11 February 2025, Tuesday
KSFE Galaxy Chits Banner 2

നിയമസഭാ സമ്മേളനം ജനുവരി 17 മുതൽ മാർച്ച് 28 വരെ

Janayugom Webdesk
തിരുവനന്തപുരം
January 15, 2025 9:40 pm

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 മുതൽ മാർച്ച് 28 വരെ നടക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025 — 26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും. ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരും ജനുവരി 20, 21, 22 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചനടത്തും. ഫെബ്രുവരി 7 വെള്ളിയാഴ്ച 2025 — 26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും.

ഫെബ്രുവരി 13 ന് 2024 — 25 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യത്ഥനകൾ പരിഗണിക്കും. തുടർന്ന് ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരുന്നതല്ല. ഈ കാലയളവിൽ വിവിധ സബ്‌ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്‌മ പരിശോധന നടത്തും.
മാർച്ച് 4 മുതൽ 26 വരെയുള്ള കാലയളവിൽ 13 ദിവസം 2025–26 വർഷത്തെ ധനാഭ്യർത്ഥനകൾ സഭ വിശദമായി ചർച്ച ചെയ്തു പാസ്സാക്കുന്നതാണ്. 2024–25 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2025–26 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്ന രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.