടായി. അവിടെ 16000 വോട്ടിനാണ് വിജയിച്ചത്. പന്തം കൊളുത്തി പ്രകടനവും പോസ്റ്റർ ഒട്ടിക്കലുമെല്ലാം ഇരുട്ടിന്റെ സന്തതികളുടെ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരനോ, അദ്ദേഹത്തിന്റെ മകനോ പ്രതിഫലം ചോദിച്ച് സ്ഥാനാർത്ഥിയായിട്ടില്ലെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പരോക്ഷമായി കെ മുരളീധരൻ വിമർശിക്കുകയും ചെയ്തു.

കെ ബാബുവിന് സീറ്റ് നൽകിയാലേ പുതുപ്പള്ളിയിൽ മത്സരിക്കൂ എന്ന് ഉമ്മൻചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു മുരളീധരന്റെ വിമർശനം. ഏത് ചുമതല ഏല്പിച്ചാലും ചെയ്യും. അതിന് പ്രത്യേകിച്ച് പ്രതിഫലം ചോദിക്കുന്ന ആളല്ല. മത്സരിക്കണമെങ്കിൽ മത്സരിക്കും. മാറി നിൽക്കണമെങ്കിൽ മാറി നിൽക്കും. പാർട്ടി എന്താവശ്യപ്പെട്ടാലും ചെയ്യുന്നതാണ് ശീലം. പാർട്ടിയിൽ തിരിച്ചെത്തിയതിന് ശേഷം ഹൈക്കമാൻഡ് ആവശ്യപ്പെട്ട ഏതു കാര്യവും അനുസരിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ പറഞ്ഞാൽ നേമത്ത് മത്സരിക്കുമോ എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ട. നേമത്തിന്റെ കാര്യത്തിൽ പ്രത്യേക ആശങ്കയുണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസഫിലും കോട്ടയത്തും കലഹം

 

സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും തുടരുകയാണ്. നിലവിലെ ഒന്‍പത് സീറ്റുകളില്‍ അഞ്ചെണ്ണമായിരുന്നു പി ജെ ജോസഫ് കോട്ടയത്ത് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഏറ്റുമാനൂര്‍, കടുത്തുരുത്തി, ചങ്ങനാശ്ശേരി സീറ്റുകളാണ് നല്‍കിയത്. ഏറ്റുമാനൂര്‍ സീറ്റില്‍ കണ്ണ് നട്ട് ഇരുന്ന യൂത്ത് കോണ്‍ഗ്രസ്-മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. സീറ്റ് ജോസഫിന് നല്‍കരുതെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം ഡിസിസി ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ചങ്ങനാശ്ശേരി സീറ്റ് ജോസഫ് വിഭാഗത്തിനാണെങ്കിലും ഇതിലും തമ്മിലടി തുടരുകയാണ്. മുന്‍ എംഎല്‍എ സി എഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ്, വി ജെ ലാലി എന്നിവരാണ് സീറ്റില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയാല്‍ കോണ്‍ഗ്രസ് റിബലായി താന്‍ മത്സരിക്കുമെന്ന് ആള്‍ കേരള റേഷന്‍ ഡീലേഴ്സ് കോണ്‍ഗ്രസ് നേതാവ് ബേബിച്ചന്‍ മുക്കാടന്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സീറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

ഏറ്റുമാനൂര്‍ സീറ്റില്‍ നിന്നും ഒഴിവാക്കിയ ലതിക സുഭാഷ് ഇവിടെ സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കോട്ടയത്ത് തിരുവ‌ഞ്ചൂരിനെതിരെ ശക്തമായ അഭിപ്രായ വ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലവിലുണ്ട്. പാര്‍ട്ടി താല്പര്യമല്ല, സ്വന്തം താല്പര്യമാണ് തിരുവഞ്ചൂരിനെ നയിക്കുന്നതെന്ന് കാട്ടി നഗരത്തില്‍ പലയിടത്തും കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവല്ല നിയമസഭ സീറ്റിൽ കുഞ്ഞുകോശി പോളിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്നും വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും ആരോപിച്ച് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് തന്നെ രംഗത്തുവന്നു. തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞു പറ്റിച്ചതായും വിക്ടർ ടി തോമസ് പറഞ്ഞു. പി ജെ ജോസഫിന്റെ വിശ്വസ്തൻ കുഞ്ഞുകോശി പോൾ അവസാനഘട്ടത്തിലാണ് സ്ഥാനാർത്ഥിയായത്.

കൂടുതൽ പേർ രാജിക്ക്

 

കാസർകോട് ജില്ലയിൽ സ്ഥാനാർത്ഥി നിർണയത്തിലും സീറ്റ്‌വച്ചുമാറലിലും ജില്ലാ നേതൃത്വത്തെ പരിഗണിക്കാതെ കെപിസിസി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിൽ പ്രതിഷേധിച്ച് ജില്ലയിലെ പത്തോളം ഡിസിസി നേതാക്കൾ രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ഇവർ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം രഹസ്യയോഗങ്ങളും ചേർന്നു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയെ ഉദുമയിലേക്ക് പരിഗണിക്കുന്നുവെന്ന വിവരങ്ങൾക്ക് പിന്നാലെ കൊടിപൊക്കിയ പൊട്ടിത്തെറിയാണ് ഇപ്പോൾ പാരമ്യത്തിലെത്തിയത്. ഡിസിസിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനവുമായി സംസ്ഥാന നേതൃത്വം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലാണ് അതൃപ്തി പരസ്യമാക്കി നേതാക്കൾ രംഗത്ത് എത്തിയത്. അതോടൊപ്പം കാലങ്ങളായി കോൺഗ്രസ് മത്സരിക്കുന്ന തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകുന്നതടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്താൻ പോലും നേതൃത്വം തയ്യാറായില്ലെന്ന് ജില്ലയിൽ നിന്നുള്ള നേതാക്കൾ ആരോപിക്കുന്നു. തൃക്കരിപ്പൂർ മണ്ഡലം ജോസഫ് ഗ്രൂപ്പിന് നൽകുമ്പോൾ അവർക്ക് അവിടെ ഒരു യൂണിറ്റ് പോലുമില്ലെന്നും അങ്ങനെയൊരവസരത്തിൽ കോൺഗ്രസിന്റെ സീറ്റ് വിട്ടു നൽകുന്നതിനോട് യോജിപ്പില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇതിനിടെ വെള്ളിയാഴ്ച രാത്രി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വീടിന് മുന്നിൽ കരിങ്കൊടികെട്ടുകയും പ്രകടനം നടത്തുകയും ചെയ്തു. മണ്ഡലം ഘടകക്ഷികള്‍ക്ക് നല്‍കിയത് കൂടിയാലോചനയില്ലാതെയാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവരാതെ എങ്ങനെയാണ് സ്ഥാനാര്‍ത്ഥികളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക എന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.

ENGLISH SUMMARY: assem­bly seat clash in congress

YOU MAY ALSO LIKE THIS VIDEO